Kerala

പട്ടാമ്പി മത്സ്യ മാര്‍ക്കറ്റിലെ കൊവിഡ് ബാധ: കുന്നംകുളം മേഖലയില്‍ അതീവ ജാഗ്രത

കടവല്ലൂര്‍, കാട്ടകാമ്പാല്‍, കടങ്ങോട്, ചൂണ്ടല്‍, എരുമപ്പെട്ടി പഞ്ചായത്തുകളില്‍ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി മത്സ്യ മാര്‍ക്കറ്റുകള്‍, പൊതുസ്ഥലത്തെ മീന്‍ വില്പന കേന്ദ്രങ്ങള്‍, സൈക്കിളിലും വാഹനത്തിലും ഉള്ള മീന്‍ വില്പന എന്നിവ നിരോധിച്ചു.

പട്ടാമ്പി മത്സ്യ മാര്‍ക്കറ്റിലെ കൊവിഡ് ബാധ:  കുന്നംകുളം മേഖലയില്‍ അതീവ ജാഗ്രത
X

തൃശൂര്‍: പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ നൂറിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം. കടവല്ലൂര്‍, കാട്ടകാമ്പാല്‍, കടങ്ങോട്, ചൂണ്ടല്‍, എരുമപ്പെട്ടി പഞ്ചായത്തുകളില്‍ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി മത്സ്യ മാര്‍ക്കറ്റുകള്‍, പൊതുസ്ഥലത്തെ മീന്‍ വില്പന കേന്ദ്രങ്ങള്‍, സൈക്കിളിലും വാഹനത്തിലും ഉള്ള മീന്‍ വില്പന എന്നിവ നിരോധിച്ചു.

പൊന്നാനി മേഖലയില്‍ നിന്നാണ് ഇവിടങ്ങളിലേക്ക് മത്സ്യങ്ങള്‍ വന്നിരുന്നത്. എന്നാല്‍ അവിടെ കൊവിഡ് രോഗബാധ ഏറിയ സാഹചര്യത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണും കണ്ടെയ്ന്‍മെന്റു സോണുകളും പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച്ചയായി പട്ടാമ്പിയില്‍ നിന്നാണ് ഏജന്റുമാര്‍ വഴി മത്സ്യം ഈ ഭാഗങ്ങളിലേക്ക് വന്നിരുന്നത്.

പാലക്കാട് ജില്ലാതിര്‍ത്തിയിലെ പഞ്ചായത്തായ ചാലിശ്ശേരിയിലും തൃശൂരിലെ ജില്ലാതിര്‍ത്തി പഞ്ചായത്തായ കടവല്ലൂരിലും പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ നിന്നു മത്സ്യം വാങ്ങി വില്പന നടത്തുന്ന 2 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൂണ്ടല്‍ പഞ്ചായത്തിലെ മൂന്ന് പേര്‍ക്കും പട്ടാമ്പിയില്‍ നിന്നും കൊവിഡ് ബാധിച്ചു.

കടവല്ലൂര്‍ പഞ്ചായത്തില്‍ 30, കാട്ടകാമ്പാല്‍ 9 എന്നിങ്ങനെ മത്സ്യ കച്ചവടക്കാര്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കൂടാതെ ഇവരില്‍ നിന്നു മത്സ്യം വാങ്ങിയവരുടെ പേരു വിവരങ്ങളും ആരോഗ്യ വിഭാഗം പരിശോധിച്ചു വരികയാണ്. അങ്ങനെയുള്ളവര്‍ പി എച്ച് സികളുമായി ബന്ധപ്പെടാനും ഉത്തരവിറക്കിയിട്ടുണ്ട്. ഇതു പ്രകാരം കടവല്ലൂര്‍ പഞ്ചായത്തില്‍ മാത്രം 100 ഓളം പേര്‍ നിരീക്ഷണത്തിലായിട്ടുണ്ട്.

Next Story

RELATED STORIES

Share it