Kerala

കാപ്പ നിയമപ്രകാരം രണ്ടാമതും അറസ്റ്റ് ; പ്രതിയുടെ ശിക്ഷാ കാലാവധി ഒരു വര്‍ഷമാക്കി

നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന കൊമ്പനാട് സ്വദേശി ലാലു (29) വിന്റെ ശിക്ഷയാണ് ആറു മാസത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചത്

കാപ്പ നിയമപ്രകാരം രണ്ടാമതും അറസ്റ്റ് ; പ്രതിയുടെ ശിക്ഷാ കാലാവധി ഒരു വര്‍ഷമാക്കി
X

കൊച്ചി: കാപ്പ നിയമപ്രകാരം രണ്ടാമതും അറസ്റ്റ് ചെയ്ത് ജയിലിലടച്ച പ്രതിയുടെ ശിക്ഷാ കാലാവധി ഒരു വര്‍ഷമാക്കി. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന കൊമ്പനാട് സ്വദേശി ലാലു (29) വിന്റെ ശിക്ഷയാണ് ആറു മാസത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചത്. 2020 നവംബറില്‍ കാപ്പ ചുമത്തി ആറുമാസം ജയിലിലടച്ചിരുന്നു. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ഇതിനെതിരെ ഇയാള്‍ കാപ്പ ഉപദേശകസമതിയിലും, ഹൈക്കോടതിയിലും നല്‍കിയ അപ്പീല്‍ നിരാകരിച്ച് ശിക്ഷ ശരിവച്ചിരുന്നു. തുടര്‍ന്ന് ആറുമാസം ജയിലില്‍ കിടന്ന ലാലു പുറത്തിറങ്ങിയ ശേഷം 2021 നവംബര്‍ മാസം കോടനാട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഓരാളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാവുകയായിരുന്നുവെന്നും ഇതോടെ കാപ്പ ചുമത്തി രണ്ടാമതും ജയിലിലടച്ചുവെന്നും പോലിസ് വ്യക്തമാക്കി.

ഒരു പ്രാവശ്യം കാപ്പ ചുമത്തി ആറുമാസം ജയിലിലടച്ച ലാലു രണ്ടാമതും മറ്റൊരു കേസില്‍ പ്രതിയായി കാപ്പ നിയമപ്രകാരം ജയിലിലായതിനെ തുടര്‍ന്നാണ് ശിക്ഷാ കാലാവധി ഒരു വര്‍ഷമാക്കി സര്‍ക്കാര്‍ ഉത്തരവായത്. കുറുപ്പംപടി, പെരുമ്പാവൂര്‍, ഊന്നുകല്‍ പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, അടിപിടി, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, ആയുധ നിയമപ്രകാരമുള്ള കേസ്സ്, കവര്‍ച്ച, തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ലാലുവെന്നും പോലിസ് വ്യക്തമാക്കി.

എറണാകുളം റൂറല്‍ ജില്ലയില്‍ സ്ഥിരം കുറ്റവാളികളുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തടയുന്നതിന് വരും ദിവസങ്ങളിലും കാപ്പ നിയമ പ്രകാരമുള്ള തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് എസ് പി കാര്‍ത്തിക് അറിയിച്ചു.

Next Story

RELATED STORIES

Share it