Kerala

ആശ്വാസ് ഇന്‍ഷുറന്‍സ് പദ്ധതിയുമായി എറണാകുളം-അങ്കമാലി അതിരൂപത

എറണാകുളം, തൃശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കുടുംബങ്ങള്‍ക്കായി ആശ്വാസ് ഫാമിലി മെഡി ക്ലെയിം പദ്ധതിയുമായി എറണാകുളം-അങ്കമാലി അതിരൂപത. അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയയും ഇന്‍ഷുറന്‍സ് സേവന ദാതാക്കളായ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയും സഹകരിച്ചാണ് ആശ്വാസ് പദ്ധതി നടപ്പാക്കുന്നത്

ആശ്വാസ് ഇന്‍ഷുറന്‍സ് പദ്ധതിയുമായി എറണാകുളം-അങ്കമാലി അതിരൂപത
X

കൊച്ചി: ആകസ്മികമായുണ്ടാകുന്ന ചികില്‍സാച്ചെലവുകളില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്ന എറണാകുളം, തൃശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കുടുംബങ്ങള്‍ക്കായി ആശ്വാസ് ഫാമിലി മെഡി ക്ലെയിം പദ്ധതിയുമായി എറണാകുളം-അങ്കമാലി അതിരൂപത. അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയയും ഇന്‍ഷുറന്‍സ് സേവന ദാതാക്കളായ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയും സഹകരിച്ചാണ് ആശ്വാസ് പദ്ധതി നടപ്പാക്കുന്നത്. മാര്‍ച്ച് 25 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പദ്ധതിയുടെ കാലാവധി ഒരു വര്‍ഷമാണ്.കുടുംബനാഥന്‍, കുടുംബനാഥ, 25 വയസില്‍ താഴെ പ്രായവും അവിവാഹിതരുമായ പരമാവധി മൂന്ന് മക്കള്‍ എന്നിങ്ങനെ 5 പേര്‍ക്കുവരെ ഒരു ഫാമിലി പോളിസിയില്‍ അംഗത്വം നേടാം.

85 വയസുവരെയാണ് പ്രായപരിധി. ഈ പദ്ധതിയില്‍ ചേരുന്നതിന് പ്രത്യേക വൈദ്യപരിശോധന ആവശ്യമില്ല.പോളിസിയില്‍ ചേരുന്നതിന് ഒരാള്‍ക്ക് 4600 രൂപയും അഞ്ചുപേരുള്ള ഒരു കുടുംബത്തിന് ആകെ 7200 രൂപയുമാണ് വാര്‍ഷിക പ്രീമിയമായി നല്‍കേണ്ടത്. പോളിസി കാലയളവിനുള്ളില്‍ ഉണ്ടാകുന്ന കിടത്തിചികില്‍സകള്‍ക്ക് 2 ലക്ഷം രൂപവരെ ഒരു കുടുംബത്തിന് ചികിത്സാചെലവായി ലഭിക്കും. 70 വയസുവരെ പ്രായമുള്ള പോളിസി ഉടമയ്ക്ക് അപകട മരണമുണ്ടായാല്‍ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ ആശ്രിതധനമായി ലഭിക്കും. അംഗീകൃത അലോപ്പതി ആശുപത്രികളിലും ഗവണ്‍മെന്റ് ആയുര്‍വേദ,ഹോമിയോ,യുനാനി ആശുപത്രികളിലും 24 മണിക്കൂറെങ്കിലും കിടത്തി ചികില്‍സിക്കപ്പെടുന്നവര്‍ക്കാണ് ചികില്‍സാചെലവിന് അര്‍ഹതയുണ്ടാവുക. ഡയാലിസിസ്, കീമോ തെറാപ്പി, റേഡിയോ തെറാപ്പി തുടങ്ങിയവയ്ക്ക് 24 മണിക്കൂര്‍ കിടത്തി ചികില്‍സ നിര്‍ബന്ധമില്ല . പോളിസിയില്‍ ചേരുന്ന അംഗങ്ങളുടെ നിലവിലുള്ള അസുഖങ്ങള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ്. ഭിന്നശേഷിക്കാര്‍ക്ക് ഭിന്നശേഷി സംബന്ധമായ അസുഖങ്ങള്‍ ഒഴികെയുള്ളവയ്ക്ക് പരിരക്ഷ ലഭിക്കുന്നു. ചികിത്സ ചെലവുകള്‍ റീ ഇമ്പേഴ്‌സ്‌മെന്റ് രീതിയിലായിരിക്കും ലഭിക്കുന്നത്.

ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിന് അതിരൂപതാതിര്‍ത്തിയിലെ ഇടവക പള്ളികളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് പ്രീമിയം തുകയോടൊപ്പം മാര്‍ച്ച് 10 നു മുമ്പായി അതാതു പള്ളികളിലോ സഹൃദയ അങ്കമാലി, പറവൂര്‍, ചേര്‍ത്തല, വൈക്കം മേഖലാ ഓഫിസുകളിലോ നല്‍കാവുന്നതാണ്.പദ്ധതി സംബന്ധമായ വിശദവിവരങ്ങള്‍ 9544790008 എന്ന ഫോണ്‍ നമ്പറില്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it