Kerala

അദൃശ്യമായി നിരീക്ഷിക്കപ്പെടുമ്പോള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം സാധ്യമാകില്ല: മുന്‍ എം പി ഡോ. സെബാസ്റ്റ്യന്‍ പോള്‍

ദേശീയ മാധ്യമ പ്രവര്‍ത്തന ദിനത്തില്‍ 'അദൃശ്യനിരീക്ഷണ കാലത്തെ മാധ്യമ പ്രവര്‍ത്തനം' എന്ന വിഷയത്തില്‍ എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റവുമധികം ആക്രമിക്കപ്പെട്ട കാലമാണിതെന്ന് എം ജി രാധാകൃഷ്ണന്‍ പറഞ്ഞു.

അദൃശ്യമായി നിരീക്ഷിക്കപ്പെടുമ്പോള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം സാധ്യമാകില്ല: മുന്‍ എം പി ഡോ. സെബാസ്റ്റ്യന്‍ പോള്‍
X

കൊച്ചി: പെഗാസസ് പോലുള്ള പുത്തന്‍ സാങ്കേതിക വിദ്യയുടെ ഉല്‍പന്നങ്ങളാല്‍ അദൃശ്യമായി നിരീക്ഷിക്കപ്പെടുമ്പോള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം സാധ്യമാകില്ലെന്ന് മുന്‍ എം പി സെബാസ്റ്റ്യന്‍ പോള്‍. ദേശീയ മാധ്യമ പ്രവര്‍ത്തന ദിനത്തില്‍ 'അദൃശ്യനിരീക്ഷണ കാലത്തെ മാധ്യമ പ്രവര്‍ത്തനം' എന്ന വിഷയത്തില്‍ എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണകൂടം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വതും അദൃശ്യ നിരീക്ഷണത്തിലാക്കുമ്പോള്‍ മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. മാധ്യമ പ്രവര്‍ത്തകര്‍ മാത്രമല്ല ആരും തന്നെ അദൃശ്യ നിരീക്ഷണത്തില്‍ കഴിയേണ്ടവരല്ല. അതിലെ അപകടം എല്ലാവരും തിരിച്ചറിയണം. തിരഞ്ഞെടുപ്പ് നടക്കുന്നതു കൊണ്ടു മാത്രം ഒരു രാജ്യം ജനാധിപത്യ രാജ്യമാകില്ല. ജനാധിപത്യ രാജ്യമാകണമെങ്കില്‍ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാകണം. സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിയാത്ത അവസ്ഥ ഇന്ന് രാജ്യത്ത് സംജാതമായിരിക്കുന്നു. അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം ഇവിടെ രൂപപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റവുമധികം ആക്രമിക്കപ്പെട്ട കാലമാണിതെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് എഡിറ്റോറിയല്‍ അഡൈ്വസര്‍ എം ജി രാധാകൃഷ്ണന്‍ പറഞ്ഞു. 1992ന് ശേഷം 2021 ലാണ് ഏറ്റവുമധികം മാധ്യമ പ്രവര്‍ത്തകര്‍ ആക്രമണത്തിനിരയായത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ 136ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോള്‍ 142 ാം സ്ഥാനത്തായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭരണകൂടങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെയടക്കം നിരീക്ഷിക്കുന്നത് പുതിയതല്ല. ഫോണ്‍ ചോര്‍ത്തുകള്‍ അടിയന്തരാവസ്ഥക്കാലത്തിന് മുമ്പും ഉണ്ടായിട്ടുണ്ട്. ഭാവനക്കുമപ്പുറത്തുള്ള കാര്യങ്ങളാണിപ്പോള്‍ നടക്കുന്നത്.

വിസ്മയാവഹമായ സാങ്കേതികക്കരുത്തുള്ളതാണ് പെഗാസസ് എന്ന സോഫ്റ്റ് വെയര്‍. പുതിയ സാങ്കേതിക വിദ്യ ഒരേ സമയം അസുരനും സുരനുമാണ്. അതിനെ വേണ്ടെന്നു വയ്ക്കുക സാധ്യമല്ല. ഭരണകേന്ദ്രങ്ങളും കോര്‍പറേറ്റുകളും മതങ്ങളുമെല്ലാം ആധുനിക സാങ്കേതിക വിദ്യയെ ഉപയോഗിക്കുന്നു. സാങ്കേതിക വിദ്യയിലെ മുന്നേറ്റങ്ങളെ നമ്മള്‍ സ്വീകരിച്ചേ പറ്റൂ. എന്നാല്‍ വിവേകത്തോടെ സമീപിച്ചില്ലെങ്കില്‍ അതിന് വിപല്‍ക്കരമായ ഫലങ്ങളാണുണ്ടാകുക. അതിനെ എങ്ങനെ ജാഗ്രതയോടെ സമീപിക്കുന്നു എന്നതാണ് പ്രധാനം. ഔപചാരിക ജനാധിപത്യ രാജ്യങ്ങളിലാണ് സ്വേഛാധിപതികള്‍ പിടിമുറുക്കുന്നതെന്നും ഇന്ത്യയില്‍ അതാണ് പ്രകടമാകുന്നതെന്നും എം ജി രാധാകൃഷ്ണന്‍ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം ഏറ്റവും കുറഞ്ഞ കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.

ദി ഹിന്ദു ബ്യൂറോ ചീഫ് എസ് ആനന്ദന്‍ മോഡറേറ്ററായി. പ്രസ് ക്ലബ് പ്രസിഡന്റ് ജിപ്‌സന്‍ സിക്കേര അധ്യക്ഷനായി. സെക്രട്ടറി സി എന്‍ റെജി സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം സീമാ മോഹന്‍ലാല്‍ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it