Kerala

കൊവിഡ് വ്യാപനം: സ്വര്‍ണക്കടത്തിനെതിരായ സമരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയെന്ന് യുഡിഎഫ്

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് അംഗീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സമരങ്ങള്‍ നിര്‍ത്തുന്നത്.ഈ മാസം 31 വരെ സമരങ്ങള്‍ നടത്തില്ല. യുഡിഎഫിന്റെ യുവജന പ്രസ്ഥാനങ്ങള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയതായും ബെന്നി ബഹാനാന്‍ എം പി പറഞ്ഞു

കൊവിഡ് വ്യാപനം: സ്വര്‍ണക്കടത്തിനെതിരായ സമരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയെന്ന് യുഡിഎഫ്
X

കൊച്ചി: ഹൈക്കോടതി വിധി മാനിച്ചും കൊവിഡ് വ്യാപനം കണക്കിലെടുത്തും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജൂലൈ 31 വരെ യു ഡി എഫ് പ്രഖ്യാപിച്ചിരുന്ന സമര പരിപാടികള്‍ മാറ്റി വച്ചതായി യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ഥി-യുവജന സംഘടനകളുടെ സമരങ്ങളും മാറ്റി വെയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മറയാക്കി രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ രാജി അല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും യു ഡി എഫ് തയ്യാറല്ലെന്നും ബെന്നി ബഹനാന്‍ എംപിപറഞ്ഞു. അവിശ്വാസ പ്രമേയത്തിലൂടെ സര്‍ക്കാരിന്റെ കള്ളക്കടത്ത് ബാന്ധവം യു ഡി എഫ് തുറന്നുകാട്ടും.

കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കാബിനറ്റ് യോഗത്തില്‍ മുഖ്യമന്ത്രി മറച്ചു വച്ചത് ആരെ സഹായിക്കാനാണെന്നും അദ്ദേഹം ചോദിച്ചു. ശിവശങ്കറിനെതീരെ നടപടിയെടുക്കാന്‍ മതിയായ കരണമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് വിവരക്കേടാണ്. സ്പ്രിന്‍ക്ലര്‍ ഇടപാടില്‍ ശിവശങ്കറിനെ വെള്ളപൂശിയ മുഖ്യമന്ത്രി അതേ മാര്‍ഗത്തിലൂടെ വീണ്ടും രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി അവിഹിതമായി ശിവശങ്കറിനെ സഹായിക്കുകയാണ്. സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ച് ശിവശങ്കറിനെതിരെ നടപടി എടുക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.മന്ത്രി ജലീല്‍ കണക്കപിള്ളയല്ലെന്നും സ്വപ്‌ന വിളിച്ചാല്‍ ഓടിചെല്ലേണ്ടയാളല്ല സംസ്ഥാന മന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

ഏത് കോണ്‍സുലേറ്റ് ആയാലും എന്ത് സഹായം നല്‍കിയാലും അത് രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടാണ്. മന്ത്രിയെയല്ല സെക്രട്ടറി തലത്തിലാണ് കോണ്‍സുലേറ്റ് ഇത്തരം കാര്യങ്ങള്‍ അറിയിക്കേണ്ടത്. ഇക്കാര്യത്തില്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും യു ഡി എഫ് കണ്‍വീനര്‍ ആരോപിച്ചു. യു എ ഇ കിറ്റ് എവിടെയാണ് വിതരണം ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കണം. പി എസ് സിയെ പോലും നോക്കുകുത്തിയാക്കി ഇടനിലക്കാരെ തിരുകിക്കയറ്റാന്‍ ഐ ടി വകുപ്പിനെ മറയാക്കുന്നു.മുഖ്യമന്ത്രി ആരോപിക്കും പോലെ നാക്കിന് എല്ലില്ലാത്തത് കൊണ്ടല്ല, നട്ടെല്ല് വളയാത്തത് കൊണ്ടാണ് പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ബെന്നി ബെഹനാന്‍ എം പി പറഞ്ഞു.സ്പ്രിന്‍ക്ലര്‍ ഇടപാട് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ രാജീവ് സദാനന്ദനെ മുഖ്യമന്ത്രി ഉപദേഷ്ടാവായി നിയമിച്ചതും സംശയാസ്പദമാണ്.

ഇത്രയും വിവാദമായ കാര്യങ്ങള്‍ കാബിനറ്റില്‍ മറച്ചു വച്ച പശ്ചാത്തലത്തില്‍ സി പി ഐ മൗനം വെടിയാന്‍ തയാറാവണം. പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയനെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ സിപിഎം കേന്ദ്ര നേതൃത്വം തയാറാകണമെന്നും യു ഡി എഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ ധാര്‍മ്മികതയുണ്ടെങ്കില്‍ പിണറായി വിജയനെതിരെ സി പി എം നടപടിയെടുക്കണമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കുകയാണ്. സംസ്ഥാനത്തു കൊവിഡ് രോഗികള്‍ പോലും സമരം ചെയ്യേണ്ട ഗതികേടിലാണ്.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനുണ്ടായ വീഴ്ചയാണ് സമൂഹ വ്യാപനം വര്‍ധിക്കാന്‍ കാരണമെന്നും യു ഡി എഫ് കണ്‍വീനര്‍ ആരോപിച്ചു.യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂര്‍, ടി ജെ വിനോദ് എംഎല്‍എ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it