Kerala

ആര്‍സിസിയില്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് കൊവിഡ് പരിശോധന

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കൊവിഡ് ലാബിലായിരിക്കും പരിശോധന നടത്തുക.

ആര്‍സിസിയില്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് കൊവിഡ് പരിശോധന
X

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗികള്‍ക്ക് കൊവിഡ് പരിശോധന നടത്താന്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗ ലക്ഷണങ്ങളില്ലാത്തവര്‍ പോലും കൊവിഡ് വാഹകരാകാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നാണ് മിക്ക മാര്‍ഗനിര്‍ദ്ദേശങ്ങളും ശിപാര്‍ശ ചെയ്യുന്നത്. കാന്‍സര്‍ ശസ്ത്രക്രിയയിലും ശസ്ത്രക്രിയാനന്തര ഘട്ടത്തിലും ഉണ്ടാകുന്ന ശരീര സ്രവത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സ്പര്‍ശിക്കേണ്ടതായി വരുന്നുണ്ട്. ഇതിലൂടെ ഉണ്ടാകുന്ന രോഗപ്പകര്‍ച്ച ഐസിയുവിലെയും വാര്‍ഡുകളിലെയും മറ്റ് രോഗികള്‍ക്കും അപകടകരമാണ്.

ഇത് മുന്നില്‍ കണ്ടാണ് കാന്‍സര്‍ രോഗികളുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും സുരക്ഷയെ കരുതി കാന്‍സര്‍ രോഗികള്‍ക്ക് ശസ്ത്രക്രിയയ്ക്ക് മുമ്പ് കൊവിഡ് പരിശോധന നടത്താന്‍ അനുമതി നല്‍കിയത്. രോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോഗികളെ കൊറോണ വൈറസ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തുന്നു. അതേസമയം കാന്‍സര്‍ ശസ്ത്രക്രിയ അടിയന്തര സ്വഭാവമുള്ളതിനാല്‍ ഒരു ഘട്ടത്തിനപ്പുറം മാറ്റിവയ്ക്കാനും കഴിയില്ല. അതിനാല്‍ ഏപ്രില്‍ 15 മുതല്‍ ആര്‍സിസിയില്‍ എല്ലാ കാന്‍സര്‍ ശസ്ത്രക്രിയകളും പുനരാരംഭിച്ചു. ആര്‍സിസിയിലേക്ക് വരുന്ന മിക്ക രോഗികളും സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകള്‍, റെഡ് സോണുകള്‍, ജില്ലാ അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്നതും നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന സങ്കീര്‍ണമായതാണ് മിക്ക ശസ്ത്രക്രിയകളും. അതിനാല്‍ രോഗികളെയും ആരോഗ്യ പ്രവര്‍ത്തകരേയും കൊറോണ വൈറസില്‍ നിന്ന് സംരക്ഷിക്കേണ്ടതുമുണ്ട്. കൊവിഡ് പരിശോധനയിലൂടെ കാന്‍സര്‍ രോഗികളില്‍ കൊവിഡ് ബാധിച്ചിട്ടുണ്ടോയെന്ന് നേരത്തെ കണ്ടെത്താനും അതിലൂടെ അവരുടെ ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷിക്കാനും സാധിക്കുന്നു.

ആര്‍സിസിയിലെ കോവിഡ് ലാബിന് ഐസിഎംആര്‍ അംഗീകാരം ലഭിക്കുന്നതുവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കൊവിഡ് ലാബിലായിരിക്കും ഈ രോഗികള്‍ക്കുള്ള കൊവിഡ് പരിശോധന നടത്തുക.

Next Story

RELATED STORIES

Share it