- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: ക്വാറന്റൈന്, പ്രതിരോധം, പരിശോധന, മറ്റ് നടപടികള്‍; ആരോഗ്യപ്രവര്‍ത്തകരും പൊതുജനങ്ങളും അറിയേണ്ട കാര്യങ്ങള്‍ ഇവയാണ്
വൈറസ് ബാധിതന് ലക്ഷണങ്ങള്‍ പ്രകടമാവുന്നതിന് 2 ദിവസം മുമ്പ് മുതല്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി 14ാം ദിവസം വരെയുള്ള ഘട്ടത്തില്‍ എതെങ്കിലും വിധത്തിലുണ്ടാവുന്ന ബന്ധമാണ് സമ്പര്‍ക്കമായി പരിഗണിക്കുക.
കൊവിഡ് വൈറസ് ബാധയുമായി ബന്ധപ്പെട്ട് പ്രതിരോധം, പരിശോധന, സമ്പര്‍ക്കം, മറ്റ് നടപടിക്രമങ്ങള്‍ എന്ന സംബന്ധിച്ച് പൊതുജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ആണ് ഇത് തയ്യാറാക്കിയത്.
1. സമ്പര്‍ക്കം എന്നാല്‍ എന്ത് ?
വൈറസ് ബാധിതന് ലക്ഷണങ്ങള്‍ പ്രകടമാവുന്നതിന് 2 ദിവസം മുമ്പ് മുതല്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി 14ാം ദിവസം വരെയുള്ള ഘട്ടത്തില്‍ താഴെപ്പറയുന്ന എതെങ്കിലും വിധത്തിലുണ്ടാവുന്ന ബന്ധമാണ് സമ്പര്‍ക്കമായി പരിഗണിക്കുക. (രോഗലക്ഷണമില്ലാതെ അണുബാധ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കം നിശ്ചയിക്കുന്നതിന് സ്രവം ശേഖരിക്കുന്നതിന് രണ്ടുദിവസം മുമ്പ് മുതലുള്ള ദിവസങ്ങളാണ് പരിഗണിക്കേണ്ടത്).
2. ഹൈ റിസ്ക് പ്രൈമറി കോണ്ടാക്ടുകള് ആരൊക്കെ ?
ഒരു മീറ്ററിനുള്ളില്‍ കുറഞ്ഞത് 15 മിനിറ്റ് സമയം വൈറസ് ബാധിതനോടൊപ്പം ചെലവഴിച്ചവര്‍
വൈറസ് ബാധിതനുമായി നേരിട്ട് ശാരീരിക ബന്ധം പുലര്‍ത്തിയവര്‍
വൈറസ് ബാധിതനുമായി ഒന്നിച്ച് മുറിയോ ഭക്ഷണമോ പങ്കുവച്ചവര്‍
നിര്‍ദേശിക്കപ്പെട്ടിട്ടുള്ള വ്യക്തിഗത സംരക്ഷണ ഉപാധികള്‍ ശരിയായി ധരിക്കാതെ വൈറസ് ബാധിതരെ പരിചരിക്കുകയോ, സ്രവം ശേഖരിക്കുകയോ, സ്രവം കൈകാര്യം ചെയ്യുകയോ, തൊണ്ട തുറന്നുള്ള ആരോഗ്യപരിശോധനയോ, പരിചരണമോ നടത്തുകയോ ചെയ്തവര്‍
വൈറസ് ബാധിതര്‍ ഉപയോഗിച്ച ഉപകരണങ്ങള്‍, പാത്രങ്ങള്‍ തുണികള്‍ തുടങ്ങിയവ മാസ്കോ കൈയുറയോ ഉപയോഗിക്കാതെ കൈകാര്യം ചെയ്തവര്‍
3. സെക്കന്‍ഡറി കോണ്ടാക്ടുകള് എന്നാല്‍ ആര് ?
ഹൈറിസ്ക് പ്രൈമറി കോണ്‍ടാക്ടുകളായ ആളുകളുമായി മുകളില്‍ പറഞ്ഞവയില്‍ ഏതെങ്കിലും വിധത്തില്‍ ബന്ധം പുലര്‍ത്തിയവര്‍.
4. ക്വാറന്റൈനില്‍ കഴിയേണ്ടത് ആര് ?
മേല്പറഞ്ഞ ഹൈറിസ്ക് പ്രൈമറി കോണ്ടാക്ടുകള്, വിദേശത്തുനിന്നോ സംസ്ഥാനത്തിനു പുറത്തുനിന്നോ എത്തുന്നവര്‍.
