Kerala

സ്പീക്കർ പ്രതിരോധത്തിൽ; സന്ദീപിൻ്റെ ക്രിമിനല്‍ പശ്ചാത്തലം നേരത്തെ അറിയാമായിരുന്നുവെന്ന് സിപിഎം ഏരിയാ സെക്രട്ടറി

സ്പീക്കറുടെ നടപടി മുന്നണികൾക്കുള്ളിലും ചർച്ചയാവുകയാണ്. സംഭവത്തിൽ സിപിഐക്ക് അതൃപ്തിയുണ്ട്. സ്പീക്കർ പദവിയിലിരിക്കുമ്പോൾ ഇത്തരത്തിലുള്ള ജാഗ്രതക്കുറവുണ്ടാകാൻ പാടില്ലെന്നാണ് സിപിഐ നിലപാട്.

സ്പീക്കർ പ്രതിരോധത്തിൽ;   സന്ദീപിൻ്റെ ക്രിമിനല്‍ പശ്ചാത്തലം നേരത്തെ അറിയാമായിരുന്നുവെന്ന് സിപിഎം ഏരിയാ സെക്രട്ടറി
X

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണനെ പ്രതിരോധത്തിലാക്കി സിപിഎം നെടുമങ്ങാട് ഏരിയാ സെക്രട്ടറിയുടെ പ്രതികരണം. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായരുടെ ക്രിമിനല്‍ പശ്ചാത്തലവും ബിജെപി ബന്ധവും സിപിഎമ്മിന് നേരത്തെ അറിയാമായിരുന്നുവെന്ന് പാര്‍ട്ടി ഏരിയ സെക്രട്ടറി ആര്‍ ജയദേവന്‍ പറഞ്ഞു. ഇതോടെ സന്ദീപ് നായരുടെ കാര്‍ബണ്‍ ഫാക്ടറിയെന്ന കടയുടെ ഉദ്ഘാടനത്തിൽ പങ്കെടുത്ത സ്പീക്കറുടെ നടപടി പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്.

സന്ദീപ് നായരുടെ സ്ഥാപനത്തിൻ്റെ ഉദ്ഘാടന നോട്ടീസില്‍ നഗരസഭാ ചെയര്‍മാന്‍, ഏരിയാ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സിപിഐ മണ്ഡലം സെക്രട്ടറി എന്നിവരുടെ പേര് ഉണ്ടായിരുന്നു. പാര്‍ട്ടിയെ ശത്രു പക്ഷത്ത് നിര്‍ത്തി ആക്രമിച്ചിട്ടുള്ള ആളാണെന്ന ധാരണ ഉള്ളതിനാൽ ഇവരാരും ഉദ്ഘാടനത്തില്‍ പങ്കെടുത്തില്ലെന്നും ഏരിയാ സെക്രട്ടറി പറഞ്ഞു. സന്ദീപ് നായര്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന പ്ര‍ചാരണം നേരത്തെ തന്നെ നെടുമങ്ങാട് ഏരിയ കമ്മിറ്റി തള്ളിയിരുന്നു. നെടുമങ്ങാട് സ്വദേശിയായ സന്ദീപ് നായര്‍ ആദ്യ കാലം മുതലേ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളും വര്‍ഗീയ രാഷ്ടീയ പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുമാണെന്ന് ഏരിയാ സെക്രട്ടറി ആര്‍ ജയദേവന്‍ പറഞ്ഞു.

എന്നാൽ, സ്പീക്കര്‍ ഉള്‍പ്പടെ മന്ത്രിമാരും പാർട്ടി നേതാക്കളും പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അതാത് പ്രാദേശിക നേതൃത്വത്തെ അറിയിക്കാറുണ്ട്. എന്നാല്‍, സന്ദീപിൻ്റെ കട ഉദ്ഘാടന ചടങ്ങിൽ അത്തരമൊരു സമീപനമുണ്ടായില്ല. മാത്രമല്ല, വിശിഷ്ടാതിഥികളുടെ പോഗ്രാം വിവരങ്ങള്‍ അതാത് ഓഫീസുകള്‍ സ്പെഷ്യല്‍ ബ്രാഞ്ചിനെ അറിയിക്കുന്നതാണ്. എന്നാല്‍ കട ഉദ്ഘാടനത്തിന് സ്പീക്കര്‍ പങ്കെടുക്കുന്നത് സ്പെഷ്യല്‍ ബ്രാഞ്ചിനെയും അറിയിച്ചിരുന്നില്ല. ഇതോടെ സ്വപ്ന സുരേഷ് വിളിച്ചതുകൊണ്ടാണ് സന്ദീപ് നായരുടെ കട ഉദ്ഘാടനത്തിന് സ്പീക്കര്‍ എത്തിയതെന്ന പ്രതിപക്ഷ ആരോപണം ബലപ്പെടുകയാണ്.

അതേസമയം, സ്പീക്കറുടെ നടപടി മുന്നണികൾക്കുള്ളിലും ചർച്ചയാവുകയാണ്. സംഭവത്തിൽ സിപിഐക്ക് അതൃപ്തിയുണ്ട്. സ്പീക്കർ പദവിയിലിരിക്കുമ്പോൾ ഇത്തരത്തിലുള്ള ജാഗ്രതക്കുറവുണ്ടാകാൻ പാടില്ലെന്നാണ് സിപിഐ നിലപാട്. ചെറിയ ഒരു കടയുടെ ഉദ്ഘാടനത്തിന് സഭാ സമ്മേളനം കഴിഞ്ഞയുടൻ തിടുക്കപ്പെട്ട് പോകേണ്ടിയിരുന്നില്ലെന്ന അഭിപ്രായം അവർക്കുണ്ട്. സ്ഥലം എംഎൽഎ പോലും എത്തുമോയെന്ന് തിരക്കാതെ സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ പോയതിലും ജാഗ്രതക്കുറവുണ്ടെന്നാണ് സിപിഐ നേതാക്കൾ പറയുന്നത്.

ശ്രീരാമകൃഷ്ണനെ പരസ്യമായി പിന്തുണയ്ക്കുമ്പോഴും സിപിഎമ്മിനുള്ളിലും അസ്വാരസ്യമുണ്ട്. പരസ്യമായി തള്ളിപ്പറയാൻ കഴിയാത്ത അവസ്ഥയിലാണ് സിപിഎം നേതൃത്വം. പാർട്ടി പ്രാദേശിക ഘടകത്തെ പോലും അറിയിക്കാതെ ഉദ്ഘാടനത്തിന് പോയതിൽ ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ടെങ്കിലും പരസ്യമായി പ്രതികരിക്കാൻ നേതാക്കൾ തയ്യാറല്ല. ഈ വസ്തുത നിലനിൽക്കെ 27ന് നിയമസഭ ആരംഭിക്കുമ്പോള്‍ സർക്കാരിനൊപ്പം സ്പീക്കറേയും പ്രതിക്കൂട്ടിൽ നിർത്താനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. സ്വർണക്കടത്ത് കേസിലെ പ്രതിയായ സന്ദീപിന്‍റെ കട ഉദ്ഘാടനം ചെയ്തതിൽ ജാഗ്രതക്കുറവുണ്ടായെന്ന് സ്പീക്കർ നേരത്തെ തന്നെ സമ്മതിച്ചിരുന്നു.

Next Story

RELATED STORIES

Share it