Kerala

കൊവിഡ്: പ്രതിരോധ നടപടികള്‍ കടുപ്പിച്ച് തൊടുപുഴ നഗരസഭ

കൊവിഡ്: പ്രതിരോധ നടപടികള്‍ കടുപ്പിച്ച് തൊടുപുഴ നഗരസഭ
X

ഇടുക്കി: കൊവിഡ് രോഗപ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊടുപുഴ ഗാന്ധി സ്‌ക്വയര്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറിയിച്ചു. മാര്‍ക്കറ്റ് റോഡിലും, സമീപവ്യാപാര സ്ഥാപനങ്ങളിലും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ കൂട്ടം കൂടുന്നതായും, വാഹനങ്ങള്‍ എത്തുന്നതായും നഗരസഭ കണ്ടെത്തിയിരുന്നു. ഇത്തരം നിയമലംഘനങ്ങള്‍ നഗരത്തില്‍ വീണ്ടും രോഗവര്‍ധനവിന് കാരണമാവുമെന്ന് നഗരസഭ ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ചെയര്‍മാന്‍ അടിയന്തിമായി വിളിച്ചു ചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശങ്ങളും, നിയന്ത്രണങ്ങളും ലംഘിക്കുന്ന വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കുമെതിരേ ദുരന്തനിവാരണ നിയമപ്രകാരം പോലിസ് നടപടിയുണ്ടാവും.

പച്ചക്കറി മൊത്തവ്യാപാരം തിങ്കള്‍, ബുധന്‍, വെളളി, ശനി ദിവസങ്ങളില്‍ വെളുപ്പിന് രണ്ട് മണി മുതല്‍ രാവിലെ 10 മണിവരെ മാത്രമേ അനുവദിക്കുകയുളളു. ഈ സമയങ്ങളില്‍ മാത്രമേ വലിയ ചരക്ക് വാഹനങ്ങള്‍ മാര്‍ക്കറ്റ് റോഡില്‍ പ്രവേശിക്കാന്‍ പാടുളളൂ. രാവിലെ 10 ന് ശേഷം മാത്രമാണ് വില്പനക്കുളള പച്ചക്കറികള്‍ സംഭരിക്കുന്നതിന് ചെറിയ വാഹനങ്ങള്‍ക്ക് പ്രവേശനാനുമതി. മറ്റ് സ്വകാര്യവാഹനങ്ങള്‍ മാര്‍ക്കറ്റ് റോഡില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതാണ്. റോഡ് സൈഡിലും, ഫുട്പാത്തിലും വ്യാപാരം അനുവദിക്കില്ല. വ്യാപാര സ്ഥാപനങ്ങളില്‍ പരമാവധി ജീവനക്കാരെ കുറയ്ക്കണം. എല്ലാ സ്ഥാപനങ്ങളിലും രോഗപ്രതിരോധ നിബന്ധനകളും, സംവിധാനങ്ങളും പൂര്‍ണ്ണതോതില്‍ ഏര്‍പ്പെടുത്തിയിരിക്കണം.

സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ കൂട്ടം കൂടിനില്‍ക്കുന്ന സാഹചര്യമുണ്ടാവാന്‍ പാടില്ല. 5ാം തിയ്യതി ശനിയാഴ്ച രാവിലെ 10 മണിമുതല്‍ മുനിസിപ്പല്‍ മൈതാനിയില്‍ നഗരസഭ കൊവിഡ് രോഗ പരിശോധന ക്യാംപ് സംഘടിപ്പിക്കും. എല്ലാ വ്യാപാരസ്ഥാപന ഉടമകളെയും, ജീവനക്കാരെയും നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയരാക്കുന്നതിനാണ് തീരുമാനം. ടെസ്റ്റിന് മുന്നോടിയായി ഉടമകള്‍ സ്ഥാപനത്തിന്റെ പേരും, ജീവനക്കാരുടെ പേരും, മൊബൈല്‍ ഫോണ്‍ നമ്പരും നഗരസഭയില്‍ നല്‍കണമെന്നും ചെയര്‍മാന്‍ അറിയിച്ചു. യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സന്‍ ജെസ്സി ജോണി, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം എ കരിം, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.ജോസഫ് ജോണ്‍, നഗരസഭ സെക്രട്ടറി ബിജുമോന്‍ ജേക്കബ്, നഗരസഭ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍, സെക്ടറല്‍ മജിസ്ട്രറ്റ്, റവന്യൂ, പോലിസ്, ആരോഗ്യവകുപ്പുകളുടെ പ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ടി സി രാജു തരണിയില്‍, മാര്‍ക്കറ്റിലെ ഹോള്‍സെയില്‍, റീട്ടെയില്‍ വ്യാപാരികള്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it