Kerala

പ്രവാസികള്‍ക്കായി കൊവിഡ് കെയര്‍ സെന്ററുകള്‍ സജ്ജം; അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരെ നിയോഗിച്ചു

പത്തനംതിട്ട ജില്ലയിലെ ആറു താലൂക്കുകളിലായി 109 കൊവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമാക്കി.

പ്രവാസികള്‍ക്കായി കൊവിഡ് കെയര്‍ സെന്ററുകള്‍ സജ്ജം; അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരെ നിയോഗിച്ചു
X

പത്തനംതിട്ട: മടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്റൈനില്‍ പാര്‍പ്പിക്കുന്നതിനായി ജില്ലയില്‍ കൊവിഡ് കെയര്‍ സെന്ററുകള്‍ സജ്ജം. പത്തനംതിട്ട ജില്ലയിലെ ആറു താലൂക്കുകളിലായി 109 കൊവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമാക്കി. കൊവിഡ് കെയര്‍ സെന്ററുകളുടെ സുഗമമായ നടത്തിപ്പിനായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരെ നിയോഗിച്ച് ജില്ലാ കലക്ടര്‍ പി ബി നൂഹ് ഉത്തരവായി.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികളുടെയും സെക്രട്ടറിയുടെയും നിര്‍ദേശാനുസരണം കൊവിഡ് കെയര്‍ സെന്ററുകളുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കണം. കൊവിഡ് സെന്ററുകളില്‍ പാര്‍പ്പിച്ചിട്ടുള്ള എല്ലാ അന്തേവാസികളും കൃത്യമായി മുറികളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും അവരുടെ ഹാജര്‍ രാവിലെയും വൈകിട്ടും രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്യണം.

അഡ്മിഷന്‍ കം ഡിസ്ചാര്‍ജ് രജിസ്റ്റര്‍, മൂവ്മെന്റ് രജിസ്റ്റര്‍, പ്രതിദിന റിപ്പോര്‍ട്ട് രജിസ്റ്റര്‍, സ്റ്റോക്ക് രജിസ്റ്റര്‍, ഇന്‍ഡന്റ് രജിസ്റ്റര്‍ തുടങ്ങിയവ കൃത്യമായി പരിശോധിച്ച് സൂക്ഷിക്കണം.

തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്കും അന്തേവാസികള്‍ക്കും ഭക്ഷണം, കുടിവെള്ളം എന്നിവ കൃത്യസമയത്ത് നല്‍കാനും ഗുണനിലവാരം ഉറപ്പുവരുത്തുവാനും ശ്രദ്ധിക്കണം. കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് വൈദ്യുതി, ജലം, വാഹന സൗകര്യങ്ങള്‍ മറ്റ് ദൈനംദിന കാര്യങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനവുമായി സഹകരിച്ച് ലഭ്യമാക്കണം. കൊവിഡ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്കും നോഡല്‍ ഓഫീസര്‍ക്കും സമര്‍പ്പിക്കണം.

കൊവിഡ് കെയര്‍ സെന്റര്‍ സ്ഥിതിചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ സെന്ററിന്റെ ഓണ്‍ കോള്‍ മെഡിക്കല്‍ ഓഫീസറായി പ്രവര്‍ത്തിക്കും. സെന്ററിലെ അന്തേവാസികള്‍ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍ ഉണ്ടായാല്‍ ഓണ്‍ കോള്‍ മെഡിക്കല്‍ ഓഫീസര്‍ സ്ഥലത്തെത്തി പരിശോധിച്ച് ചികിത്സ നല്‍കണം.

ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ഒന്നില്‍ കൂടുതല്‍ സെന്ററുകള്‍ ഉണ്ടായാല്‍ മറ്റ് മെഡിക്കല്‍ ഓഫീസര്‍മാരെ ഓണ്‍ കോളായി നിയോഗിക്കുന്നതിനുള്ള ഉത്തരവാദിത്വം ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ക്കായിരിക്കും. നഗരസഭ പ്രദേശത്തുള്ള സെന്ററുകളിലേക്ക് മേജര്‍ ആശുപത്രി സൂപ്രണ്ട് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് ഓണ്‍കോള്‍ ഡ്യൂട്ടി നല്‍കണം. ഇതോടൊപ്പം ബ്ലോക്ക് തലത്തില്‍ മൊബൈല്‍ മെഡിക്കല്‍ ടീമിനെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും നിയമിക്കും.

