Kerala

തിരഞ്ഞെടുപ്പ് വിജയമാഘോഷിക്കാന്‍ ഡിവൈഎഫ്‌ഐയുടെ ഡിജെ പാര്‍ട്ടി; നൂറോളം പേര്‍ക്കെതിരേ കേസ്

തിരഞ്ഞെടുപ്പ് വിജയമാഘോഷിക്കാന്‍ ഡിവൈഎഫ്‌ഐയുടെ ഡിജെ പാര്‍ട്ടി; നൂറോളം പേര്‍ക്കെതിരേ കേസ്
X

ഇടുക്കി: തിരഞ്ഞെടുപ്പ് വിജയമാഘോഷിക്കാന്‍ ഡിജെ പാര്‍ട്ടി സംഘടിപ്പിത്ത സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. ഉടുമ്പന്നൂര്‍ ടൗണില്‍ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചവര്‍ക്കെതിരെയാണ് കരിമണ്ണൂര്‍ പോലിസ് കേസെടുത്തത്. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് നടപടി. തിങ്കളാഴ്ച രാത്രി ഏഴിന് ആരംഭിച്ച ആഘോഷം പാതിരാവോളം നീണ്ടുനിന്നിരുന്നു.

ആളുകള്‍ കൂട്ടംകൂടിയ ആഘോഷ രാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. നാട്ടുകാര്‍ വിവരമറിയിച്ചിട്ടും പോലിസ് സ്ഥലത്തെത്താനോ നടപടിയെടുക്കാനോ തയ്യാറായില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിച്ച് നടത്തിയ ആഘോഷത്തിനിടെ പാര്‍ട്ടി കൊടികള്‍ വീശുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോ ദൃശ്യങ്ങള്‍ ഡിവൈഎഫ്‌ഐയുടെ ഉടുമ്പന്നൂര്‍ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

യുഡിഎഫ് ഭരിച്ചിരുന്ന ഉടുമ്പന്നൂര്‍ പഞ്ചായത്ത് ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തതിന്റെ ആഹ്ലാദസൂചകമായാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്. കോതമംഗലത്തുനിന്നുള്ള ഡിജെ സംഘമാണ് പരിപാടി കൊഴുപ്പിക്കാനെത്തിയത്. ആഘോഷത്തില്‍ പങ്കുചേരാന്‍ പഞ്ചായത്തിനു പുറമെ നിന്നും ആളുകളെത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഭരണപക്ഷ യുവജന സംഘടനയുടെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകളെ സംഘടിപ്പിച്ച് ആഘോഷരാവ് സംഘടിപ്പിച്ചത്.

Next Story

RELATED STORIES

Share it