Kerala

കോട്ടയത്തെ കൊവിഡ് രോഗി 'കോട്ടയത്ത്' പ്രവേശിച്ചിട്ടില്ല; ഡല്‍ഹിയില്‍നിന്നെത്തി ക്വാറന്റൈനിലാക്കിയത് കമ്പംമെട്ടില്‍

കൂടെയുള്ള 71 കാരനായ ഭര്‍ത്താവിന്റെ പരിശോധനാഫലം നെഗറ്റീവാണ്. ഇവരുടെ പാസ്‌പോര്‍ട്ട് അഡ്രസ് പാലായിലെ ആയതിനാല്‍ കണക്കുപ്രകാരം കോട്ടയമെന്ന് ചേര്‍ക്കുകയായിരുന്നു.

കോട്ടയത്തെ കൊവിഡ് രോഗി കോട്ടയത്ത് പ്രവേശിച്ചിട്ടില്ല; ഡല്‍ഹിയില്‍നിന്നെത്തി ക്വാറന്റൈനിലാക്കിയത് കമ്പംമെട്ടില്‍
X

കോട്ടയം: ഗ്രീന്‍സോണായി പ്രഖ്യാപിച്ച കോട്ടയം ജില്ലയിലെ കൊവിഡ് കേസ് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. പാലാ സ്വദേശിനിയായ 65 വയസുള്ള വനിതയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍, ഇവര്‍ കോട്ടയം ജില്ലയില്‍ പ്രവേശിച്ചിട്ടില്ല. കോട്ടയം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. മക്കളെ സന്ദര്‍ശിക്കുന്നതിനായി ആസ്‌ത്രേലിയയിലേക്ക് പോയതാണ്. മാര്‍ച്ച് 21ന് ആസ്ത്രേലിയയില്‍നിന്ന് ഡല്‍ഹിയില്‍ വന്നിറങ്ങിയ ദമ്പതികളില്‍ ഒരാള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരോട് ഡല്‍ഹിയില്‍ ക്വറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍, നിര്‍ദേശം അവഗണിച്ച് ഏപ്രില്‍ 13ന് ഇവര്‍ ഭര്‍ത്താവിനൊപ്പം കാറില്‍ റോഡുമാര്‍ഗം കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. ഏപ്രില്‍ 15ന് ഇവരെ തമിഴ്നാട് അതിര്‍ത്തിയില്‍ കമ്പംമെട്ടില്‍ പോലിസ് തടഞ്ഞു. ഇതെത്തുടര്‍ന്നു നെടുങ്കണ്ടം കരുണ ആശുപത്രിയുടെ ഐസൊലേഷന്‍ വാര്‍ഡില്‍ ദമ്പതികളെ പ്രവേശിപ്പിക്കുകയായിരുന്നു. നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ സാമ്പിളെടുത്തു.

പരിശോധനാഫലം ഇന്നാണ് വന്നത്. കൂടെയുള്ള 71 കാരനായ ഭര്‍ത്താവിന്റെ പരിശോധനാഫലം നെഗറ്റീവാണ്. ഇവരുടെ പാസ്പോര്‍ട്ട് അഡ്രസ് പാലായിലെ ആയതിനാല്‍ കണക്കുപ്രകാരം കോട്ടയമെന്ന് ചേര്‍ക്കുകയായിരുന്നു. നിലവില്‍ കമ്പംമെട്ട് കൊവിഡ് കെയര്‍ സെന്ററിലാണ് ഇവരെ പ്രവേശിച്ചിട്ടുള്ളത്. കോട്ടയം ജില്ലയിലെ കൊവിഡ് രോഗികള്‍ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി. ഇതെത്തുടര്‍ന്നാണ് കോട്ടയം ജില്ലയെ ഗ്രീന്‍സോണില്‍ ഉള്‍പ്പെടുത്തി ഇളവുകള്‍ പ്രഖ്യാപിച്ചത്.

Next Story

RELATED STORIES

Share it