5. സെക്കന്‍ഡറി കോണ്ടാക്ടുകള്ക്ക് ക്വാറന്റൈന് വേണ്ടതുണ്ടോ ?
ആവശ്യമില്ല; എന്നാല്‍, രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ പ്രദേശത്തെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് കൊവിഡ് പരിശോധന നടത്തണം. ഇവര്‍ 14 ദിവസം അനാവശ്യയാത്രകള്‍ ഒഴിവാക്കുകയും മറ്റുള്ളവരുമായി കുറഞ്ഞത് രണ്ടുമീറ്റര്‍ അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും പൊതുവേദികളും ചടങ്ങുകളും ഉള്‍പ്പെടെയുള്ള സാമൂഹിക സമ്പര്‍ക്കസാധ്യതകള്‍ ഒഴിവാക്കുകയും ചെയ്യണം.
6. ക്വാറന്റൈന് എത്ര ദിവസം ?
വിദേശത്തുനിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ എത്തിയ തിയ്യതി മുതലോ വൈറസ് ബാധിതനുമായി അവസാനം സമ്പര്‍ക്കം പുലര്‍ത്തിയ ദിവസം മുതല്‍ 14 ദിവസം വരെയോ. സ്രവ പരിശോധനക്ക് വിധേയരായവര്‍ 14 ദിവസം പൂര്‍ത്തിയായാലും പരിശോധനാ ഫലം വരുന്നതുവരെ ക്വാറന്റൈനില്‍ തുടരണം.
7. ക്വാറന്റൈനില്‍ കഴിയുന്നവരെ എപ്പോഴാണ് പരിശോധനയ്ക്ക് വിധേയരാക്കേണ്ടത് ?
ക്വാറന്റൈന് കാലയളവില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍
സംസ്ഥാനത്തിന് പുറത്തുനിന്നോ വിദേശത്തുനിന്നോ എത്തിയതിനു ശേഷം ഏട്ടാം ദിവസം. അല്ലെങ്കില്‍ വൈറസ് ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണെങ്കില്‍ അവസാനമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനുശേഷം എട്ടാം ദിവസം.
8. ക്വാറന്റൈന് കാലാവധി കഴിഞ്ഞും നിരീക്ഷണം ആവശ്യമുണ്ടോ, ഉണ്ടെങ്കില്‍ ആര്‍ക്കൊക്കെ, എത്രദിവസം ?
ആവശ്യമില്ല. എങ്കിലും 14 ദിവസം കൂടി പൊതുപരിപാടികളും പൊതുവാഹനങ്ങളിലെ യാത്രകളും ഒഴിവാക്കണം. കൊവിഡ് പ്രതിരോധത്തിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
9. ക്വാറന്റൈന് വേണ്ടാത്തത് ആര്‍ക്കൊക്കെ ?
സംസ്ഥാനത്തിന് പുറത്തുനിന്നുവരുന്നവരും ഹൈ റിസ്ക് പ്രൈമറി കോണ്ടാക്ടുകളും ഒഴികെ ആര്‍ക്കും ക്വാറന്റൈന് ആവശ്യമില്ല.
രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്ടാക്ടുകള്, രോഗം ഭേഗമായി ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടവര്‍, വിദേശത്തുനിന്നോ സംസ്ഥാനത്തിന് പുറത്തുനിന്നോ ഏഴോ അതില്‍ കുറവോ ദിവസത്തേക്കു മാത്രം പ്രത്യേക ആവശ്യങ്ങള്‍ക്കായി എത്തി മടങ്ങുന്നവര്‍ എന്നിവരും ക്വാറന്റൈനില്‍ കഴിയേണ്ടതില്ല.
10. സംസ്ഥാനത്തിന് പുറത്തുനിന്ന് ഹ്രസ്വസന്ദര്‍ശനത്തിന് എത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ?
