Kerala

എറണാകുളം പ്രസ്‌ക്ലബിന്റെ അല്ലിയാമ്പല്‍ കടവ് തുറന്നു

സുവര്‍ണ ജൂബിലി പിന്നിട്ട എറണാകുളം പ്രസ്‌ക്ലബിന്റെ ചരിത്രത്തിലെ സുപ്രധാന ചുവടുവയ്പു കൂടിയാണ് അല്ലിയാമ്പല്‍ കടവ്. വാഹന പാര്‍ക്കിംഗിന് കൂടാതെ സാംസ്‌കാരിക പരിപാടികള്‍ക്കും ഉപകരിക്കുംവിധമാണ് അല്ലിയാമ്പല്‍ കടവ് സജ്ജീകരിച്ചിരിക്കുന്നത്. തിരക്കുകുറഞ്ഞ ഞായറാഴ്ചകളിലടക്കം ഈ തെരുവിനെ വാഹനരഹിതമാക്കി ഈ കടവിലേക്ക് ഏവര്‍ക്കും വന്നിരിക്കാവുന്ന തരത്തിലേക്ക് വളര്‍ത്തുകയെന്നതാണ് ലക്ഷ്യം

എറണാകുളം പ്രസ്‌ക്ലബിന്റെ അല്ലിയാമ്പല്‍ കടവ് തുറന്നു
X

കൊച്ചി: എറണാകുളം പ്രസ്‌ക്ലബിനോടു ചേര്‍ന്ന് സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് പാലമരച്ചുവട് വൃത്തിയാക്കി സജ്ജീകരിച്ച ഓപ്പണ്‍എയര്‍ സ്‌റ്റേജ് ' അല്ലിയാമ്പല്‍ കടവ് ' തുറന്നു. സാംസ്‌കാരികമന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.വേദിയിലെ ആദ്യപരിപാടിയെന്ന നിലയില്‍ പ്രസ്‌ക്ലബ് ഏര്‍പ്പെടുത്തിയ സി.വി. പാപ്പച്ചന്‍ അവാര്‍ഡിന്റെ സമര്‍പ്പണവും മന്ത്രി നിര്‍വഹിച്ചു.ഇരിപ്പിടങ്ങള്‍ കുറഞ്ഞ കാലത്ത് ഇരിക്കാനായി സൗകര്യമൊരുക്കിയ പ്രസ്‌ക്ലബിനെ അഭിനന്ദിച്ച മന്ത്രി വര്‍ഷത്തില്‍ നാലുസാംസ്‌കാരിക പരിപാടികളും മൂന്നു സിനിമകളും ഈ വേദിയില്‍ നടത്താനായി അനുവദിക്കാമെന്നും മന്ത്രി ചടങ്ങില്‍ അറിയിച്ചു. ജനമനസുകളിലെ സൗഹൃദത്തിന്റെ സാഹചര്യം വളര്‍ത്തിയെടുക്കാനും ഈ അല്ലിയാമ്പല്‍ കടവിനാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.


ലാളിത്യമുള്ള പദം സുന്ദരമായി ഒരു വേദിയാക്കി പകര്‍ത്തിയിരിക്കുന്നുവെന്നായിരുന്നു ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത സംവിധായകന്‍ ജയരാജിന്റെ അഭിപ്രായം. കൊച്ചിയില്‍ ഇത്തരമൊരു വേദി വൈകിയെങ്കിലും പരിമിതികള്‍ക്കുള്ളില്‍ നിന്നും ഇതൊരുക്കിയെന്നത് അഭിമാന നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്രപ്രവര്‍ത്തകനായിരുന്ന സി വി പാപ്പച്ചനെ ഡോ. സെബാസ്റ്റ്യന്‍ പോള്‍ അനുസ്മരിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ് ജിപ്‌സണ്‍ സിക്കേര അധ്യക്ഷത വഹിച്ചു.മേയര്‍ എം അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, ടി ജെ വിനോദ് എംഎല്‍എ, സി വി പാപ്പച്ചന്റെ മകന്‍ സി പി മോഹനന്‍, അല്ലിയാമ്പല്‍ കടവിലന്നരയ്ക്കുവെള്ളം എന്ന ഗാനമൊരുക്കിയ സംഗീത സംവിധായകന്‍ ജോബ് മാസ്റ്ററുടെ മകനും യുവ സംഗീതസംവിധായകനുമായ അജയ് ജോസഫ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.


സി വി പാപ്പച്ചന്‍ പുരസ്‌കാരം ദീപിക സെപ്ഷല്‍ കറസ്‌പോണ്ടന്റ് റെജി ജോസഫും പ്രത്യേക പരാമര്‍ശ ബഹുമതി സുപ്രഭാതം സീനിയര്‍ റിപ്പാര്‍ട്ടര്‍ സുനി അല്‍ഹാദിയും ഏറ്റുവാങ്ങി. പ്രസ് ക്ലബ് സെക്രട്ടറി സി എന്‍ റെജി സ്വാഗതവും കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റി അംഗം അബ്ദുള്ള മട്ടാഞ്ചേരി നന്ദിയും പറഞ്ഞു. യുവ സംഗീത സംവിധായകന്‍ അജയ് ജോസഫിന് പ്രസ് ക്ലബിന്റെ ഉപഹാരവും മന്ത്രി കൈമാറി.സുവര്‍ണ ജൂബിലി പിന്നിട്ട എറണാകുളം പ്രസ്‌ക്ലബിന്റെ ചരിത്രത്തിലെ സുപ്രധാന ചുവടുവയ്പു കൂടിയാണ് അല്ലിയാമ്പല്‍ കടവ്. വാഹന പാര്‍ക്കിംഗിനു് കൂടാതെ സാംസ്‌കാരിക പരിപാടികള്‍ക്കും ഉപകരിക്കുംവിധമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. തിരക്കുകുറഞ്ഞ ഞായറാഴ്ചകളിലടക്കം ഈ തെരുവിനെ വാഹനരഹിതമാക്കി ഈ കടവിലേക്ക് ഏവര്‍ക്കും വന്നിരിക്കാവുന്ന തരത്തിലേക്ക് വളര്‍ത്തുകയെന്നതാണ് ലക്ഷ്യം.

Next Story

RELATED STORIES

Share it