Kerala

കൊവിഡ്: ആലുവയില്‍ സ്ഥിതി മെച്ചപ്പെട്ടു; പശ്ചിമ കൊച്ചിയില്‍ ആശങ്ക തുടരുന്നു

ആലുവ ക്ലസ്റ്ററിലെ ഏതാനും ചില പ്രദേശങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ രോഗവ്യാപനമുള്ളത്. എന്നാല്‍ പശ്ചിമ കൊച്ചി മേഖലയില്‍ ആശങ്ക തുടരുകയാണ്.ഇടവേളക്ക് ശേഷം ചെല്ലാനം മേഖലയിലും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്. ചെല്ലാനം പഞ്ചായത്തിലെ 7, 8 വാര്‍ഡുകളില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. കിഴക്കന്‍ മേഖലയില്‍ നെല്ലിക്കുഴി പഞ്ചായത്തിലും രോഗ വ്യാപനം തുടരുകയാണ്

കൊവിഡ്: ആലുവയില്‍ സ്ഥിതി മെച്ചപ്പെട്ടു; പശ്ചിമ കൊച്ചിയില്‍ ആശങ്ക തുടരുന്നു
X

കൊച്ചി :എറണാകുളം ജില്ലയിലെ പ്രധാന ക്ലസ്റ്റര്‍ ആയിരുന്ന ആലുവയില്‍ കൊവിഡ് വ്യാപനം കുറഞ്ഞു വരുന്നതായി കലക്ടര്‍ എസ് സുഹാസ് പറഞ്ഞു. ആലുവ ക്ലസ്റ്ററിലെ ഏതാനും ചില പ്രദേശങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ രോഗവ്യാപനമുള്ളത്. എന്നാല്‍ പശ്ചിമ കൊച്ചി മേഖലയില്‍ ആശങ്ക തുടരുകയാണ്. പ്രദേശത്തു ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിച്ചതും കൂടുതല്‍ കോണ്ടാക്ടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞതും നേട്ടമായതായി കലക്ടര്‍ പറഞ്ഞു. ഇടവേളക്ക് ശേഷം ചെല്ലാനം മേഖലയിലും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്.

ചെല്ലാനം പഞ്ചായത്തിലെ 7, 8 വാര്‍ഡുകളില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. കിഴക്കന്‍ മേഖലയില്‍ നെല്ലിക്കുഴി പഞ്ചായത്തിലും രോഗ വ്യാപനം തുടരുകയാണ്. എടത്തല മേഖലയിലും നിയന്ത്രങ്ങള്‍ തുടരുകയാണ്.ജില്ലയില്‍ സര്‍ക്കാര്‍ ലാബുകളില്‍ മൂന്നു ആര്‍ ടി പി സി ആര്‍ ഉപകരണങ്ങളും ഒരു സി ബി നാറ്റ് മെഷീനും കൊവിഡ് പരിശോധനക്ക് ഉപയോഗിക്കുന്നുണ്ട്. ആന്റിജന്‍ പരിശോധനയും വ്യാപകമായി നടത്തുന്നുണ്ട്. ആലുവക്ലസ്റ്ററില്‍ നിന്നും കളമശേരി, തൃക്കാക്കര പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കാതെ നിയന്ത്രിക്കാന്‍ സാധിച്ചു. കൊച്ചി ക്ലസ്റ്ററില്‍ രണ്ട് ആഴ്ചക്കുള്ളില്‍ സ്ഥിതി നിയന്ത്രണ വിധേയമാവുമെന്നാണ് പ്രതീക്ഷയെന്നും കലക്ടര്‍ പറഞ്ഞു.


ജില്ലയിലെ കോവിഡ് മാനേജ്‌മെന്റ് ആന്റ് ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് പ്ലാന്‍

ജില്ലയുടെ കൊവിഡ് മാനേജ്‌മെന്റ്, ക്ലസ്റ്റര്‍ കണ്‍ടൈന്‍മെന്റ് പ്ലാനും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും കലക്ടര്‍ എസ് സുഹാസ് വിശദീകരിച്ചു.ജില്ലാ കണ്‍ട്രോള്‍ സെല്ലിന് കീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ആണ് കലക്ടര്‍ നല്‍കിയത്. നാലു പ്രധാന യൂനിറ്റുകള്‍ ആണ് കണ്‍ട്രോള്‍ റൂമിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഡി എം ഒ കാള്‍ സെന്റര്‍, സര്‍വെയ്ലന്‍സ് യൂനിറ്റ്, എഫ് എല്‍ ടി സി കോര്‍ഡിനേഷന്‍, ഡി പി എസ് എം യു എന്നിവയാണ്.മൂന്ന് നമ്പറുകള്‍ ആണ് കാള്‍ സെന്ററില്‍ ഉള്ളത്. പൊതുജനങ്ങളുടെ സംശയങ്ങള്‍ , ടെലി മെഡിസിന്‍ സേവനങ്ങള്‍, രോഗം സ്ഥിരീകരിച്ചവര്‍ക്ക് വിവരങ്ങള്‍ കൈമാറുന്ന ബ്രേക്കിംഗ് ബാഡ് ന്യൂസ് ടീം, ഷിഫ്റ്റിംഗ് ടീമിന് വിവരങ്ങള്‍ കൈമാറല്‍ തുടങ്ങിയ കാര്യങ്ങള്‍ കാള്‍ സെന്റര്‍ വഴിയാണ് നടക്കുന്നത്.

