Kerala

കൊവിഡ് അവലോകന യോഗം ഇന്ന്;മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുക്കും

നിലവിലെ നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ മതിയോ, കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ തുറക്കേണ്ടതുണ്ടോ, കൊവിഡ് ബ്രിഗേഡ് നിയമനം വേഗത്തിലാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും

കൊവിഡ് അവലോകന യോഗം ഇന്ന്;മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുക്കും
X

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടേ സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം ചേരും.കഴിഞ്ഞ അവലോകന യോഗത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ നിയന്ത്രണങ്ങള്‍ ഫലപ്രദമാണോ എന്ന് യോഗം വിലയിരുത്തും. അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുക്കും.

നിലവിലെ നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ മതിയോ, കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ തുറക്കേണ്ടതുണ്ടോ, കൊവിഡ് ബ്രിഗേഡ് നിയമനം വേഗത്തിലാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ജില്ലകളിലെ വ്യാപനത്തോത് കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അധികാരം ജില്ല ഭരണകൂടങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

ടിപിആര്‍ ഒഴിവാക്കി ആശുപത്രിയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ നിയന്ത്രണം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ അവലോകന യോഗമാണ് ഇന്ന് ചേരുന്നത്. പുതിയ നിയന്ത്രണത്തിന് ശാസ്ത്രീയ പിന്‍ബലമില്ലെന്ന വിമര്‍ശനം ശക്തമാണ്. ഏറെ നാളുകള്‍ക്ക് ശേഷം ഏര്‍പെടുത്തിയ ഞായറാഴ്ച്ച നിയന്ത്രണം ഇന്നലെ സമ്പൂര്‍ണമായിരുന്നു. പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷമുള്ള സാഹചര്യം യോഗം വിലയിരുത്തും.

കേരളത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും 40000ന് മുകളിലാണ് കൊവിഡ് രോഗികള്‍. സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി സമയം അടക്കം ക്രമീകരിച്ച് കൂടുതല്‍ ഡോക്ടര്‍മാരെ കൊവിഡ് ചികില്‍സക്കായി നിയോഗിച്ചിട്ടുണ്ട്. ജനുവരി 16 മുതല്‍ 22 വരെയുള്ള കാലയളവില്‍, ശരാശരി 1,72,290 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.6 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.

ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടായേക്കും. രോഗ വ്യാപന തോത് ഉയരുമ്പോഴും ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞു നില്‍ക്കുന്നതാണ് സര്‍ക്കാരിനുള്ള ഏക ആശ്വാസം. അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇടയിലും പൊലീസുകാര്‍ക്കിടയിലും രോഗവ്യാപനം രൂക്ഷമാകുന്നത് വെല്ലുവിളിയാണ്.

Next Story

RELATED STORIES

Share it