Kerala

കൊവിഡ് പ്രതിരോധം; ജീവന്‍ പൊലിഞ്ഞ രണ്ട് ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തിന് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്

കൊവിഡ് പ്രതിരോധം; ജീവന്‍ പൊലിഞ്ഞ രണ്ട് ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തിന് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്
X

തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണമടഞ്ഞ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ വീതം പിഎംജികെപി ഇന്‍ഷുറന്‍സ് ക്ലെയിം അനുവദിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. എറണാകുളം ലിറ്റില്‍ ഫഌവര്‍ ആശുപത്രിയിലെ അനസ്തീഷോളജിസ്റ്റ് ഡോ.ടി വി ജോയ്, കോട്ടയം മെഡിക്കല്‍ കോളജിലെ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ ജി.സോമരാജന്‍ എന്നിവരുടെ കുടുംബത്തിനാണ് ഇന്‍ഷുറന്‍സ് അനുവദിച്ചത്. ഇന്‍ഷുറന്‍സ് തുക അവരുടെ ബന്ധുക്കളുടെ അക്കൗണ്ടിലെത്തിയിട്ടുണ്ട്.

ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം ഉദ്യോഗസ്ഥര്‍, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ഡോ. കൃഷ്ണ പ്രസാദ്, അസി. മാനേജര്‍ ആനന്ദ് സഖറിയ എന്നിവരുടെ പരിശ്രമഫലമായാണ് കേന്ദ്ര സര്‍ക്കാരിന്റെ പിഎംജികെപി ഇന്‍ഷുറന്‍സ് ക്ലൈം നടപടികള്‍ വേഗത്തില്‍ പാലിച്ച് നേടിക്കൊടുക്കാന്‍ സഹായകരമായത്. ഇതുവരെ 9 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്‍ഷുറന്‍സ് ക്ലൈം നേടിക്കൊടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.

രണ്ടുപേരും കൊവിഡ് ബാധിച്ചാണ് മരണമടഞ്ഞത്. ഡോ.ടി വി ജോയ് 30 വര്‍ഷമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ കീഴില്‍ ലിറ്റില്‍ ഫഌവര്‍ ആശുപത്രിയെ എംപാനല്‍ ചെയ്തതു മുതല്‍ ക്രിട്ടിക്കല്‍ കെയര്‍ ടീമില്‍ പ്രധാന പങ്ക് വഹിച്ചു.

രോഗികളുടെ വെന്റിലേറ്റര്‍ പരിചരണത്തിലും ഡോ.ടി വി ജോയ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 22 വര്‍ഷം ആരോഗ്യമേഖലയില്‍ സേവനമനുഷ്ഠിച്ചയാളാണ് ജി സോമരാജന്‍. കൊവിഡ് രോഗികളുടെ പരിചരണത്തിന്റെ ഭാഗമായുള്ള രക്തപരിശോധന പോലെ അതീവ റിസ്‌കുള്ള മേഖലയിലായിരുന്നു ജോലിചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ഡെയ്‌സമ്മ കോട്ടയം മെഡിക്കല്‍ കോളജിലെ ഹെഡ് നഴ്‌സാണ്. ഡെയ്‌സമ്മ ഇപ്പോഴും കൊവിഡ് ഡ്യൂട്ടിയിലാണ്.

Next Story

RELATED STORIES

Share it