Kerala

ഷെഹ്‌ല ഷെറിന്റെ മരണം: അധ്യാപകര്‍ക്കെതിരേ നടപടി വേണം; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ തെരുവില്‍

മുഴുവന്‍ അധ്യാപകര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തെരുവില്‍ പ്രതിഷേധപ്രകടനം നടത്തി. കരിങ്കൊടിയും പ്രതീകാത്മകമായി പാമ്പിനെ കഴുത്തില്‍ ചുറ്റിയുമാണ് വിദ്യാര്‍ഥികള്‍ സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ പ്രകടനം നടത്തിയത്.

ഷെഹ്‌ല ഷെറിന്റെ മരണം: അധ്യാപകര്‍ക്കെതിരേ നടപടി വേണം; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ തെരുവില്‍
X

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി ഗവ.സര്‍വജന വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ഷെഹ്‌ല ഷെറിന്‍ ബുധനാഴ്ച ക്ലാസ് മുറിയില്‍നിന്ന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും വിദ്യാലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രതിഷേധം ശക്തമാക്കുന്നു. മുഴുവന്‍ അധ്യാപകര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തെരുവില്‍ പ്രതിഷേധപ്രകടനം നടത്തി. ജില്ലാ ജഡ്ജി പരിശോധനയ്ക്കായി സ്‌കൂളിലെത്തിയപ്പോഴായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. കരിങ്കൊടിയും പ്രതീകാത്മകമായി പാമ്പിനെ കഴുത്തില്‍ ചുറ്റിയുമാണ് വിദ്യാര്‍ഥികള്‍ സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ പ്രകടനം നടത്തിയത്.

കരിങ്കൊടിയേന്തി സ്‌കൂളിനു മുന്നിലും മുദ്രാവാക്യം മുഴക്കി. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുംവരെ ക്ലാസുകള്‍ ബഹിഷ്‌കരിക്കുമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പെണ്‍കുട്ടികളടക്കമുള്ളവര്‍ സമരത്തില്‍ അണിചേര്‍ന്നു. സ്‌കൂളില്‍ എന്തൊക്കെ പരിശോധന നടത്തിയാലും മരിച്ചുപോയ തങ്ങളുടെ സഹപാഠിയെ തിരികെലഭിക്കില്ല. അധ്യാപകര്‍ ഒന്ന് ശ്രദ്ധിച്ചിരുന്നുവെങ്കില്‍ കുട്ടി മരിക്കില്ലായിരുന്നു. സ്‌കൂളില്‍ യാതൊരുവിധ അടിസ്ഥാനസൗകര്യവുമില്ല. സ്‌കൂള്‍ മുഴുവന്‍ പാമ്പാണ്. അടിയന്തരമായി ഫസ്റ്റ് എയ്ഡ് ബോക്‌സ് എങ്കിലും സ്‌കൂളിലുണ്ടാവണം. ജില്ലയില്‍ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വേണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു. സ്‌കൂളിനു മുന്നില്‍നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി സ്‌കൂള്‍ പരിസരത്തെത്തിയ ശേഷമാണ് പരിഞ്ഞത്.

ഷെഹ്‌ല മരണപ്പെട്ടതിന്റെ അടുത്തദിവസംതന്നെ ശക്തമായ പ്രതിഷേധവുമായി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. പാമ്പുകടിച്ചെന്നും ആശുപത്രിയില്‍ കൊണ്ടുപോവണമെന്നും പലതവണ കുട്ടി ആവശ്യപ്പെട്ടിട്ടും അധ്യാപകര്‍ ചെവികൊണ്ടില്ലെന്നും പിതാവ് വരുന്നതുവരെ കാത്തുനിന്നുവെന്നും കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. ആരോപണവിധേയനായ ഒരു അധ്യാപകനെയും താലൂക്കാശുപത്രിയിലേയും ഡോക്ടറെയും സര്‍ക്കാര്‍ സസ്‌പെന്റ്് ചെയ്തിരുന്നു. എന്നാല്‍, നടപടി കൂടുതല്‍ ശക്തമാക്കമെന്ന ആവശ്യമുന്നയിച്ചാണ് പ്രതിഷേധം. വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുകയാണ്. കൂടാതെ സ്‌കൂളിലെ രക്ഷകര്‍ത്താക്കളും അധ്യാപകര്‍ക്കെതിരേയും ആശുപത്രിക്കെതിരേയും രംഗത്തെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it