Kerala

അങ്കമാലിയില്‍ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട് സ്വദേശി മുഹമ്മദ് സാഹിര്‍ (28) നെയാണ് പറവൂര്‍, അങ്കമാലി പോലിസ് സംയുക്തമായി അറസറ്റ് ചെയ്തത്. ഫ് ളാറ്റിന്റെ പാര്‍ക്കിംഗ് ഏരിയായില്‍ നിര്‍ത്തിയിട്ടിരുന്ന ഇയാളുടെ കാറില്‍ നിന്ന് പതിനൊന്നര കിലോയോളം കഞ്ചാവും, ഒന്നരക്കിലോ ഹാഷിഷ് ഓയിലുമാണ് പിടികൂടിയതെന്ന് പോലിസ് പറഞ്ഞു

കൊച്ചി: അങ്കമാലിയില്‍ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മുഹമ്മദ് സാഹിര്‍ (28) നെയാണ് പറവൂര്‍, അങ്കമാലി പോലിസ് സംയുക്തമായി അറസറ്റ് ചെയ്തത്. ഫ് ളാറ്റിന്റെ പാര്‍ക്കിംഗ് ഏരിയായില്‍ നിര്‍ത്തിയിട്ടിരുന്ന ഇയാളുടെ കാറില്‍ നിന്ന് പതിനൊന്നര കിലോയോളം കഞ്ചാവും, ഒന്നരക്കിലോ ഹാഷിഷ് ഓയിലുമാണ് പിടികൂടിയതെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം ലഹരി വസ്തുക്കളുമായി പറവൂര്‍ പോലിസ് പിടികൂടിയ രണ്ടു പേരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അങ്കമാലിയില്‍ പോലിസ് പരിശോധന നടത്തിയത്.

കാറിന്റെ പിന്‍സീറ്റില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍. പറവൂരില്‍ പിടിയിലായവര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിച്ചു നല്‍കുന്നത് മുഹമ്മദ് സാഹിറാണെന്ന് പോലിസ് പറഞ്ഞു. ഒറീസയില്‍ നിന്നാണ് സാഹിര്‍ കഞ്ചാവ് കേരളത്തിലേക്കെത്തിക്കുന്നതെന്ന കണ്ടെത്തിയതായും പോലിസ് പറഞ്ഞു.ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു ദിവസമായി മയക്കുമരുന്നിനെതിരെ പ്രത്യേക പരിശോധനകള്‍ നടന്നുവരികയാണ്.

ഇതിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. മുനമ്പം ഡിവൈഎസ്പി എസ് ബിനു, നോര്‍ത്ത് പറവൂര്‍ ഇന്‍സ്‌പെക്ടര്‍ ഷോജോ വര്‍ഗ്ഗീസ്, അങ്കമാലി ഇന്‍സ്‌പെക്ടര്‍ സോണി മത്തായി എന്നിവരുള്‍പ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഒന്നര വര്‍ഷത്തിനിടയില്‍ 500 കിലോഗ്രാമോളം കഞ്ചാവാണ് എറണാകുളം റൂറല്‍ പോലിസ് പിടികൂടിയത്. നാല് കിലോഗ്രാമോളം ഹാഷിഷ് ഓയിലും, രണ്ടര കിലോ എംഡിഎംഎ യും , അമ്പതോളം എല്‍എസ്ഡി സ്റ്റാമ്പും പിടികൂടിയിരുന്നു.

Next Story

RELATED STORIES

Share it