Kerala

തിരുവനന്തപുരം ജില്ലയിൽ ലാര്‍ജ് ക്ലസ്റ്ററുകളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു

രോഗം വരാതിരിക്കാനും പടരാതിരിക്കാനുമുള്ള മുന്‍കരുതല്‍ പ്രധാനമാണ്. അതിന് ഇപ്പോള്‍ പല കാരണങ്ങളാല്‍ ചില വീഴ്ചകള്‍ വന്നിരിക്കുന്നു. അതുകൊണ്ടാണ് കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടിവരുന്നത്.

തിരുവനന്തപുരം ജില്ലയിൽ ലാര്‍ജ് ക്ലസ്റ്ററുകളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു
X

തിരുവനന്തപുരം: ലാര്‍ജ് ക്ലസ്റ്ററുകളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്ന സാഹചര്യമാണ് തിരുവനന്തപുരം ജില്ലയിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൂന്തുറ, പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപ്പള്ളി, വിഴിഞ്ഞം, അടിമലത്തുറ, പൊഴിയൂര്‍, പാറശ്ശാല, പെരുമാതുറ, പൂവാര്‍, കുളത്തൂര്‍, കാരോട് എന്നിങ്ങനെ 13 ലാര്‍ജ് ക്ലസ്റ്ററുകള്‍ നിലവിലുണ്ട്. ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ മാത്രമാണ് പുറത്തുനിന്നു വന്നത്. 192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അഞ്ചുപേരുടെ ഉറവിടം അറിയില്ല. തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരമായി തന്നെ തുടരുന്നുവെന്നതിന്‍റെ സൂചനയാണിത്.

കൊല്ലം ജില്ലാ ജയിലില്‍ അന്തേവാസികള്‍ക്ക് പനി ലക്ഷണങ്ങള്‍ കണ്ടതിനാല്‍ പരിശോധന നടത്തിയതില്‍ 57പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഗുരുതര രോഗലക്ഷണമുള്ള അഞ്ച് പേരെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ ചന്ദനത്തോപ്പ് ഗവ. ഐടിഐയിലെ പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കും മാറ്റി. ജയില്‍ ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശിയില്‍ നിന്നാണ് ഇവര്‍ക്ക് രോഗബാധയുണ്ടായതെന്ന് സംശയിക്കുന്നു. ഒരു അസി. പ്രിസണ്‍ ഓഫീസര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പര്‍ക്ക സംശയമുള്ള ഉദ്യോഗസ്ഥരെ ജയിലില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ ഓരോ ഡിവിഷനിലും കോവിഡ് സ്രവപരിശോധനയ്ക്കായി കിയോസ്ക് തുടങ്ങും. ജില്ലയില്‍ ആകെ 23 കിയോസ്കീസ്കുകളാണ് ആരംഭിക്കുക. കിയോസ്കുകള്‍ക്കും ആന്‍റിജന്‍ കിറ്റിനുമായി ആകെ മൂന്നു കോടി 40 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് മാറ്റിവെച്ചിട്ടുള്ളത്.

എറണാകുളം ജില്ലയില്‍ ആലുവ, പശ്ചിമ കൊച്ചി മേഖലകളില്‍ രോഗം കൂടുതലായി വ്യാപിക്കുന്നു. ആലുവ ക്ലസ്റ്ററില്‍ ചൂര്‍ണിക്കര, എടത്തല, പ്രദേശങ്ങളില്‍ ആണ് ഇപ്പോള്‍ രോഗ വ്യാപനം ശക്തമായി തുടരുന്നത്. നെല്ലിക്കുഴി, കോട്ടപ്പടി പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് സമ്പര്‍ക്കവ്യാപനം ഉണ്ടായത് 78 പേര്‍ക്കാണ്.

പശ്ചിമ കൊച്ചി മേഖലയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യ സര്‍വീസുകളും ട്രക്കുകളും മാത്രമേ അനുവദിക്കു. തൃക്കാക്കര കരുണാലയം ആക്റ്റീവ് ക്ലസ്റ്റര്‍ ആയി തുടരുകയാണ്. ഗുരുതരമായ രോഗലക്ഷണം ഇല്ലാത്തവരെ കരുണാലയത്തില്‍ തയ്യാറാക്കിയ എഫ്എല്‍ടിസിയിലും രോഗലക്ഷണമുള്ളവരെ കളമശേരി മെഡിക്കല്‍ കോളേജിലുമാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയിലെ മഠങ്ങളിലും വൃദ്ധ സദനങ്ങളിലും ഉള്ള രോഗവ്യാപനത്തെ ഗുരുതരമായാണ് കാണുന്നത്.

മലയോര മേഖലയില്‍, പ്രത്യേകിച്ച് ആദിവാസി ജനസമൂഹത്തിനിടയില്‍ കോവിഡ് എത്തിച്ചേരാതെ നോക്കേണ്ടതുണ്ട്. ട്രൈബല്‍ മേഖലയ്ക്കു വേണ്ടി പ്രത്യേക കോവിഡ് നിയന്ത്രണ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതേപോലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളിലെ കോളനികളിലും ഫ്ളാറ്റുകളിലും കോവിഡ് പടരാതിരിക്കാന്‍ പുറത്തുനിന്ന് ആളുകള്‍ കടന്നു ചെല്ലാതിരിക്കണം.

രോഗം വന്നാല്‍ ചികിത്സിക്കല്‍ മാത്രമല്ല നമ്മുടെ കടമ. രോഗം വരാതിരിക്കാനും പടരാതിരിക്കാനുമുള്ള മുന്‍കരുതല്‍ പ്രധാനമാണ്. അതിന് ഇപ്പോള്‍ പല കാരണങ്ങളാല്‍ ചില വീഴ്ചകള്‍ വന്നിരിക്കുന്നു. അതുകൊണ്ടാണ് കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടിവരുന്നത്. കടുത്ത നടപടികള്‍ നമ്മുടെ നാടിന്‍റെ ഭാവിക്കുവേണ്ടിയാണ്. അതിന് എല്ലാവരുടെയും സഹായവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ക്ലസ്റ്റര്‍ പ്രദേശത്തുള്ളവര്‍ എല്ലാവരും എപ്പോഴും മാസ്ക് ധരിക്കണം. ശാരീരിക അകലം പാലിക്കണം. കൈകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കഴുകണം. മാസ്കില്ലാതെ സംസാരിക്കാനോ, ചുമയ്ക്കാനോ, തുമ്മാനോ പാടില്ല. ഈ മേഖലയിലുള്ള ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം.

Next Story

RELATED STORIES

Share it