Kerala

എംഎസ്എഫ് മുന്‍ വനിതാ നേതാവിനെതിരേ സൈബര്‍ ആക്രമണം

എംഎസ്എഫ് മുന്‍ വനിതാ നേതാവിനെതിരേ സൈബര്‍ ആക്രമണം
X

മലപ്പുറം: എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപ്പറമ്പിനെ ഞരമ്പ് രോഗിയെന്ന് വിളിച്ച് രംഗത്തുവന്ന മുന്‍ എംഎസ്എഫ് ഹരിത വനിതാ നേതാവിനെതിരേ സൈബര്‍ ആക്രമണം. ആറുമാസമായി സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കി തന്നെ അപമാനിക്കുന്നുവെന്നാന്നാരോപിച്ച് സര്‍ സയ്യിദ് കോളജ് തളിപ്പറമ്പിലെ എംഎസ്എഫ് മുന്‍ വൈസ് പ്രസിഡന്റും മലപ്പുറം വളാഞ്ചേരി സ്വദേശിനിയുമായ ആഷിഖ ഖാനമാണ് മലപ്പുറം സൈബര്‍ പോലിസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കി തനിക്കെതിരേ മോശമായ രീതിയിലുള്ള പ്രസ്താവനകളാണ് നടത്തുന്നതെന്ന് ആഷിഖ പരാതിയില്‍ പറയുന്നു.

ഒരു പെണ്‍കുട്ടിക്ക് നേരെയുണ്ടാവുന്ന ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ തിരുത്തിയേ പറ്റൂ. ഹരിത വിഷയത്തില്‍ നിലവിലെ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയോട് പ്രതിഷേധം അറിയിച്ച് സര്‍ സയ്യിദ് കോളജിലെ എംഎസ്എഫ് വൈസ് പ്രസിഡന്റ് സ്ഥാനം ആഷിഖ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം തുടങ്ങിയത്. മലപ്പുറം ചാപ്പനങ്ങാടി സ്വദേശി അനീസാണ് സംഭവത്തിനു പിന്നിലെന്ന് മലപ്പുറം സൈബര്‍ സെല്‍ വിഭാഗം കണ്ടെത്തിയെന്നും പറയുന്നു. അനീസും താനും തമ്മില്‍ യാതൊരു മുന്‍പരിചയം പോലുമില്ല. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം തനിക്കുനേരേ സൈബര്‍ ആക്രമണം നടത്തിയതെന്ന് അറിയില്ല.

സൈബര്‍ കുറ്റം ചെയ്ത അനീസിനൊപ്പം പോലിസ് സ്‌റ്റേഷനില്‍ എംഎസ്എഫ് നേതാക്കളെത്തിയിരുന്നു. ഇതില്‍ ദുരൂഹതയുണ്ട്. അത് അന്വേഷിക്കണം. സംഭവത്തില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിന് പരാതി നല്‍കു. ഒരു വ്യക്തി ചെയ്ത കാര്യത്തില്‍ ഒരിക്കലും പാര്‍ട്ടിയെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. പാര്‍ട്ടിക്കോ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആളുകള്‍ക്കോ യാതൊരു പങ്കുമില്ലെന്നാണ് താന്‍ കരുതുന്നതെന്നും ആഷിഖ കൂട്ടിച്ചേര്‍ത്തു. എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പിനെ ഞരമ്പുരോഗിയെന്ന് വിളിച്ച് ആഷിഖ ഖാനം മാസങ്ങള്‍ക്ക് മുമ്പാണ് ഫേസ്ബുക്ക് പേജിലുടെ വെല്ലുവിളിയുമായി രംഗത്തുവന്നിരുന്നത്. ആഷിഖയുടെ പോസ്റ്റിന് വന്‍പിന്തുണയാണ് ഹരിത അംഗങ്ങള്‍ നല്‍കിയിരുന്നത്. സംഭവത്തില്‍ വനിതാ കമ്മീഷനും അന്വേഷണം നടത്തിയിരുന്നു.

Next Story

RELATED STORIES

Share it