Kerala

കൊവിഡ് പ്രതിരോധം: ഗോത്രമേഖലയുടെ സംരക്ഷണം ഉറപ്പാക്കണം- മന്ത്രി ടി പി രാമകൃഷ്ണന്‍

ആദിവാസി കോളനികളിലേക്ക് രോഗം വ്യാപിക്കുന്നത് ഫലപ്രദമായി ചെറുക്കുന്നതിനുളള നടപടികള്‍ പട്ടികവര്‍ഗ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തണം. അനാവശ്യമായി പുറത്തുനിന്നുളള ആളുകളെ കോളനികളിലേക്ക് പ്രവേശിപ്പിക്കരുത്.

കൊവിഡ് പ്രതിരോധം: ഗോത്രമേഖലയുടെ സംരക്ഷണം ഉറപ്പാക്കണം- മന്ത്രി ടി പി രാമകൃഷ്ണന്‍
X

കല്‍പ്പറ്റ: കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ഗോത്രമേഖലയുടെ സംരക്ഷണത്തിന് ഉയര്‍ന്ന പരിഗണന നല്‍കണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. കലക്ടറേറ്റില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ വയനാട് ജില്ലയില്‍ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും നല്ല കരുതല്‍ ആവശ്യമാണ്.

ആദിവാസി കോളനികളിലേക്ക് രോഗം വ്യാപിക്കുന്നത് ഫലപ്രദമായി ചെറുക്കുന്നതിനുളള നടപടികള്‍ പട്ടികവര്‍ഗ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തണം. അനാവശ്യമായി പുറത്തുനിന്നുളള ആളുകളെ കോളനികളിലേക്ക് പ്രവേശിപ്പിക്കരുത്. ഗര്‍ഭിണികള്‍ അടക്കമുളളവര്‍ക്ക് ആശുപത്രികളില്‍ മതിയായ ചികില്‍സാ സൗകര്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മൊബൈല്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനങ്ങള്‍ കോളനികളില്‍ കൃത്യമായ ഇടവേളകളില്‍ ലഭ്യമാക്കുന്നതിനുളള നടപടികളുമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

കാപ്പി വിളവെടുക്കുന്ന കാലം അടുത്തുവരുന്ന സാഹചര്യത്തില്‍ അയല്‍സംസ്ഥാനങ്ങളിലേക്ക് ആദിവാസികളടക്കമുളള തൊഴിലാളികള്‍ ജോലിക്ക് പോവുന്ന സാഹചര്യമുണ്ടാവും. കാപ്പി പറിക്കാനും മറ്റും തൊഴിലാളികളെ കൊണ്ടുപോവുമ്പോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. തൊഴിലാളികളെ വാഹനങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെ കൊണ്ടുപോവുന്നത് അനുവദിക്കാന്‍ പാടില്ല. ഇക്കാര്യം ഉറപ്പാക്കാന്‍ ചെക്ക് പോസ്റ്റുകളിലടക്കം പരിശോധന വേണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

ജില്ലയില്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ പുരോഗമിക്കുമ്പോഴും പൊതു ഇടങ്ങളില്‍ കുടുതല്‍ ആളുകള്‍ കൂടുന്നത് ആശാവഹമല്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. രോഗവ്യാപനം കൂടുന്ന പ്രദേശങ്ങളില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തണം. ആവശ്യമെങ്കില്‍ അടച്ചിടല്‍ നടപടികളും സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.

രോഗലക്ഷണങ്ങള്‍ പ്രകടമാക്കാത്ത കൊവിഡ് രോഗികളുടെ സാന്നിധ്യം സമൂഹത്തിലുണ്ടാവാന്‍ സാധ്യതയുളളതിനാല്‍ നല്ല ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളില്‍ കഴിയുന്നവര്‍ക്ക് മതിയായ ശ്രദ്ധനല്‍കുന്നതില്‍ അലംഭാവമുണ്ടാവാന്‍ പാടില്ല. ചികില്‍സ ആവശ്യമുളളവര്‍ക്ക് സമയബന്ധിതമായി സേവനം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല, ജില്ലാ പോലിസ് മേധാവി ജി പൂങ്കുഴലി, എംഡിഎം കെ അജീഷ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it