നാട്ടിലെത്തിയാല്‍ നേരത്തെ നിശ്ചയിച്ചിട്ടുള്ള താമസസ്ഥലത്തേക്കാണ് നേരിട്ട് പോവേണ്ടത്
ഹോട്ടലിലാണ് താമസിക്കുന്നതെങ്കില്‍ പൊതുസ്ഥലത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. റൂം സര്‍വീസ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ ഡെലിവറി പ്രയോജനപ്പെടുത്തുക
അനുവാദം ലഭിച്ചിട്ടുള്ള ചടങ്ങില്‍ പങ്കെടുക്കുകയോ അല്ലെങ്കില്‍ ആവശ്യം സാധിക്കുകയോ ചെയ്യുമ്പോള്‍ കൊവിഡ് സുരക്ഷാമാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക
സന്ദര്‍ശനത്തിന് മുന്‍കൂര്‍ അനുവദിക്കപ്പെട്ട കാര്യത്തിന് ഒഴികെ പൊതുവേദികള്‍, ചടങ്ങുകള്‍ തുടങ്ങി സാമൂഹ്യസമ്പര്ക്കത്തിനുള്ള സാധ്യതകള്‍ പൂര്‍ണമായും ഒഴിവാക്കണം
യാതൊരു കാരണവശാലും അറുപതു വയസിനു മുകളിലുള്ളവരുമായോ പത്തു വയസിന് താഴെയുള്ള കുട്ടികളുമായോ സമ്പര്‍ക്കം പുലര്‍ത്താന്‍ പാടില്ല
അനാവശ്യയാത്രകള്‍ ഒഴിവാക്കുക
മറ്റുള്ളവരുമായി കുറഞ്ഞത് രണ്ടുമീറ്റര്‍ അകലം പാലിക്കുക.
11. കണ്ടെയ്ന്മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതിന് പരിഗണിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെ ?
ഒരു പ്രദേശത്ത് ഒരേസമയം ഒന്നിലധികം വീടുകളില്‍ കൊവിഡ് സ്ഥിരീകരിക്കുക
ഒരു പ്രദേശത്ത് ഒരേസമയം 10 പ്രൈമറി കോണ്ടാക്ടുകള് അല്ലെങ്കില്‍ 25 സെക്കന്‍ഡറി കോണ്ടാക്ടുകള് ഉണ്ടാവുക
ബന്ധപ്പെട്ട വകുപ്പുകളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണായ ജില്ലാ കലക്ടറാണ് കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിക്കുക
12. കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം ഒഴിവാക്കുന്നത് എപ്പോള്‍ ?
കണ്ടെയ്ന്മെന്റ് പ്രഖ്യാപിച്ച ഒരു പ്രദേശത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്ക്കപട്ടികയിലുള്ളവര്ക്കു പുറമെ രോഗം സ്ഥിരീകരിക്കാതിരിക്കുകയും പ്രദേശത്തെ എല്ലാ പ്രൈമറി കോണ്ടാക്ടുകളുടെയും സ്രവപരിശോധന പൂര്‍ത്തിയാക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് നിയന്ത്രണം ഒഴിവാക്കുക.
13. കണ്ടെയ്ന്മെന്റ് സോണുകളിലുള്ളവര്‍ക്ക് പുറത്ത് ജോലിയ്ക്കുപോവാമോ ?
അവശ്യസേവനവിഭാഗങ്ങള്ക്കും മറ്റ് സര്‍ക്കാര്‍ ജീവനക്കാരില്‍ ഓഫിസ് മേധാവി അവശ്യപ്പെടുന്നവര്‍ക്കും ഒഴികെ ആര്‍ക്കും പുറത്തേക്കും തിരികെയും പോവാന്‍ അനുമതിയില്ല.
14. മരണം സംഭവിച്ച ശേഷം ശരീരം ആശുപത്രിയിലെത്തിക്കുമ്പോള്‍ ആശുപത്രി അധികൃതര്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്തെല്ലാം ?
പ്രദേശത്തെ പോലിസ് സ്റ്റേഷനില്‍ രേഖാമൂലം വിവരം അറിയിക്കുക
ശരീരത്തില്‍നിന്ന് മൂന്ന് സ്രവ സാംപിളുകള്‍ ശേഖരിക്കുക
പോസ്റ്റ്മോര്‍ട്ടം ആവശ്യമില്ല എന്ന് പോലീസില്‍നിന്ന് രേഖാമൂലം അറിയിപ്പ് ലഭിച്ചശേഷം കൊവിഡ് മാനദണ്ഡപ്രകാരം മൃതദേഹം സംസ്കരിക്കാന്‍ വിട്ടുനല്‍കാവുന്നതാണ്. കൊവിഡ് മാനദണ്ഡപ്രകാരം സംസ്കരിക്കുന്നതിന് പരിശോധനാഫലത്തിനായി കാത്തിരിക്കേണ്ടതില്ല.
