Kerala

കൊവിഡ്: കോട്ടയം ജില്ലയിലെ രണ്ട് പഞ്ചായത്തുകളും നാല് മുനിസിപ്പാലിറ്റി വാര്‍ഡുകളും ഹോട്ട്‌സ്‌പോട്ടുകള്‍

ലോഡിങ് തൊഴിലാളിയുടെ കോട്ടയം മാര്‍ക്കറ്റിലെ സഹപ്രവര്‍ത്തകരെയും പരിശോധനയ്ക്ക് വിധേയരാക്കും. ജില്ലാ കലക്ടറും ജില്ലാ പോലിസ് മേധാവിയും ജില്ലാ മെഡിക്കല്‍ ഓഫിസറും മാര്‍ക്കറ്റ് സന്ദര്‍ശിച്ചു.

കൊവിഡ്: കോട്ടയം ജില്ലയിലെ രണ്ട് പഞ്ചായത്തുകളും നാല് മുനിസിപ്പാലിറ്റി വാര്‍ഡുകളും ഹോട്ട്‌സ്‌പോട്ടുകള്‍
X

കോട്ടയം: ജില്ലയില്‍ പുതുതായി ഇന്ന് രണ്ടുപേര്‍ക്കുകൂടി കൊവിഡ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രണ്ട് പഞ്ചായത്തുകളും നാല് മുനിസിപ്പാലിറ്റി വാര്‍ഡുകളും ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ജില്ലയിലെ പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയുടെ 20, 29, 36, 37 വാര്‍ഡുകളുമാണ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചത്. കൊവിഡ് സ്ഥിരീകരിച്ച കോട്ടയത്തെ ലോഡിങ് തൊഴിലാളിയായ 37 കാരന്റെ സ്രവസാംപിള്‍ 22നാണ് കോട്ടയം ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്‌ക്കെടുത്തത്.

പാലക്കാട്ട് രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം സഞ്ചിരിച്ച ഡ്രൈവര്‍ കോട്ടയത്ത് ഏപ്രില്‍ 20നെത്തിച്ച ലോഡ് ഇറക്കുന്നതില്‍ ഇയാള്‍ പങ്കാളിയായിരുന്നു. എങ്കിലും ഡ്രൈവറുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. ലോഡ് ഇറക്കിയ കടയുടെ ഉടമയുടെയും ഈ തൊഴിലാളിയുടെയും ഉള്‍പ്പെടെ എട്ടുപേരുടെ സാംപളുകളെടുത്തിരുന്നു. ഇയാള്‍ ഒഴികെ എല്ലാവരുടെയും ഫലം നെഗറ്റീവാണ്. കോട്ടയത്തെത്തിയ ഡ്രൈവറുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല. എറണാകുളം ജനറല്‍ ആശുപത്രിയില്‍ സാംപിളെടുത്തശേഷം ഇയാളെ പാലക്കാട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടാമത് കൊവിഡ് സ്ഥിരീകരിച്ച 31കാരന്‍ തിരുവനന്തപുരത്തെ സ്വകാര്യമേഖലയിലെ ആരോഗ്യപ്രവര്‍ത്തകനാണ്.

മാര്‍ച്ച് 24ന് തിരുവന്തപുരത്തുനിന്നും കാറില്‍ കോട്ടയം ജില്ലയിലെത്തി. കോട്ടയത്തുനിന്നും കാറുമായി പോയി ഒരാള്‍ കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് വീട്ടില്‍തന്നെ കഴിയുകയായിരുന്നുവെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഏപ്രില്‍ 22ന് ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. 22ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ സാംപിളെടുത്തു. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊറോണ ഐസൊലേഷന്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. നേരിട്ടും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിന് നടപടി അതിവേഗം പുരോഗമിക്കുന്നു.

ലോഡിങ് തൊഴിലാളിയുടെ കോട്ടയം മാര്‍ക്കറ്റിലെ സഹപ്രവര്‍ത്തകരെയും പരിശോധനയ്ക്ക് വിധേയരാക്കും. ജില്ലാ കലക്ടറും ജില്ലാ പോലിസ് മേധാവിയും ജില്ലാ മെഡിക്കല്‍ ഓഫിസറും മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു. മാര്‍ക്കറ്റില്‍ നാളെ അണുനശീകരണം നടത്തും. മാര്‍ക്കറ്റും രോഗബാധ സ്ഥിരീകരിച്ചവരുടെ വീടുകള്‍ സ്ഥിതിചെയ്യുന്ന തദ്ദേശഭരണ മേഖലകളും ഹോട്ട്‌സ്പോട്ടുകളായി പ്രഖ്യാപിച്ചു. രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകനെ കോട്ടയത്തുനിന്നും പോയി കൂട്ടിക്കൊണ്ടുവന്ന ഡ്രൈവറുടെ സാമ്പിള്‍ ശേഖരിച്ചു. അതേസമയം, ഇടുക്കി ജില്ലയില്‍ രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിനിയെ ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Next Story

RELATED STORIES

Share it