Kerala

കൊല്ലം ജില്ലയിലെ മയക്കുമരുന്ന് മൊത്തവ്യാപാരി അറസ്റ്റിൽ

ദീപുവിന്റെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ബി സുരേഷ് അറിയിച്ചു.

കൊല്ലം ജില്ലയിലെ മയക്കുമരുന്ന് മൊത്തവ്യാപാരി അറസ്റ്റിൽ
X

കൊല്ലം: ജില്ലയിലെ മയക്കുമരുന്ന് മൊത്തവ്യാപാരിയായ യുവാവ് അറസ്റ്റിൽ. നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയായ കൊല്ലം ആശ്രാമം കാവടിപ്പുറം നഗർ, പുത്തൻ കണ്ടത്തിൽ വീട്ടിൽ ദീപു(25)വിനെയാണ് 10.56 ഗ്രാം എംഡിഎംഎ(മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻ)യുമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ജില്ലയിൽ ആദ്യമായാണ് ഇത്രയും അളവിൽ എംഡിഎംഎ പിടികൂടുന്നത്. ഇയാളിൽനിന്ന് 50 ഗ്രാം കഞ്ചാവും എംഡിഎംഎ വിറ്റുകിട്ടിയ 40,000 രൂപയും കണ്ടെടുത്തു. ഇയാളെ റിമാൻഡ് ചെയ്തു. ദീപുവിന്റെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ബി സുരേഷ് അറിയിച്ചു.

പത്ത് ഗ്രാമിൽ കൂടുതൽ എംഡിഎംഎ കൈവശംവച്ചാൽ 20 വർഷംവരെ തടവും പത്തുലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ലഹരി വിൽപ്പനയിലൂടെ സമ്പാദിച്ച പ്രതിയുടെ പേരിലുള്ള സ്വത്തും സർക്കാരിലേക്ക് കണ്ടുകെട്ടും. ആശ്രാമം മൈതാനം, ഉളിയക്കോവിൽ, കാവടിപ്പുറം ഭാഗങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന കായൽത്തീരങ്ങൾ കേന്ദ്രീകരിച്ച് ദീപുവിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും നടക്കുന്നതായും പ്രദേശവാസികൾക്ക് ശല്യമുണ്ടാക്കുന്നതായുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം നിരീക്ഷണം നടത്തിയത്.

17-നും 26-നും ഇടയിൽ പ്രായമുള്ളവരാണ് ദീപുവിൽനിന്ന് മയക്കുമരുന്ന് വാങ്ങിയിരുന്നത്. ലോക്ക് ഡൗണിനു മുൻപ് പേരയം ഭാഗത്തുള്ള ദീപുവിന്റെ പെൺസുഹൃത്തുമായി ബംഗളൂരുവിൽ പോയി എംഡിഎംഎ വാങ്ങിയതിന്റെ വിവരങ്ങൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസിലെ മുൻ പ്രതി ആറ്റിങ്ങൽ സ്വദേശി വൈശാഖിൽനിന്ന് ഒരുലക്ഷംരൂപയ്ക്ക് 50 ഗ്രാംവീതം എംഡിഎംഎ കൊറിയർവഴി വാങ്ങാറുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.

Next Story

RELATED STORIES

Share it