Kerala

ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ദലിത് പ്രവാസിയെ അര്‍ദ്ധരാത്രി ലോഡ്ജില്‍ നിന്നും ഇറക്കി വിട്ടതായി പരാതി

ലോഡ്ജില്‍ നിന്നും ഇറക്കി വിട്ട യുവാവ് വീട്ടിലേക്ക് പോവാനാവാതെ ഒരു രാത്രി മുഴുവന്‍ നീലേശ്വരം ബസ്റ്റാന്‍ഡില്‍ കഴിച്ചു കൂട്ടുകയായിരുന്നു.

ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ദലിത് പ്രവാസിയെ അര്‍ദ്ധരാത്രി ലോഡ്ജില്‍ നിന്നും ഇറക്കി വിട്ടതായി പരാതി
X

നീലേശ്വരം: ക്വാറന്റൈനില്‍ കഴിയുകയായിരുന്ന പ്രവാസിയെ അര്‍ധരാത്രി ലോഡ്ജില്‍ നിന്നും ഇറക്കി വിട്ടു. കഴിഞ്ഞ ദിവസം കുവൈത്തില്‍ നിന്നും എത്തിയ പ്രവാസിക്കെതിരെയാണ് ഈ കൊടുംക്രൂരത.

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ കടിഞ്ഞിമൂല സ്വദേശിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. വീട്ടില്‍ 65 വയസ്സായ മാതാവുള്ളതിനാല്‍ ബന്ധുക്കള്‍ നേരത്തെ തന്നെ നീലേശ്വരത്തെ ഒമേഗാ ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. എന്നാല്‍ അര്‍ധരാത്രിയോടെ റിസപ്ഷനിസ്റ്റ് എത്തി ഇദ്ദേഹത്തോട് മുറി ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ ലോഡ്ജില്‍ താമസിക്കുകയായിരുന്ന നാലോളം നീലേശ്വരം നഗരസഭ ഉദ്യോഗസ്ഥരുടെ കടുത്ത സമ്മര്‍ദ്ധമാണത്രെ റിസപ്ഷനിസ്റ്റിനെ ഇതിനു പ്രേരിപ്പിച്ചത്.

ലോഡ്ജില്‍ നിന്നും ഇറക്കി വിട്ട യുവാവ് വീട്ടിലേക്ക് പോവാനാവാതെ ഒരു രാത്രി മുഴുവന്‍ നീലേശ്വരം ബസ്റ്റാന്‍ഡില്‍ കഴിച്ചു കൂട്ടുകയായിരുന്നു.

പ്രവാസി യുവാവിനെ ലോഡ്ജില്‍ നിന്നും പുറത്താക്കിയില്ലെങ്കില്‍ ലൈസന്‍സ് റദ്ധാക്കും എന്നുള്‍പ്പെടെയുള്ള ഭീഷണികളാണ് നഗരസഭാ ഉഉദ്യോഗസ്ഥര്‍ ലോഡ്ജ് അധികൃതരോട് മുഴക്കിയിരുന്നതെന്ന് പ്രവാസി യുവാവ് വ്യക്തമാക്കി. വിവരമറിഞ്ഞെത്തിയ ബന്ധു നീലേശ്വരം പോലിസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചെങ്കിലും വാഹനമില്ല എന്ന മറുപടിയായിരുന്നത്രെ. ഒടുവില്‍ സിഐയെ ബന്ധപ്പെടുകയും അദ്ദേഹം നേരിട്ടെത്തി പ്രവാസിയെ താമസിപ്പിക്കണമെന്ന് ലോഡ്ജ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ മടങ്ങിയെത്തിയ പ്രവാസിയെ വരവേറ്റത് അടച്ചു പൂട്ടിയ ലോഡ്ജ് ഗേറ്റായിരുന്നു. ഇതേ തുടര്‍ന്ന് യുവാവ് ബസ്റ്റാന്‍ഡില്‍ ഇരുന്ന് നേരം വെളുപ്പിക്കുകയായിരുന്നു. പ്രവാസിക്കെതിരെ ക്രൂരത കാട്ടിയ നീലേശ്വരം നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Next Story

RELATED STORIES

Share it