കൊവിഡ് ചികില്‍സയില്‍ സ്വകാര്യ ആശുപത്രികളുടെ സേവനങ്ങളെ മോണിറ്റര്‍ ചെയ്യുക, സേവനങ്ങള്‍ ഉറപ്പാക്കുക എന്നിവയാണ് ഡി പി എസ് എം യു യൂനിറ്റിന്റെ ചുമതല. രോഗം സ്ഥിരീകരിച്ച ആളുകളെ ആശുപത്രികളിലേക്കോ, എഫ് എല്‍ ടി സി കളിലേക്കോ ചികില്‍സക്കായി നിര്‍ദേശിക്കേണ്ട ചുമതലയാണ് എഫ് എല്‍ ടി സി കോര്‍ഡിനേഷന്‍ ടീമിനുള്ളത്. എഫ് എല്‍ ടി സി കളിലെ സൗകര്യം പരിഗണിച്ച ശേഷമാണ് ഇവരുടെ പ്രവര്‍ത്തനം. പ്രധാനമായും ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ പ്രവര്‍ത്തനങ്ങള്‍ വഴിയാണ് കൊവിഡ് രോഗം പടരുന്നത് രോഗിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുക, റിവേഴ്സ് ക്വാറന്റൈന്‍ നടപ്പാക്കുക, സി എഫ്എല്‍ടി സി കള്‍ സ്ഥാപിക്കുക, വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക, തുടങ്ങിയ കാര്യങ്ങള്‍ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റില്‍ പ്രധാനമാണ്.

പോലിസ്, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, കുടുംബശ്രീ, ആശ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടു കൂടിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ജില്ലയിലെ കൊവിഡ് ചികില്‍സ സൗകര്യങ്ങളുടെ തത്സമയ വിവരവും ജില്ല കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കുന്നുണ്ട്. ആകെ ചികില്‍സയിലുള്ളവര്‍, അവശേഷിക്കുന്ന കിടക്കകള്‍, ഐ സി യു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍, എഫ് എല്‍ ടി സി സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും.കൊവിഡ് ചികില്‍സക്കായി ജില്ലയില്‍ 10149 കിടക്കകള്‍ ആണ് മാറ്റിവെച്ചിട്ടുള്ളത്. ഇതില്‍ 3674 കിടക്കകള്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. ആകെയുള്ള 4560 മുറികളില്‍ 2401 ഇലും രോഗികള്‍ ഉണ്ട്.

1360 ഐ സി യു കളില്‍ 658 ഉം ഉപയോഗത്തിലാണ്. 394 വെന്റിലേറ്ററുകളില്‍ 94 എണ്ണത്തിലും രോഗികള്‍ ഉണ്ട്. ജില്ലയിലെ ആകെയുള്ള മെഡിക്കല്‍ സൗകര്യങ്ങളുടെ കണക്ക് ആണിത്. ജില്ലയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ 7576 പേരാണ് ടെലി മെഡിസിന്‍ സംവിധാനം ഉപയോഗിച്ചത്. ദിവസേന 150-200 വിളികള്‍ ആണ് ടെലിമെഡിസിന്‍ നമ്പറുകളില്‍ എത്തുന്നത്. ജില്ലയിലെ ആംബുലന്‍സുകള്‍, ഡബിള്‍ ചേംബര്‍ ടാക്‌സികള്‍, ഓട്ടോ റിക്ഷകള്‍ എന്നിവയുടെ എണ്ണവും ഇത്തരത്തില്‍ ശേഖരിക്കുന്നുണ്ട്. ജില്ലയിലെ കണ്ടെയ്ന്‍മെന്റ്് സോണുകള്‍ സംബന്ധിച്ച ശുപാര്‍ശ നല്‍കുന്നത് സര്‍വെയ്ലന്‍സ് ടീം ആണ്. പോലിസിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരുടെയും നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിശ്ചയിക്കുന്നത്.

Next Story

RELATED STORIES

Share it