Kerala

ആരില്‍ നിന്നും രോഗം പകരുന്ന അവസ്ഥ: ആരോഗ്യമന്ത്രി

രോഗികള്‍ കൂടുന്ന അവസ്ഥയില്‍ ചികിത്സിക്കാന്‍ ആശുപത്രികളില്‍ സ്ഥലമില്ലാതെ വരും. ഇത് മുന്നില്‍ കണ്ടാണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്നത്.

ആരില്‍ നിന്നും രോഗം പകരുന്ന അവസ്ഥ: ആരോഗ്യമന്ത്രി
X

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പ്രഥമതല കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ (സിഎഫ്എല്‍ടിസി) സൗകര്യങ്ങള്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ വിലയിരുത്തി. സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, നഗരസഭ മേയര്‍ കെ ശ്രീകുമാര്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

ആരില്‍ നിന്നും കൊവിഡ്-19 പകരുന്ന അവസ്ഥയാണുള്ളതെന്ന് മന്ത്രി പറഞ്ഞു. രോഗികള്‍ കൂടുന്ന അവസ്ഥയില്‍ ചികിത്സിക്കാന്‍ ആശുപത്രികളില്‍ സ്ഥലമില്ലാതെ വരും. ഇത് മുന്നില്‍ കണ്ടാണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്നത്. എല്ലാവരും ശ്രദ്ധിച്ചില്ലെങ്കില്‍ രോഗികള്‍ കൂടുന്ന അവസ്ഥ ഇനിയുമുണ്ടാകും. ഇത്തരം സെന്ററുകളും തികയാത്ത അവസ്ഥ വരും. എല്ലാവരും ജാഗ്രത തുടരേണ്ടതാണ്. കൃത്യമായ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയും വേണം. ക്ലസ്റ്ററുകള്‍ കൂടാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. മൂന്നാംഘട്ടത്തിന്റെ തുടക്കത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായത് വെറും 10 ശതമാനമായിരുന്നത് ഇപ്പോള്‍ കൂടിയിരിക്കുകയാണ്. ഇനിയും ശ്രദ്ധിച്ചില്ലെങ്കില്‍ ജീവനപായമുണ്ടാകും. ഈ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്ററില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തരം സെന്ററുകളെ സഹായിക്കാന്‍ പൊതുജനങ്ങള്‍ മുന്നോട്ട് വരേണ്ടതാണ്. കഠിന പ്രയത്‌നത്തിലൂടെ കൊവിഡിനെ അതിജീവിക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് വ്യാപനത്തെ നേരിടുന്നതിന് വേണ്ടി പ്രത്യേകമായി തയ്യാറാക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍. കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തില്‍ അവശ്യ സൗകര്യങ്ങളുള്ള പ്രാദേശിക കേന്ദ്രങ്ങളാണ് ഈ കേന്ദ്രങ്ങള്‍.

കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവ് ആയ കേസുകളില്‍ കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമായി ഇല്ലാത്തവരേയും നേരിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെയുമാണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ കിടത്തി ചികിത്സിക്കുന്നത്. ഒരേ തരം രോഗലക്ഷണങ്ങള്‍ ഉള്ള ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവ് ആയവരെയും ഇങ്ങനെ ചികിത്സിക്കാവുന്നതാണ്.

തിരുവനന്തപുരത്ത് പതിമൂന്നോളം ഇത്തരം കേന്ദ്രങ്ങളാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്. എല്ലായിടത്തുമായി ആയിരത്തിലധികം കിടക്കകള്‍ സജ്ജമായി കഴിഞ്ഞു. ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റ് സ്റ്റാഫിനെയും ഈ സ്ഥലങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ 750 കിടക്കകളാണ് സജ്ജമാക്കുന്നത്.

Next Story

RELATED STORIES

Share it