Kerala

എറണാകുളം മെഡിക്കല്‍ കോളജില്‍ ഇനി മൂന്ന് ഷിഫ്റ്റില്‍ ഡയാലിസിസ് ;പ്രതിമാസം ആയിരത്തിലേറെ രോഗികള്‍ക്ക് പ്രയോജനം

മെഡിക്കല്‍ കോളജിലെ നെഫ്രോളജി വകുപ്പില്‍ പുതുതായി മൂന്ന് ഡയാലിസിസ് യന്ത്രങ്ങളടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ജീവനക്കാരെ നിയമിക്കുകയും ചെയ്തതോടെയാണു രോഗികള്‍ക്കു കൂടുതല്‍ പ്രയോജനകരമാകുന്നത്

എറണാകുളം മെഡിക്കല്‍ കോളജില്‍ ഇനി മൂന്ന് ഷിഫ്റ്റില്‍ ഡയാലിസിസ് ;പ്രതിമാസം ആയിരത്തിലേറെ രോഗികള്‍ക്ക് പ്രയോജനം
X

കൊച്ചി: കളമശേരിയിലെ എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് ആവശ്യമുള്ള രോഗികള്‍ക്ക് ഇനി മൂന്ന് ഷിഫ്റ്റിലും സേവനം ലഭിക്കുമെന്ന് അധികൃതര്‍. മെഡിക്കല്‍ കോളജിലെ നെഫ്രോളജി വകുപ്പില്‍ പുതുതായി മൂന്ന് ഡയാലിസിസ് യന്ത്രങ്ങളടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ജീവനക്കാരെ നിയമിക്കുകയും ചെയ്തതോടെയാണു രോഗികള്‍ക്കു കൂടുതല്‍ പ്രയോജനകരമാകുന്നത്. മാസം ആയിരത്തോളം രോഗികള്‍ക്ക് ഇതോടെ ഡയാലിസിസ് നടത്താനാകുമെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ഗണേശ് മോഹന്‍ അറിയിച്ചു.

ഡയാലിസിസ് കേന്ദ്രത്തിലേക്കു മൂന്നു വീതം സ്റ്റാഫ് നഴ്‌സുമാരെയും ഡയാലിസിസ് ടെക്‌നീഷ്യന്‍മാരെയും അറ്റന്‍ഡര്‍മാരെയുമാണ് പുതുതായി നിയമിച്ചിരിക്കുന്നത്. മൂന്ന് യന്ത്രങ്ങള്‍ കൂടി ലഭ്യമായതോടെ ആശുപത്രിയിലെ ആകെ ഡയാലിസിസ് യന്ത്രങ്ങളുടെ എണ്ണം 15 ആയി.നിലവില്‍ രണ്ട് ഷിഫ്റ്റുകളിലാണ് ഡയാലിസിസ് സേവനം ലഭിച്ചിരുന്നത്. സൗകര്യം വിപുലപ്പെടുത്തിയതോടെ കിടത്തി ചികില്‍സയിലുള്ള രോഗികള്‍ക്ക് പുറമെ ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ ചികില്‍സയ്‌ക്കെത്തുന്ന 66 രോഗികള്‍ക്കുകൂടി ആഴ്ചതോറും ഡയാലിസിസ് നടത്താനാകും. ഒ.പി വിഭാഗത്തില്‍ 43 പേര്‍ക്കാണ് ഇതുവരെ ആഴ്ചയില്‍ സേവനം ലഭിച്ചിരുന്നത്. ഇരുവിഭാഗങ്ങളിലുമായി ഇനി നാല്‍പതിലേറെ ഡയാലിസിസുകള്‍ വരെ പ്രതിദിനം നടത്താനാകും. ഇതോടെ ഡയാലിസിസ് ചികില്‍സയില്‍ സംസ്ഥാനത്തെ പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്കൊപ്പമായിരിക്കുകയാണ് എറണാകുളം മെഡിക്കല്‍ കോളജും.

ഔട്ട് പേഷ്യന്റ്, ഇന്‍ പേഷ്യന്റ് വിഭാഗത്തിനു പുറമെ കൊവിഡ് അടക്കമുള്ള അടിയന്തര സാഹചര്യത്തിലുള്ള രോഗികള്‍ക്കായി 24 മണിക്കൂര്‍ ഡയാലിസിസിനുള്ള സൗകര്യവും എറണാകുളം മെഡിക്കല്‍ കോളജിലുണ്ട്. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള രോഗികള്‍ക്കും സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍പ്പെട്ട രോഗികള്‍ക്കും ഡയാലിസിസ് സൗജന്യമാണ്. മറ്റു വിഭാഗത്തില്‍ പെടുന്ന രോഗികള്‍ക്ക് ഡയാലിസിസിന് 420 രൂപ മാത്രമാണ് ചെലവ്.ഡയാലിസിസ് ചികില്‍സയ്ക്കു പുറമെ CRRT, SLED, HEMOPERFUSION, PLASMAPHERESIS, PERITONEAL DIALYSIS തുടങ്ങിയ നെഫ്രോളജി സേവനങ്ങളും എറണാകുളം ഗവ മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ ലഭ്യമാണ്. നെഫ്രോളജി ഒ.പി ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് നടത്തിവരുന്നത്.

Next Story

RELATED STORIES

Share it