Kerala

കൊവിഡ്: മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു സമരം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാനാണ് കോടതി നിര്‍ദേശം നല്‍കിയത്.സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയ കോടതി ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹരജിക്കാര്‍ സമര്‍പ്പിച്ച ഇടക്കാല ഹരജിയാണ് കോടതി പരിഗണിച്ചത്.

കൊവിഡ്: മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു സമരം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
X

കൊച്ചി: കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു സമരം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സര്‍ക്കാരിനു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാനാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബഞ്ച് നിര്‍ദേശം നല്‍കിയത്.സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയ കോടതി ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹരജിക്കാര്‍ സമര്‍പ്പിച്ച ഇടക്കാല ഹരജിയാണ് കോടതി പരിഗണിച്ചത്.കേസിലെ ഹരജിക്കാരായ അഡ്വ.ജോണ്‍ നുമ്പേലിയും മറ്റുമാണ് ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടത്.

സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍ഗ്രസ്, ബിജെപി, മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ സമരങ്ങള്‍ കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ഇടക്കാല ഹരജിക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിനെതിരെ നടന്ന പ്രതിഷേധങ്ങളും കോടതി ഉത്തരവ് ലംഘിച്ചാണ് നടന്നതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് നടപ്പാക്കിയത് സംബന്ധിച്ച് പോലിസില്‍ നിന്നും റിപോര്‍ട്ട് തേടണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.

കേസില്‍ എതിര്‍കക്ഷികളായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോടതി നേരത്തെ നോട്ടീസയച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എന്‍ഐഎയും ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക പ്രതിഷേധം നടന്നിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയായിരുന്നു മിക്ക പ്രതിഷേധ സമരങ്ങളും നടക്കുന്നതെന്നു ഹരജിക്കാര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it