Kerala

കൊവിഡ് വ്യാപനം: കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍; ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചു

ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ ജില്ലയില്‍ യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചു. വില്യാപ്പള്ളി, പെരുമണ്ണ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകള്‍, പെരുവയല്‍ പഞ്ചായത്തിലെ 11ാം വാര്‍ഡായ പൂവാട്ട്പറമ്പ് ഈസ്റ്റ്, കൊയിലാണ്ടി മുനിസിപ്പാലിറ്റി ഏരിയയിലെ മുഴുവന്‍ ഹോട്ടലുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ഉത്തരവായി.

കൊവിഡ് വ്യാപനം: കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍; ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചു
X

കോഴിക്കോട്: സമ്പര്‍ക്കംവഴിയുള്ള കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ലക്ഷണമില്ലാത്തവരില്‍ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഗൗരവമായി കാണേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ ജില്ലയില്‍ യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചു. റോഡുകളിലും വഴിയോരങ്ങളിലുമുള്ള യോഗങ്ങള്‍ക്കും നിരോധനം ബാധകമാണ്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യുകയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും.

ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. പാര്‍സലുകള്‍ മാത്രമായിരിക്കും അനുവദിക്കുക. ഷോപ്പിങ് മാളുകള്‍ നിയന്ത്രണ മേഖലയായിരിക്കും. കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ ഇവ പ്രവര്‍ത്തിക്കാവൂ. സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം തെര്‍മല്‍ സ്‌കാനിങ്ങും സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്. എല്ലാത്തപക്ഷം ഷോപ്പുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികളുണ്ടാവും. എല്ലാ ഔദ്യോഗിക യോഗങ്ങളും വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തണം. വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും 20 പേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല.

പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിച്ചിരിക്കണം. ആരാധനാലയങ്ങളില്‍ ഒരുസമയം 20 പേരെ മാത്രമേ അനുവദിക്കൂ. 65 ന് മുകളിലുള്ളവരും 10 വയസില്‍ താഴെയുള്ളവരും പ്രവേശിക്കരുത്. സാമൂഹിക അകലം പാലിക്കേണ്ടതും രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതും ആരാധനാലയ മേധാവിയുടെ ചുമതലയാണ്. ആരാധനയ്‌ക്കെത്തുന്നവര്‍ ചുരുങ്ങിയത് 6 അടി അകലം പാലിക്കണം. ഇനി ഒരുത്തരവുണ്ടാവുന്നതുവരെ ഞായറാഴ്ചകളില്‍ ജില്ലയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരും. അവശ്യവസ്തുക്കളുടെ കടകളും (മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഒഴികെ) മെഡിക്കല്‍ ഷോപ്പുകളും മാത്രമേ തുറക്കാന്‍ പാടുള്ളൂ.

വൈദ്യസഹായത്തിനും അടിയന്തര ആവശ്യങ്ങള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ യാത്ര നടത്തരുത്. കണ്ടെയ്ന്‍മെന്റ് സോണുകളുടെ അകത്തേക്കും പുറത്തേക്കുമുള്ള യാത്രയ്ക്കും നിരോധനമുണ്ട്. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായവരും 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. വില്യാപ്പള്ളി, പെരുമണ്ണ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകള്‍, പെരുവയല്‍ പഞ്ചായത്തിലെ 11ാം വാര്‍ഡായ പൂവാട്ട്പറമ്പ് ഈസ്റ്റ്, കൊയിലാണ്ടി മുനിസിപ്പാലിറ്റി ഏരിയയിലെ മുഴുവന്‍ ഹോട്ടലുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ഉത്തരവായി.

Next Story

RELATED STORIES

Share it