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ്, ആര്‍.ഡി.എസ്.കെ നഴ്സ് എന്നിവരെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും നിയമിക്കും. ഇവര്‍ സെന്ററിലെ അന്തേവാസികള്‍ക്ക് ആവശ്യമായ സേവനം നല്‍കണം. ഇതിനൊപ്പം അഡ്മിഷന്‍ കം ഡിസ്ചാര്‍ജ് രജിസ്റ്റര്‍, മൂവ്മെന്റ് രജിസ്റ്റര്‍, പ്രതിദിന റിപ്പോര്‍ട്ട് രജിസ്റ്റര്‍, സ്റ്റോക്ക് രജിസ്റ്റര്‍, ഇന്‍ഡന്റ് രജിസ്റ്റര്‍ എന്നിവ തയാറാക്കണം. ശുചീകരണം, ഹൗസ് കീപ്പിംഗ്, മാലിന്യ നിര്‍മ്മാര്‍ജനം എന്നീ കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കണം. വാര്‍ഡനെ (വോളന്ററി സ്റ്റാഫ്)രജിസ്റ്റേര്‍ഡ് വോളന്റിയേഴ്സ് ലിസ്റ്റില്‍ നിന്നും ജില്ലാ കളക്ടര്‍ നിയോഗിക്കും. സെന്ററിലെ അന്തേവാസികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുകയാണ് വാര്‍ഡന്റെ ചുമതല. അന്തേവാസികള്‍ പുറത്ത് പോകാതെ നോക്കുക,അന്തേവാസികള്‍ക്ക് ആഹാരവും മറ്റ് സാധനങ്ങളും മുറികളില്‍ എത്തിച്ചുനല്‍കുക തുടങ്ങിയവയും വാര്‍ഡന്റെ ചുമതലയില്‍പ്പെടുന്നു.

വര്‍ക്കര്‍/ ശുചീകരണ ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിയമിക്കണം. ദിവസം രണ്ടുനേരം കോവിഡ് കെയര്‍ സെന്ററിന്റെ വരാന്തയും ഇടനാഴികളും ഡ്യൂട്ടി മുറികളും തൂത്തും തുടച്ചും വൃത്തിയാക്കണം. മുറികള്‍ അന്തേവാസികള്‍തന്നെ വൃത്തിയാക്കുന്നതിന് നിര്‍ദേശം നല്‍കണം. മുറികള്‍ ഒഴിയുന്ന നേരം തൂത്ത് വൃത്തിയാക്കി തുടയ്ക്കണം. മുറികളില്‍ നിന്നും മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിച്ച് നിര്‍മാര്‍ജനം ചെയ്യണം. താമസക്കാര്‍ക്ക് ഭക്ഷണവും ഇതരസേവനവും ചെയ്തു കൊടുക്കുക.

അഡമിനിസ്ട്രേറ്റീവ് ഓഫീസര്‍മാരായി നിയോഗിച്ചിട്ടുള്ളവര്‍ മേയ് എട്ടിന് രാവിലെ 10ന് ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ മുമ്പാകെ ജോലിക്ക് ഹാജരാകണം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കും. ഇതില്‍ അഡമിനിസ്ട്രേറ്റീവ് ഓഫീസര്‍മാരും താലൂക്കില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടിമാരും പങ്കെടുക്കണം.

റിസര്‍വ് കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അഡമിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ മേയ് ഏഴിന് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് 3.30 വരെ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കണം.

അഡമിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടിയുടെ വിശദവിവരം: താലൂക്ക്, തീയതി, സമയം, സ്ഥലം എന്ന ക്രമത്തില്‍-

കോഴഞ്ചേരി ആറിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, പ്രമാടം. തിരുവല്ല ആറിന് ഉച്ചയ്ക്ക് 01.30 മുതല്‍ വൈകിട്ട് 03.30 വരെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, പ്രമാടം. അടൂര്‍ , കോന്നി ഏഴിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, പ്രമാടം. റാന്നി, മല്ലപ്പള്ളി ആറിന് ഉച്ചയ്ക്ക് 01.30 മുതല്‍ വൈകിട്ട് 03.30 വരെരാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, പ്രമാടം.

Next Story

RELATED STORIES

Share it