Kerala

കൊവിഡ് പ്രതിരോധം: മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂനിറ്റ് പര്യടനം തുടങ്ങി

ആശുപത്രികളില്‍നിന്ന് അകലെയുള്ള മേഖലകളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും താമസിക്കുന്നവര്‍ക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വാഹനം ഒരുക്കിയതിന്റെ പ്രധാന ലക്ഷ്യം.

കൊവിഡ് പ്രതിരോധം: മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂനിറ്റ് പര്യടനം തുടങ്ങി
X

കോട്ടയം: ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ സര്‍വയലന്‍സ് യൂനിറ്റ് പര്യടനം തുടങ്ങി. കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആശുപത്രിയിലെത്താതെ തന്നെ ജനങ്ങള്‍ക്ക് ആരോഗ്യപരിചരണം ഉറപ്പാക്കുന്നതിനും കൊവിഡ് ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ പരിശോധനയ്ക്കായി സാംപിള്‍ ശേഖരിക്കുന്നതിനുമായാണ് സഞ്ചരിക്കുന്ന സംവിധാനമൊരുക്കിയിട്ടുള്ളത്. ആശുപത്രികളില്‍നിന്ന് അകലെയുള്ള മേഖലകളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും താമസിക്കുന്നവര്‍ക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വാഹനം ഒരുക്കിയതിന്റെ പ്രധാന ലക്ഷ്യം.


ഡോക്ടറും നഴ്‌സും ലാബോറട്ടറി ടെക്‌നിഷ്യനും ഈ യൂനിറ്റിലുണ്ട്. പരിശോധനയ്ക്ക് വിധേയരാവുന്നവര്‍ക്ക് ആവശ്യമെങ്കില്‍ മരുന്നുകളും നല്‍കും. കൊവിഡ് ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകള്‍ക്കും മറ്റു രോഗങ്ങളുടെ പരിശോധനയ്ക്കും സാംപിള്‍ ശേഖരിക്കാനും സംവിധാനമുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഇല്ലാത്ത മേഖലകളിലും കൊവിഡ് പ്രതിരോധനിയന്ത്രണങ്ങള്‍ മൂലം ജനങ്ങള്‍ക്ക് യാത്രചെയ്യാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലുമാണ് മൊബൈല്‍ യൂനിറ്റിന്റെ സേവനം പ്രധാനമായും ലഭിക്കുക. കലക്ടറേറ്റ് വളപ്പില്‍ ജില്ലാ കലക്ടര്‍ എം. അഞ്ജന വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു.

ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.വ്യാസ് സുകുമാരന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.പി എന്‍ വിദ്യാധരന്‍, ജില്ലാ ടി ബി ഓഫിസര്‍ ഡോ. ട്വിങ്കിള്‍ പ്രഭാകരന്‍ തുടങ്ങിയവര്‍ സന്നിഹിതരായി. കൊവിഡ് സാംപിള്‍ കലക്ഷനുവേണ്ടിയുള്ള ജില്ലയിലെ മൂന്നാമത്തെ മൊബൈല്‍ യൂനിറ്റിന്റെ ഫ്‌ളാഗ് ഓഫും കലക്ടര്‍ നിര്‍വഹിച്ചു. കടനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോ. യശോധരനാണ് ഈ വാഹനം നല്‍കിയത്.

Next Story

RELATED STORIES

Share it