- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് പ്രതിരോധം: മാര്ക്കറ്റുകളുടെ പ്രവര്ത്തനത്തിന് പ്രത്യേക ജാഗ്രതാ കമ്മിറ്റികള്
മാര്ക്കറ്റിലെ വ്യാപാരി വ്യവസായ സംഘടനയുടെയും കയറ്റിറക്ക് തൊഴിലാളി സംഘടനയുടെയും ഓരോ പ്രതിനിധികള്, മാര്ക്കറ്റ് ഉള്പ്പെടുന്ന സ്ഥലത്തെ പോലിസ് സ്റ്റേഷന് ഹൗസ് ഓഫിസര്, ഫീഷറീസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് എന്നിവരാണ് മറ്റ് അംഗങ്ങള്.
കോട്ടയം: ജില്ലയിലെ മല്സ്യവിപണനകേന്ദ്രങ്ങള് ഉള്പ്പെടെയുള്ള എല്ലാ മാര്ക്കറ്റുകളുടെയും പ്രവര്ത്തനത്തില് കൊവിഡ് പ്രതിരോധ മുന്കരുതലുകള് ഉറപ്പാക്കുന്നതിനായി ജാഗ്രതാ കമ്മിറ്റികള് രൂപീകരിച്ച് ജില്ലാ കലക്ടര് ഉത്തരവായി. രോഗവ്യാപനം തടയുന്നതിനായി സംസ്ഥാന സര്ക്കാരിന്റെ ഉത്തരവനുസരിച്ചാണ് ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടി. മാര്ക്കറ്റുകളില് സ്വീകരിക്കേണ്ട പ്രതിരോധ മുന്കരുതലുകള് സംബന്ധിച്ച വിശദമായ മാര്ഗനിര്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. അതത് സ്ഥലങ്ങളിലെ തദ്ദേശസ്ഥാപന സെക്രട്ടറിയാണ് ജാഗ്രതാ കമ്മിറ്റിയുടെ കണ്വീനര്.
മേഖലയിലെ ഇന്സിഡന്റ് കമാന്ഡറായ തഹസില്ദാരോ പ്രതിനിധിയോ കമ്മിറ്റിയില് അംഗമായിരിക്കണം. മാര്ക്കറ്റിലെ വ്യാപാരി വ്യവസായ സംഘടനയുടെയും കയറ്റിറക്ക് തൊഴിലാളി സംഘടനയുടെയും ഓരോ പ്രതിനിധികള്, മാര്ക്കറ്റ് ഉള്പ്പെടുന്ന സ്ഥലത്തെ പോലിസ് സ്റ്റേഷന് ഹൗസ് ഓഫിസര്, ഫീഷറീസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് എന്നിവരാണ് മറ്റ് അംഗങ്ങള്.
കൊവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി മത്സ്യ മാര്ക്കറ്റുകളില് ഏര്പ്പെടുത്തുന്ന മാര്ഗനിര്ദ്ദേശങ്ങള് കര്ശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ജാഗ്രതാ കമ്മിറ്റിയാണ്. നിര്ദേശങ്ങള് പാലിക്കുന്നില്ലെന്ന് ഇന്സിഡന്റ് കമാന്ഡറുടെയോ പോലിസിന്റെയോ റിപോര്ട്ട് ലഭിച്ചാല് മാര്ക്കറ്റ് അടയ്ക്കുന്നത് ഉള്പ്പെടെയുള്ള കര്ശന നടപടികള് സ്വീകരിക്കും.
മാര്ക്കറ്റുകളില് ഏര്പ്പെടുത്തേണ്ട പ്രധാന ക്രമീകരണങ്ങള് ചുവടെ
മാര്ക്കറ്റുകളില് പ്രവേശിക്കുന്നതിനും പുറത്തുപോവുന്നതിനും പ്രത്യേകം വഴികള് ക്രമീകരിക്കണം.
ഓരോ മാര്ക്കറ്റിന്റെയും സാഹചര്യം പരിഗണിച്ച് മൊത്ത, ചില്ലറ വിപണനത്തിനുള്ള സമയക്രമവും ദൈര്ഘ്യവും മുന്കൂട്ടി നിശ്ചയിക്കണം. ഒരു സമയം നിശ്ചിത എണ്ണം വാഹനങ്ങള് മാത്രമേ മാര്ക്കറ്റിനുള്ളില് ഉണ്ടാകാവൂ.
രോഗവ്യാപനത്തിന് ഇടയാക്കും വിധം മാര്ക്കറ്റിനുള്ളില് ഒരുസമയത്തും അനിയന്ത്രിതമായ ആള്ക്കൂട്ടമുണ്ടാവാന് പാടില്ല.
വാഹനങ്ങളും അവയിലെ ജീവനക്കാരും ചരക്കുമെത്തുന്ന സ്ഥലവും മറ്റു വിശദാംശങ്ങളും ശേഖരിക്കുന്നതിന് പ്രവേശന സ്ഥലത്ത് പ്രത്യേക രജിസ്റ്റര് സൂക്ഷിക്കണം.
കൈകള് ശുചീകരിക്കുന്നതിന് വെള്ളവും സോപ്പും അല്ലെങ്കില് കൈ തൊടാതെ ഉപയോഗിക്കാവുന്ന സാനിറ്റൈസര് മാര്ക്കറ്റിന്റെ കവാടത്തില് ലഭ്യമാക്കണം. ഓരോ കടയുടെയും മുന്ഭാഗത്ത് ഇത്തരം സാനിറ്റൈസര് സജ്ജീകരിക്കേണ്ടതാണ്.
