Kerala

തൊടുപുഴയിലെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ നാളെ മുതല്‍ രോഗികളെ പ്രവേശിപ്പിക്കും

നിലവില്‍ പ്രവര്‍ത്തനസജ്ജമായ സിഎഫ്എല്‍ടിസിയില്‍ 120 ഓളം രോഗികളെ പ്രവേശിപ്പിക്കാനാവും. വിവിധ വകുപ്പുകളുടേയും ജനപ്രതിനിധികളുടേയും മേല്‍നോട്ടത്തിലാണ് എല്ലായിടത്തും ഇത്തരം സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.

തൊടുപുഴയിലെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ നാളെ മുതല്‍ രോഗികളെ പ്രവേശിപ്പിക്കും
X

ഇടുക്കി: തൊടുപുഴ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ (സിഎഫ്എല്‍ടിസി) ബുധനാഴ്ച മുതല്‍ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങും. ഇതിന് മുന്നോടിയായുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു. വെങ്ങല്ലൂര്‍- മങ്ങാട്ട്കവല ബൈപ്പാസിലെ ഉത്രം റിജന്‍സിയില്‍ പ്രവര്‍ത്തനസജ്ജമായ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ തുടങ്ങേണ്ടി വരുമെന്ന് എംപി പറഞ്ഞു. ഇതിനായി തൊടുപുഴയിലെ മൂന്ന് കേന്ദ്രങ്ങളില്‍ പ്രാഥമികപരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

നിലവില്‍ പ്രവര്‍ത്തനസജ്ജമായ സിഎഫ്എല്‍ടിസിയില്‍ 120 ഓളം രോഗികളെ പ്രവേശിപ്പിക്കാനാവും. വിവിധ വകുപ്പുകളുടേയും ജനപ്രതിനിധികളുടേയും മേല്‍നോട്ടത്തിലാണ് എല്ലായിടത്തും ഇത്തരം സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിനല്‍കുന്നത്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തൊടുപുഴയില്‍ സിഎഫ്എല്‍ടിസിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും നഗരസഭയേയും ഇതിനായി കെട്ടിടം വിട്ട് നല്‍കിയ ഉത്രം റിജന്‍സി ഉടമയെയും എംപി അഭിനന്ദിച്ചു.

തൊടുപുഴ നഗരസഭാധ്യക്ഷയും സെന്ററിന്റെ ചെയര്‍പേഴ്‌സനുമായ സിസിലി ജോസ്, തൊടുപുഴയിലെ സെന്ററിന്റെ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സി ചാക്കോ, നോഡല്‍ ഓഫിസര്‍ ഡോ. ജെറി സെബാസ്റ്റ്യന്‍ എന്നിവരും എംപിയോടൊപ്പമുണ്ടായിരുന്നു. കൊവിഡ് പോസിറ്റീവാണെങ്കിലും ലക്ഷണമോ ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലാത്തവരെ ചികില്‍സിക്കുന്നതിനാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തുറന്നത്. ഇവിടെ പ്രവേശിപ്പിക്കുന്ന രോഗികളുടെ പരിശോധനാഫലം നെഗറ്റീവ് ആകുംവരെ സെന്ററില്‍തന്നെയാവും പാര്‍പ്പിക്കുക. ഇതിനായി ഹാളുകളില്‍ തയ്യാറാക്കിയ ക്യാബിനുകളിലെ വൈദ്യുതീകരണമടക്കം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഡോ.കെ സി ചാക്കോ പറഞ്ഞു.

Next Story

RELATED STORIES

Share it