Kerala

അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ കഴിയാത്തത് ഡിഎഫ്ഒയുടെ പിടിവാശി മൂലം: എ കെ ബാലന്‍

അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ കഴിയാത്തത് ഡിഎഫ്ഒയുടെ പിടിവാശി മൂലം: എ കെ ബാലന്‍
X

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ കഴിയാത്തത് മണ്ണാര്‍ക്കാട് ഡിഎഫ്ഒയുടെ പിടിവാശി മൂലമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. ആദിവാസികള്‍ക്ക് വനഭൂമി വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷമായി റവന്യൂ, വനം വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. മണ്ണാര്‍ക്കാട് ഡിഎഫ്ഒക്കെതിരേ പാലക്കാട് ജില്ലാ കലക്ടര്‍ റവന്യൂ മന്ത്രിക്ക് കത്ത് നല്‍കിയിരിക്കുകയാണ്. എന്നാല്‍, ജില്ലാ കലക്ടര്‍ അന്യായമായി വനത്തെ തകര്‍ക്കുന്ന ഫയലുകളില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിക്കുന്നു എന്നാണ് ഡിഎഫ്ഒ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്.

ഡിഎഫ്ഒ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കാണ് കത്ത് നല്‍കിയത്. വനാവകാശ നിയമപ്രകാരം അട്ടപ്പാടിയിലെ 429 ആദിവാസികള്‍ക്ക് ഭൂമി നല്‍കണം. ഇതിന് പുതൂര്‍ പഞ്ചായത്തിലെ നിത്യഹരിതവനവും പുല്‍മേടുകളുമാണ് റവന്യൂ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, നിബിഡവനം വിട്ടുനല്‍കാന്‍ കഴിയില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. ജോയിന്‍ വെരിഫിക്കേഷന്‍ പോലും നടത്താതെയാണ് വനഭൂമി കൈമാറാന്‍ നീക്കമെന്നാണ് വനം വകുപ്പിന്റെ വാദം.

എന്നാല്‍, ജോയിന്‍ വെരിഫിക്കേഷന്‍ നടത്താന്‍ ഡിഎഫ്ഒ തയ്യാറാവുന്നില്ലെന്ന് ബാലന്‍ കുറ്റപ്പെടുത്തി. നേരത്തെ ഉള്ള ഡിഎഫ്ഒയും നിലവിലുള്ള ഡിഎഫ്ഒയും ഒരേ നിലപാടാണ് സ്വീകരിച്ചത്. ഡിഎഫ്ഒയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചും കലക്ടറെ പിന്തുണച്ചുമാണ് എ കെ ബാലന്‍ രംഗത്തെത്തിയത്. മണ്ണാര്‍ക്കാട് ഡിഎഫ്ഒയെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ മാറി വന്നാലും വനം- റവന്യൂ വകുപ്പുകള്‍ തമ്മിലെ തര്‍ക്കം തുടരാനാണ് സാധ്യത.

Next Story

RELATED STORIES

Share it