Kerala

കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയുടെ മരണം: ഹാരിസിന്റെ മരണത്തില്‍ ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് പോലിസ്; റിപോര്‍ട് തള്ളി കുടുംബം

ഏകദേശം ഒരുമാസത്തോളം നീണ്ടു നിന്ന അന്വേഷണത്തിനും വിവര ശേഖരത്തിനും ശേഷമാണ് പോലിസ് സംഘം റിപോര്‍ട് സമര്‍പ്പിച്ചത്.ഇത് സംബന്ധിച്ച വിവരം ഹാരിസിന്റെ ബന്ധുക്കളെയും പോലിസ് അറിയിച്ചു.നിയമനടപടികള്‍ സ്വീകരിക്കാവുന്ന വിധത്തില്‍ ഒരു വീഴ്ചയും ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നോ സ്റ്റാഫുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്

കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയുടെ മരണം: ഹാരിസിന്റെ മരണത്തില്‍ ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് പോലിസ്; റിപോര്‍ട് തള്ളി കുടുംബം
X

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലിരിക്കെ ഫോര്‍ട് കൊച്ചി സ്വദേശി ഹാരിസിന്റെ മരണത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്ന് പോലിസ്. ഇത് സംബന്ധിച്ച് റിപോര്‍ട് പ്രാഥമിക അന്വേഷണം നടത്തിയ പോലിസ് സംഘം കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് റിപോര്‍ട് സമര്‍പ്പിച്ചു.ഏകദേശം ഒരുമാസത്തോളം നീണ്ടു നിന്ന അന്വേഷണത്തിനും വിവര ശേഖരത്തിനും ശേഷമാണ് പോലിസ് സംഘം റിപോര്‍ട് സമര്‍പ്പിച്ചത്.ഇത് സംബന്ധിച്ച വിവരം ഹാരിസിന്റെ ബന്ധുക്കളെയും പോലിസ് അറിയിച്ചു.നിയമനടപടികള്‍ സ്വീകരിക്കാവുന്ന വിധത്തില്‍ ഒരു വീഴ്ചയും ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നോ സ്റ്റാഫുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്. അതേ സമയം പോലിസിന്റെ റിപോര്‍ട് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഹാരിസിന്റെ ബന്ധുക്കള്‍. ആശുപത്രി അധികൃതരുടെ മുഖം രക്ഷിക്കാനാണ് പോലിസ് ശ്രമിക്കുന്നതെന്നാണ് ഹാരിസിന്റെ ബന്ധുക്കള്‍ പറയുന്നത്.തങ്ങള്‍ക്ക് നീതി കിട്ടണം.അവിടെ ജോലി ചെയ്തിരുന്ന സ്റ്റാഫിന്റെ ശബ്ദ സന്ദേശവും,ഡോക്ടറുടെ സാക്ഷി മൊഴികളുമൊക്കെ തന്നെ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായി എന്നു വ്യക്തമാക്കുന്നതാണ്.ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് ക്രിമിനല്‍കുറ്റമാണ്.അതിനെ നിസാരവല്‍ക്കരിച്ച് കാണുന്നത് ശരിയായ നടപടിയല്ല.തങ്ങള്‍ക്ക് നീതി കിട്ടണം അതുവരെ തങ്ങള്‍ പോരാടുമെന്നും അന്വേഷണ റിപോര്‍ടിന്റെ പകര്‍പ്പ് ലഭിച്ചതിനു ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ഇവര്‍ പറഞ്ഞു.

പ്രവാസിയായിരുന്ന ഹാരിസ് നാട്ടിലെത്തിയതിനു ശേഷം കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 26 നാണ് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്..ചികില്‍സ തുടങ്ങിയതിനു ശേഷം ഹാരിസ് എല്ലാ ദിവസവും വിളിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അസുഖം കുറവുണ്ടെന്നും രണ്ടു ദിവസത്തിനുള്ളില്‍ വാര്‍ഡിലേക്ക് മാറ്റുമെന്നും ഡോക്ടര്‍ അടക്കമുള്ളവരും പറഞ്ഞിരുന്നു.ജൂലൈ 20 ന് വൈകുന്നേരം ആശുപത്രിയില്‍ നിന്നും ഹാരിസ് ഭാര്യയെ വിളിച്ചു കുറേ നേരം സംസാരിക്കുകയും ചെയ്തിരുന്നു.5.30 വിളിച്ച ഹാരിസ് 6.45 ഓടെ മരിച്ചുവെന്നാണ് പിന്നീട് അറിയുന്നതെന്നും രോഗം ഭേദമായെന്ന് ഡോക്ടര്‍മാര്‍ തന്നെ പറഞ്ഞ വ്യക്തി ഒന്നര മണിക്കൂര്‍ കഴിഞ്ഞ് മരിക്കാനിടയായതെന്തുകൊണ്ടാണെന്ന് തങ്ങള്‍ക്കറിയണമെന്നും ഹാരിസിന്റെ ബന്ധുക്കള്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.

ഹാരിസിന്റെ മരണം ആശുപത്രി ജീവനക്കാരുടെ വീഴ്ചയാണെന്ന തരത്തില്‍ കളമശേരി മെഡിക്കല്‍ കോളജിലെ തന്നെ നേഴ്‌സിന്റെ ശബ്ദ സന്ദേശം അടുത്തിടെ പുറത്തു വന്നതോടെയാണ് വിവരം പുറം ലോകം അറിയുന്നത്.തുടര്‍ന്ന് ആശുപത്രി അധികൃതര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.ഇതേ തുടര്‍ന്ന് ശബ്ദ സന്ദേശം അയച്ച നേഴ്‌സിനെ ആരോഗ്യവകുപ്പ് സസ്‌പെന്റു ചെയ്തിരുന്നു. ഇതിനിടയില്‍ ഹാരിസിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പരാതിയുമായി രംഗത്തു വന്നതോടെയാണ് പോലിസ് പ്രാഥമികമായി അന്വേഷണം ആരംഭിച്ചത്.പ്രാഥമിക അന്വേഷണത്തിനു ശേഷം മാത്രമെ വിശദമായ അന്വേഷണം വേണമോയെന്ന് തീരുമാനിക്കുകയുള്ളുവെന്ന് ആ ഘട്ടത്തില്‍ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it