Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫീസിൽ 25 ശതമാനം ഇളവ് അനുവദിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും ഉത്തരവ് ബാധകമായിരിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫീസിൽ 25 ശതമാനം ഇളവ് അനുവദിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ
X

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈവർഷം നിലവിലുള്ള ഫീസിൽ 25 ശതമാനം ഇളവ് അനുവദിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മഞ്ചേരി എസിഇ പബ്ലിക് സ്കൂൾ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. ജൂൺ, ജൂലൈ മാസങ്ങൾ ഒഴികെ സ്കൂൾ 500 രൂപ ഇളവ് നൽകിയെങ്കിലും ഫീസ് അടയ്ക്കാത്ത കുട്ടികളെ ഓൺലൈൻ പഠനത്തിൽനിന്ന് ഒഴിവാക്കിയെന്നായിരുന്നു ആക്ഷേപം.

അതേസമയം, നിലവിൽ 25 ശതമാനം ഫീസ് ഇളവ് അനുവദിച്ച സ്കൂളുകൾ വീണ്ടും ഇളവ് നൽകേണ്ടതില്ല. കൊവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യം മാറുന്ന മുറയ്ക്ക് ഇളവ് മാറ്റുന്ന കാര്യത്തിൽ തീരുമാനം എടുക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് ചെയർമാൻ കെ വി മനോജ്കുമാർ, അംഗങ്ങളായ കെ നസീർ, സി വിജയകുമാർ എന്നിവർ ഉൾപ്പെട്ട ഫുൾബഞ്ച് വ്യക്തമാക്കി. സമൂഹത്തിലെ എല്ലാ വിഭാഗവും കൊവിഡിനെ തുടർന്നുള്ള പ്രത്യേക സാഹചര്യം നേരിടുമ്പോൾ ഫീസ് ഇളവ് അനുവദിക്കാനാവില്ലെന്ന സ്കൂൾ മാനേജ്മെന്റിന്റെ വാദം സ്വീകരിക്കാനാവില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

സിബിഎസ്ഇ സ്കൂളുകളിൽ ഫീസ് നിശ്ചയിക്കുന്നത് സംബന്ധിച്ച നയപരമായ തീരുമാനം സർക്കാരിന് കൈക്കൊള്ളാവുന്നതാണെന്ന് കേരള ഹൈക്കോടതി ഉത്തരവായിട്ടുള്ളതിനാൽ ഫീസ് ഇളവ് അവർക്കും കൂടി ബാധകമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണം. നിലവിലുള്ളതിൽ 25 ശതമാനം കുറവ് ചെയ്ത് രക്ഷിതാക്കൾ ഫീസ് അടയ്ക്കണം. അങ്ങനെയുള്ള കുട്ടികൾക്ക് സ്കൂൾ അധികൃതർ വിദ്യാഭ്യാസ അവസരം നിഷേധിക്കരുതെന്നും ഇക്കാര്യം സിബിഎസ്ഇ റീജിയനൽ ഡയറക്ടർ ഉറപ്പു വരുത്തണമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു.

Next Story

RELATED STORIES

Share it