Kerala

കൊവിഡ് 19: മലപ്പുറത്ത് രോഗം ഭേദമായ രണ്ടുപേര്‍ നാളെ ആശുപത്രി വിടും

മുംബൈ താനെ ജില്ലയിലെ ബിവണ്ടിയില്‍ ഇളനീര്‍ വില്‍പ്പന കേന്ദ്രത്തിലെ തൊഴിലാളികളായ ഇരുവരും ഏപ്രില്‍ 11ന് ചരക്ക് ലോറിയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്രചെയ്താണ് കേരളത്തിലെത്തിയത്.

കൊവിഡ് 19: മലപ്പുറത്ത് രോഗം ഭേദമായ രണ്ടുപേര്‍ നാളെ ആശുപത്രി വിടും
X

മലപ്പുറം: ജില്ലയില്‍ കൊവിഡ് 19 ഭേദമായി തുടര്‍നിരീക്ഷണത്തില്‍ കഴിയുന്ന രണ്ടുപേരും നാളെ വീടുകളിലേയ്ക്ക് മടങ്ങും. കാലടി ഒലുവഞ്ചേരി സ്വദേശി 38 കാരന്‍, മാറഞ്ചേരി പരിച്ചകം സ്വദേശി 40 കാരന്‍ എന്നിവരാണ് രാവിലെ 10.30ന് കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രമായ മഞ്ചേരി ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് മടങ്ങുക. രോഗമുക്തരായ ശേഷം സ്റ്റെപ് ഡൗണ്‍ ഐസിയുവില്‍ തുടര്‍ നിരീക്ഷണത്തില്‍ കഴിയുകയാണിവര്‍. ഇവര്‍കൂടി ആശുപത്രി വിടുന്നതോടെ കൊവിഡ് ബാധിച്ച ചികില്‍സയില്‍ തുടര്‍ന്നിരുന്ന ആരും ഇനി ജില്ലയിലില്ല.

മുംബൈ താനെ ജില്ലയിലെ ബിവണ്ടിയില്‍ ഇളനീര്‍ വില്‍പ്പന കേന്ദ്രത്തിലെ തൊഴിലാളികളായ ഇരുവരും ഏപ്രില്‍ 11ന് ചരക്ക് ലോറിയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്രചെയ്താണ് കേരളത്തിലെത്തിയത്. കല്‍പ്പറ്റ വഴി ഏപ്രില്‍ 15 ന് ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് കോഴിക്കോടെത്തി. കോഴിക്കോട് നിന്ന് അരി കയറ്റിവന്ന ലോറിയില്‍ യാത്രചെയ്ത് വൈകീട്ട് ആറുമണിയ്ക്ക് രാമനാട്ടുകരയിലെത്തിയശേഷം അവിടെ നിന്ന് നടന്ന് ചേളാരിയിലെത്തി. രാത്രി 8.30ന് ചേളാരിയില്‍നിന്ന് ഓട്ടോറിക്ഷയില്‍ യാത്രതിരിച്ച് കാലടി സ്വദേശിയെ ചമ്രവട്ടം പാലത്തിനടുത്ത് ഇറക്കി. പിന്നീട് പരിച്ചകം സ്വദേശിയും വീട്ടിലെത്തി.

ഇരുവരും മുംബൈയില്‍ നിന്നെത്തിയ വിവരമറിഞ്ഞ് ആരോഗ്യപ്രവര്‍ത്തകര്‍ ഇടപെട്ട് ഏപ്രില്‍ 16ന് ഇവരെ വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലാക്കുകയായിരുന്നു. കാലടി സ്വദേശിയെ ഏപ്രില്‍ 23 നും മാറഞ്ചേരി സ്വദേശിയെ ഏപ്രില്‍ 26 നും 108 ആംബുലന്‍സുകളില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. കാലടി സ്വദേശിയ്ക്ക് മാര്‍ച്ച് 27 നും മാറഞ്ചേരി സ്വദേശിയ്ക്ക് ഏപ്രില്‍ 30 നുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

വിദഗ്ധചികില്‍സയ്ക്കും നിരന്തരമുള്ള സാമ്പിള്‍ പരിശോധനകള്‍ക്കും ശേഷം മെയ് നാലിനാണ് ഇരുവരും രോഗമുക്തരായതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ പ്രത്യേക ആംബുലന്‍സുകളിലാണ് ഇവരെ വീടുകളിലേയ്ക്ക് അയക്കുകയെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. വീട്ടിലെത്തിയാലും ആരോഗ്യജാഗ്രത ഉറപ്പാക്കി സ്വയം നിരീക്ഷണം തുടരണം. ഇവര്‍കൂടി മടങ്ങുന്നതോടെ ജില്ലയില്‍ കൊവിഡ് ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയവര്‍ 20 ആവും. കീഴാറ്റൂര്‍ പൂന്താനം സ്വദേശി രോഗം ഭേദമായി തുടര്‍ചികില്‍സയിലിരിക്കെ മരിച്ചിരുന്നു.

Next Story

RELATED STORIES

Share it