ചരക്കുവാഹനങ്ങള് മാര്ക്കറ്റില് പ്രവേശിക്കുന്നതിനു മുമ്പ് അണുവിമുക്തമാക്കണം.
വാഹനങ്ങള് മാര്ക്കറ്റില് പ്രവേശിക്കുന്നതു മുതല് ലോഡ് ഇറക്കി പുറത്തുവരുന്നതുവരെയുള്ള നടപടികള് സംബന്ധിച്ച് മാപ്പ് ഉള്പ്പെടെയുള്ള വ്യക്തമായ മാര്ഗരേഖ അതത് തദ്ദേശഭരണസ്ഥാപനങ്ങള് തയ്യാറാക്കി നടപ്പാക്കണം.
മല്സ്യമാര്ക്കറ്റുകളില് ലേലം പൂര്ണമായും ഒഴിവാക്കണം. ജാഗ്രതാ കമ്മിറ്റി നാമനിര്ദേശം ചെയ്യുന്ന ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടര് ഉള്പ്പെട്ട ഉപസമിതി അതത് ദിവസത്തെ മല്സ്യവില നിശ്ചയിക്കേണ്ടതും അതനുസരിച്ച് വിപണനം നടത്തേണ്ടതുമാണ്.
മാര്ക്കറ്റുകളില് ജോലിചെയ്യുന്ന തൊഴിലാളികള് യൂനിഫോം അല്ലെങ്കില് തിരിച്ചറിയല് കാര്ഡ്, മാസ്ക്, ഗംബൂട്ട്, ഗ്ലൗസ് എന്നിവ നിര്ബന്ധമായും ധരിക്കേണ്ടതാണ്.
പുറത്തുനിന്നെത്തുന്ന വാഹനങ്ങളിലെ ജീവനക്കാര്ക്ക് പ്രാഥമികകൃത്യങ്ങള് നിര്വഹിക്കുന്നതിനും വിശ്രമിക്കുന്നതിനും ഭക്ഷണത്തിനും പ്രത്യേക സൗകര്യം ഏര്പ്പെടുത്തണം. ഇവര് മാര്ക്കറ്റിലുള്ള തൊഴിലാളികളോടോ പൊതുജനങ്ങളോടോ ഇടപഴകാത്ത രീതിയില് മാര്ക്കറ്റിലേക്കുള്ള പ്രവേശനവും പുറത്തേക്കുപോവുന്നതിനുള്ള സംവിധാനവും ക്രമീകരിക്കേണ്ടതാണ്. ഇതിനായി മാര്ക്കറ്റുകളുടെ സാഹചര്യത്തിനനുസരിച്ച് അതത് തദ്ദേശഭരണ സ്ഥാപനങ്ങളിലെ എന്ജിനീയറിംഗ് വിഭാഗം മുഖേന ബാരിക്കേഡുകള് ഉള്പ്പെടെയുള്ള ക്രമീകരണങ്ങള് ഏര്പ്പെടുത്തണം. നിയന്ത്രണങ്ങള്ക്കായി സെക്യൂരിറ്റി ഗാര്ഡുകളെ നിയോഗിക്കണം.
മാര്ക്കറ്റിലേക്കും പുറത്തേക്കുമുള്ള വഴികളും ചരക്കുലോറി തൊഴിലാളികള്ക്കുള്ള വിശ്രമസ്ഥലം, ശുചിമുറികള് തുടങ്ങിയവ പെട്ടെന്ന് കണ്ടെത്താന് കഴിയും വിധം വിവിധ ഭാഷകളിലുള്ള ബോര്ഡുകള് സ്ഥാപിക്കണം.
മാര്ക്കറ്റുകളില് കൈകാര്യം ചെയ്യുന്ന കത്തികളും മറ്റ് ഉപകരണങ്ങളും അണുവിമുക്തമാക്കണം.
മൊത്ത വ്യാപാരികള് ഓരോ ദിവസവും സ്ഥാപനത്തില് ലോഡ് ഇറക്കുന്ന തൊഴിലാളികളുടെ പേരുവിവരവും ഫോണ് നമ്പരുകളും എഴുതി സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന പക്ഷം പരിശോധനയ്ക്കായി നല്കുകയും വേണം.
എല്ലാ കടകളിലും ഓരോ ദിവസവും ജോലിചെയ്യുന്ന ജീവനക്കാരുടെ പേരും മേല്വിലാസവും ഫോണ്നമ്പരും ഉടമകള് എഴുതി സൂക്ഷിക്കണം.
പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരെ മാര്ക്കറ്റില് പ്രവേശിപ്പിക്കാന് പാടില്ല. ഇവര്ക്ക് തൊട്ടടുത്തുള്ള സര്ക്കാര് ആശുപത്രിയില് ചികിത്സ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണം.
വില്പ്പനയ്ക്കുള്ള മല്സ്യം തറയില് വയ്ക്കാന് പാടില്ല. പ്രത്യേകം സ്റ്റാന്റുകളിലോ ട്രേകളിലോ മാത്രം സൂക്ഷിക്കണം.
മാര്ക്കറ്റും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും നിശ്ചിത ഇടവേളകളില് അണുവിമുക്തമാക്കുകയും വേണം. മാര്ക്കറ്റുകളില് വെള്ളം കെട്ടക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം.
മാര്ക്കറ്റുകളിലുള്ളവര്ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില് തുടര്ച്ചയായി ബോധവല്ക്കരണ പരിപാടികള് നടത്തുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങള് നടപടി സ്വീകരിക്കണം.
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര് ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില് പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMT