Kerala

കവിതാ വിവാദം: മാപ്പ് പറഞ്ഞ് ദീപാ നിശാന്തിന്റേയും എം ജെ ശ്രീചിത്രന്റേയും ഫേസ്ബുക്ക് പോസ്റ്റ്

യുവകവി കലേഷ് 2011 ല്‍ എഴുതിയ 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ' എന്ന കവിതയോട് സാമ്യമുള്ള രചനയാണ് ദീപ നിശാന്തിന്റേതായി എകെപിസിടിഎ മാഗസിനില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. ദീപാ നിശാന്തിന്റെ ചിത്രം സഹിതമാണ് കവിത പ്രസിദ്ധീകരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ എഴുതിയ കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് ചൂണ്ടിക്കാട്ടി കലേഷ് രംഗത്തെത്തുകയായിരുന്നു.

കവിതാ വിവാദം: മാപ്പ് പറഞ്ഞ് ദീപാ നിശാന്തിന്റേയും എം ജെ ശ്രീചിത്രന്റേയും ഫേസ്ബുക്ക് പോസ്റ്റ്
X

തൃശൂര്‍: യുവകവി എസ് കലേഷിന്റെ 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍, നീ' കവിത മോഷ്ടിച്ചെന്ന വിവാദത്തില്‍ മാപ്പ് ചോദിച്ച് തൃശൂര്‍ കേരളവര്‍മ്മ കോളജ് അസി. പ്രഫസര്‍ ദീപാ നിശാന്തിന്റേയും സാംസ്‌കാരിക പ്രഭാഷകന്‍ എം ജെ ശ്രീചിത്രന്റേയും ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ കവിതാ മോഷണവിവാദത്തില്‍ മാപ്പ് പറയുകയല്ല വേണ്ടതെന്നും തന്റെ കവിതയുടെ വരികള്‍ വെട്ടി വഴിയില്‍ ഉപേക്ഷിച്ചത് ആരാണെന്ന് വ്യക്തമാക്കണമെന്നും യുവകവി എസ് കലേഷ് ആവശ്യപ്പെട്ടു.

യുവകവി കലേഷ് 2011 ല്‍ എഴുതിയ 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ' എന്ന കവിതയോട് സാമ്യമുള്ള രചനയാണ് ദീപ നിശാന്തിന്റേതായി എകെപിസിടിഎ മാഗസിനില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. ദീപാ നിശാന്തിന്റെ ചിത്രം സഹിതമാണ് കവിത പ്രസിദ്ധീകരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ എഴുതിയ കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് ചൂണ്ടിക്കാട്ടി കലേഷ് രംഗത്തെത്തുകയായിരുന്നു. എകെപിസിടിഎ ജേണല്‍ പോലെ ഒരു മാഗസിനില്‍ മോഷ്ടിച്ച കവിത കൊടുക്കാന്‍ മാത്രം വിഡ്ഢിയല്ല താനെന്നായിരുന്നു ദീപാ നിശാന്തിന്റെ ആദ്യ പ്രതികരണം. തുടര്‍ന്ന് സാഹിത്യകാരന്‍ എന്‍ എസ് മാധവനുള്‍പ്പടേയുള്ളവര്‍ ദീപാ നിശാന്തിനെതിരെ രംഗത്തെത്തിയിരുന്നു. 'കണകുണാ വര്‍ത്തമാനം പറയാതെ ദീപ നിശാന്ത് കലേഷിനോട് മാപ്പ് ചോദിക്കണം' എന്നാണ് എന്‍ എസ് മാധവന്‍ വെള്ളിയാഴ്ച ട്വിറ്ററിലൂടെ പ്രതികരിച്ചത്. തുടര്‍ന്നാണ് വെള്ളിയാഴ്ച രാത്രിയില്‍ ഫേസ്ബുക്കിലൂടെ ദീപാ നിശാന്ത് മാപ്പ് ചോദിക്കാന്‍ തയ്യാറായത്.

ദീപാ നിശാന്തിന്റേ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനേയാണ്. 'കലേഷ് നല്ല കവിയാണ്. കലേഷിന് മറ്റാരുടെയെങ്കിലും വരികള്‍ മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന ബോധ്യം ഇപ്പോള്‍ എനിക്കുണ്ട്.' ഇപ്പോള്‍ 'എന്നെടുത്തു പറഞ്ഞത് ഇന്നലെ വരെ ഉണ്ടായിരുന്നില്ല എന്ന കുറ്റബോധത്തിന്റെ കൂടി നിഴലില്‍ നിന്നു കൊണ്ടു തന്നെയാണ്. ആ കവിത കലേഷിന്റേതല്ല എന്ന് ശക്തമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ആ ബോധ്യം. മലയാളം അധ്യാപികയായ ഞാനങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടാമോ എന്ന കേവലയുക്തിക്കൊന്നും അവിടെ പ്രസക്തിയില്ല. കലേഷിന്റെ സങ്കടവും രോഷവും ഒരു എഴുത്തുകാരി എന്ന നിലക്കും അദ്ധ്യാപിക എന്ന നിലക്കും മറ്റാരേക്കാളും കുറയാത്ത നിലയില്‍ എനിക്കു മനസ്സിലാവും.

അക്കാര്യത്തില്‍ ഞാനും പ്രകടിപ്പിക്കാനാവാത്ത വിധം ദുഃഖിതയാണ്. എന്റെ പേരില്‍ വരുന്ന ഓരോ വാക്കിനും ഞാന്‍ ഉത്തരവാദിയായതു കൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇവിടെ ഇതവസാനിക്കും എന്നു പ്രതീക്ഷിക്കുന്നു. ഒരാളുടെ ആശയം, വരികള്‍ തുടങ്ങി എന്തും എപ്പോഴും മോഷ്ടിക്കപ്പെടാവുന്ന അവസ്ഥയുണ്ട്. അതിനെതിരെ എന്നും സംസാരിച്ചിട്ടും എനിക്കു നേരെ തന്നെ ഇത്തരമൊന്ന് സംഭവിച്ചതിലാണ് എറ്റവും വിഷമം. പ്രതിയോഗികള്‍ക്ക് കിട്ടിയൊരു സുവര്‍ണ്ണാവസരമായി ഇക്കാര്യം ഉപയോഗപ്പെടുന്നതിലും വിഷമമുണ്ട്. ഇനിയും കലേഷിനും എനിക്കും എഴുതാനാവും. താല്‍പര്യമുള്ളവര്‍ അതു വായിക്കുകയും ചെയ്യും. വേണ്ടത് എടുക്കാനും തള്ളേണ്ടത് തള്ളാനുമുള്ള ശേഷി വായനക്കാര്‍ക്കുണ്ടെന്നും അവര്‍ അതു നിര്‍വ്വഹിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു' എന്നുപറഞ്ഞാണ് ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

അതിനിടെ കവിതാ മോഷണ വിവാദത്തിലെ കൂട്ടുപ്രതി താനെന്ന് ഏറ്റുപറഞ്ഞും മാപ്പ് പറഞ്ഞും സാംസ്‌കാരിക പ്രഭാഷകനായ എം ജെ ശ്രീചിത്രന്‍ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി. കലേഷിന്റെ വിഷമത്തോളം പ്രധാനമല്ല ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്ന ഒറ്റപ്പെടലടക്കം ഒന്നും. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു മറുപടിയുമില്ലാത്തത് കലേഷിന്റെ മുന്നിലുമാണ്. എത്ര ഒറ്റപ്പെട്ടാലും അവശേഷിക്കുന്ന പ്രിവിലേജുകള്‍ക്ക് മുന്നില്‍ നിന്നു കൊണ്ട് കലേഷിന്റെ കവിതയെക്കുറിച്ച് എന്നെപ്പോലൊരാള്‍ സംസാരിക്കുന്നതിലും വലിയ അശ്ലീലവും വയലന്‍സും വേറെയില്ല എന്ന രാഷ്ട്രീയബോദ്ധ്യം എനിക്കുണ്ട്. അതുകൊണ്ട്, ഈ സാഹചര്യത്തിലേക്ക് താങ്കളുടെ കവിത എത്തിച്ചേരുമെന്നറിഞ്ഞില്ലെങ്കിലും കലേഷിന് ഇപ്പോഴനുഭവിക്കേണ്ടി വന്ന മാനസിക പ്രയാസത്തിനും അപമാനത്തിനും കലേഷിനോട് മാപ്പു പറയുന്നുവെന്നാണ് ശ്രീചിത്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.


Next Story

RELATED STORIES

Share it