ശേഖരിച്ച സ്രവസാമ്പിളുകളില്‍ ആദ്യത്തേത് നാറ്റ് അഥവാ ട്രൂനാറ്റ് പരിശോധനക്ക് സമീപത്തെ പരിശോധനാ കേന്ദ്രത്തില്‍ അയയ്ക്കുക. ഈ പരിശോധനാഫലം നെഗറ്റീവാണെങ്കില്‍ കൊവിഡ് മാനദണ്ഡപ്രകാരമല്ലാതെയും സംസ്കാരം നടത്താന്‍ അനുവദിക്കാവുന്നതാണ്.
ട്രൂനാറ്റ് പരിശോധനാ ഫലം പോസിറ്റിവാണെങ്കില്‍ രണ്ടാമത്തെ സാംപിള്‍ ആര്‍ടിപിസിആര്‍ പരിശോധനക്കായി ആലപ്പുഴ എന്‍ഐവിയിലേക്ക് അയയ്ക്കുക. ഈ ഘട്ടത്തില്‍ സംസ്കാരം നടത്തുന്ന പക്ഷം കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പായും പാലിക്കേണ്ടതാണ്.
മൂന്നാമത്തെ സാംപിള്‍ ഭാവിയില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി സ്ഥാപനത്തില്‍തന്നെ സൂക്ഷിക്കുക
കൊവിഡ് ബാധിച്ച് ചികില്‍സയിലിരുന്നയാള്‍ മരിച്ചാല്‍ വീണ്ടും കൊവിഡ് പരിശോധന നടത്തേണ്ടതില്ല.
15. കൊവിഡ് ബാധിതരുടെയും രോഗബാധ സംശയിക്കപ്പെടുന്നവരുടെയും മൃതദേഹം സംസ്കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ?
ശരീരം അണുവിമുക്തമാക്കി സുരക്ഷിതമായി ബോഡിബാഗിലാക്കിയാണ് ആശുപത്രിയില്‍നിന്ന് ബന്ധുക്കള്‍ക്ക് കൈമാറേണ്ടത്. മൃതദേഹം കൊണ്ടുപോയ വാഹനം അണുവിമുക്തമാക്കണം
ശരീരം കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡപ്രകാരമാണ് സംസ്കരിക്കേണ്ടത്. മാനദണ്ഡങ്ങള്‍ പാലിച്ച് വീട്ടിലോ, ശ്മശാനത്തിലോ സംസ്കരിക്കാവുന്നതാണ്. ആചാരപ്രകാരം ദഹിപ്പിക്കുന്നതും, ആഴത്തില്‍ കുഴിയെടുത്തു മറവുചെയ്യുന്നതും അനുവദനീയമാണ്.
ശരീരം കൈകാര്യം ചെയ്യുന്നവര്‍ സര്‍ജിക്കല്‍ മാസ്ക് (ത്രീ ലയര്‍), കൈയുറ എന്നിവ ധരിക്കണം.
ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ ബോഡിബാഗിന്റെ സിപ് തുറന്ന് മുഖം മാത്രം കാണാന്‍ അനുവദിക്കാവുന്നതാണ്.
അന്ത്യചുംബനം, സ്പര്‍ശനം തുടങ്ങിയവ കര്‍ശനമായും ഒഴിവാക്കണം. വിശുദ്ധഗ്രന്ഥ വായന, മന്ത്രോച്ചാരണം, മറ്റ് പ്രാര്‍ത്ഥനകള്‍ ഉള്‍പ്പെടെയുള്ള ആചാരാനുഷ്ഠാനങ്ങള്‍ അനുവദനീയമാണ്. ചടങ്ങില്‍ മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്തുകൊണ്ട് പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം.
ശരീരം മറവുചെയ്യുകയാണെങ്കില്‍ കുഴിക്ക് ആറടി മുതല്‍ പത്ത് അടി വരെ ആഴമുണ്ടായിരിക്കണം. മൃതദേഹത്തില്‍നിന്ന് രോഗം പകരില്ലെന്ന് സംസ്കരിക്കുന്നവരെ ബോധവത്കരിക്കണം.
ശരീരം ദഹിപ്പിച്ച ശേഷം ചിതാഭസ്മം സാധാരണ പോലെ ശേഖരിക്കുന്നതും പൊതുവെയുള്ള ആചാരങ്ങള്‍ നടത്തുന്നതും അനുവദനീയമാണ്.
(കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയത്)
കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം)
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT