Kerala

ഇടുക്കിയില്‍ റോഡ് നിര്‍മാണത്തിന്റെ മറവില്‍ മരം മുറിക്കല്‍: പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും

ഇടുക്കിയില്‍ റോഡ് നിര്‍മാണത്തിന്റെ മറവില്‍ മരം മുറിക്കല്‍: പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും
X

ഇടുക്കി: നെടുങ്കണ്ടത്ത് റോഡ് നിര്‍മാണത്തിന്റെ മറവില്‍ അനധികൃതമായി മരം മുറിച്ചതില്‍ വനംവകുപ്പ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. ഉടുമ്പഞ്ചോല- ചിത്തിരപുരം റോഡ് നിര്‍മാണത്തിന്റെ മറവിലായിരുന്നു അനധികൃത മരം മുറിക്കല്‍. അനുമതിയില്ലാതെ പൊതുമരാമത്ത് മുറിച്ച മരങ്ങള്‍ പലതും കാണാതായ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും കരാറുകാരനെതിരേയും വനം വകുപ്പ് കേസെടുത്തിരുന്നു. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപോര്‍ട്ട് പ്രകാരം 10 മരങ്ങള്‍ മാത്രമേ മുറിക്കാന്‍ പാടുള്ളൂ.

എന്നാല്‍, ഇവിടെ നിന്നും മുറിച്ചുകടത്തിയത് അമ്പതിലധികം മരങ്ങളാണ്. അനുമതിയില്ലാതെയാണ് മരങ്ങള്‍ മുറിച്ചതെന്നാണ് റിപോര്‍ട്ട്. ഉടുമ്പന്‍ചോല- ചിത്തിരപുരം റോഡില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങളുടെ കണക്ക് ലഭ്യമാക്കാന്‍ ജില്ലാ കലക്ടര്‍ തഹസില്‍ദാരോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം കഴിഞ്ഞമാസം 28ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നേരിട്ട് നടത്തിയ പരിശോധനയില്‍ 10 മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് കണ്ടെത്തി. അപകടാവസ്ഥയിലുള്ള ആറ് മരങ്ങളും റോഡിന് നടുവില്‍ നില്‍ക്കുന്ന നാല് മരങ്ങളും മുറിക്കാനായിരുന്നു നിര്‍ദേശം.

കരിവെട്ടി, വെള്ളിലാവ്, ഞാവല്‍, ചന്ദനവയമ്പ്, ചേല, കുളമാവ്, പാല എന്നിവയുള്‍പ്പെടെയുള്ള മരങ്ങളായിരുന്നു പട്ടികയില്‍. എന്നാല്‍, അപകടാവസ്ഥയിലായ മരങ്ങളെന്ന വ്യാജേനെ വ്യാപകമായി മരം മുറിയ്ക്കല്‍ നടക്കുകയായിരുന്നു. പട്ടികയില്‍ ഉള്‍പ്പെടാത്ത ഈട്ടിയടക്കമുള്ള മരങ്ങളും മുറിച്ചതായി വനം വകുപ്പിന് സൂചന ലഭിച്ചിട്ടുണ്ട്. റോഡിന് ഇരുവശങ്ങളിലുമായി നിരവധി മറ്റ് മരങ്ങള്‍ നില്‍ക്കുന്നതിനാല്‍ റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന മരങ്ങള്‍ മുറിയ്ക്കുമ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടാവണമെന്നും തഹസില്‍ദാര്‍ കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപോര്‍ട്ടിലെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് മരംമുറി നടന്നിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ബിഎല്‍റാമില്‍ റവന്യൂ ഭൂമിയില്‍നിന്നും 62 മരങ്ങള്‍ മുറിച്ചുകടത്തിയത്. റോഡ് നിര്‍മാണത്തിന്റെ മറവില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ചതെന്നാണ് ആരോപണം.

Next Story

RELATED STORIES

Share it