Kerala

മുസ്‌ലിം വിരുദ്ധ വ്യാജപ്രചാരണം: സര്‍ക്കാര്‍ മൗനം വര്‍ഗീയധ്രുവീകരണത്തെ പ്രോല്‍സാഹിപ്പിക്കുന്നു- പോപുലര്‍ ഫ്രണ്ട്

80:20 അനുപാതത്തില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ മുസ്‌ലിം സമുദായം കവര്‍ന്നെടുക്കുന്നുവെന്ന തരത്തിലും കുപ്രചാരണം ശക്തമാണ്. ക്രിസ്ത്യന്‍ പേരുകളിലുള്ള വ്യാജ ഐഡികളിലൂടെയും ഗ്രൂപ്പുകളിലൂടെയും സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് മുസ്‌ലിം വിദ്വേഷം വ്യാപകമായി പ്രചരിപ്പിക്കുന്നത്.

മുസ്‌ലിം വിരുദ്ധ വ്യാജപ്രചാരണം: സര്‍ക്കാര്‍ മൗനം വര്‍ഗീയധ്രുവീകരണത്തെ പ്രോല്‍സാഹിപ്പിക്കുന്നു- പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: ഹലാല്‍, ലൗ ജിഹാദ് തുടങ്ങിയ വര്‍ഗീയപ്രചാരണങ്ങളിലൂടെ ക്രിസ്ത്യന്‍ സഭകള്‍ക്കിടയില്‍ ധ്രുവീകരണത്തിന് ശ്രമിക്കുന്ന സംഘപരിവാര്‍ അജണ്ട തിരിച്ചറിയണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. 80:20 അനുപാതത്തില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ മുസ്‌ലിം സമുദായം കവര്‍ന്നെടുക്കുന്നുവെന്ന തരത്തിലും കുപ്രചാരണം ശക്തമാണ്. ക്രിസ്ത്യന്‍ പേരുകളിലുള്ള വ്യാജ ഐഡികളിലൂടെയും ഗ്രൂപ്പുകളിലൂടെയും സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് മുസ്‌ലിം വിദ്വേഷം വ്യാപകമായി പ്രചരിപ്പിക്കുന്നത്.

ക്രിസ്ത്യന്‍ സംഘടനകളുടെ സിംബലുകള്‍ ദുരുപയോഗം ചെയ്ത് സംഘപരിവാര്‍ തട്ടിക്കൂട്ടിയ കടലാസ് സംഘടനകളും വ്യാജവിദ്വേഷ വാര്‍ത്താപ്രചാരണത്തില്‍ സജീവമാണ്. മുസ്‌ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കി വര്‍ഗീയമായി വേര്‍തിരിച്ച് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്. നേരത്തേ, ഹാദിയ കേസിന്റെ സമയത്ത് ഹിന്ദു ഹെല്‍പ് ലൈന്‍ എന്നപേരില്‍ സംഘപരിവാരമുണ്ടാക്കിയതിനു സമാനമായ രീതിയില്‍ ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍ എന്ന സംഘടനയുണ്ടാക്കിയിരുന്നു.

എന്നാല്‍, ഇതിനു പിന്നില്‍ സംഘപരിവാരവും അവരുടെ ഐടി സെല്ലും തന്നെയാണെന്നു താമസിയാതെ കണ്ടെത്തി. ക്രിസ്ത്യന്‍ പേരിലുള്ള വര്‍ഗീയപ്രചാരണത്തിനു വേണ്ടി മാത്രം സംഘപരിവാര്‍ നേതൃത്വത്തില്‍ ഗ്രൂപ്പുകളും പേജുകളും അക്കൗണ്ടുകളുമുണ്ടാക്കിയിട്ടുണ്ട്. നല്ല ഭക്ഷണമെന്ന് മാത്രം അര്‍ഥമുള്ള ഹലാല്‍ എന്ന പദത്തെ ആഗോള തീവ്രവാദവും ഹിന്ദു- ക്രിസ്ത്യന്‍ വിരുദ്ധ നീക്കവുമായി പ്രചരിപ്പിക്കുന്നത് ഇതേ കേന്ദ്രങ്ങളാണ്. എല്ലാ അന്വേഷണ ഏജന്‍സികളും വിവിധ കോടതികളും തള്ളിക്കളഞ്ഞ ലൗ ജിഹാദ് പ്രചാരണവും ഈ വര്‍ഗീയ വിഭജന പദ്ധതിയുടെ ഭാഗമാണ്.

ഇതിലൂടെ സമാനതകളില്ലാത്ത വര്‍ഗീയ വിഭജനമാണ് കേരളത്തില്‍ സംഭവിക്കുന്നത്. മുസ്‌ലിംകളുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കാന്‍ നിയോഗിച്ച പാലോളി കമ്മിറ്റിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് മൈനോരിറ്റി കോച്ചിങ് സെന്ററുകള്‍ ആരംഭിച്ചത്. അത് മുസ്‌ലിംകളല്ലാത്ത ന്യൂനപക്ഷങ്ങള്‍ക്ക് കൂടി ബാധകമാക്കിയതുകൊണ്ടാണ് 80 ശതമാനം മാത്രം മുസ്‌ലിംകള്‍ക്ക് നിശ്ചയിച്ചത്. ന്യൂനപക്ഷങ്ങള്‍ക്കായുള്ള മറ്റേതെങ്കിലും ആനുകൂല്യത്തിന് ഈ മാനദണ്ഡം ബാധകമല്ല താനും. എന്നാല്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ 80 ശതമാനവും മുസ്‌ലിംകള്‍ കൈയടക്കി വയ്ക്കുന്നുവെന്ന പച്ചക്കള്ളം ആസൂത്രിതമായി പ്രചരിപ്പിക്കുകയാണ് തല്‍പരകക്ഷികള്‍.

ഈ വിഷയത്തില്‍ യാഥാര്‍ഥ്യം വ്യക്തമാക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ മുസ്‌ലിംകള്‍ അനര്‍ഹമായി ഒന്നും നേടിയിട്ടില്ല എന്ന് മാത്രമല്ല; അര്‍ഹിക്കുന്ന പലതും ലഭ്യമായിട്ടില്ല എന്നതാണ് വസ്തുത. ഇത് കണക്കുകള്‍ വച്ച് വിശദീകരിച്ച് തെറ്റിദ്ധാരണ അകറ്റുന്നതിന് പകരം ഈ വര്‍ഗീയപ്രചരണത്തിന് മൗനാനുവാദം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ മൗനം വെടിയാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും വര്‍ഗീയപ്രചാരണം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ്, സെക്രട്ടറിമാരായ എസ് നിസാര്‍, പി പി റഫീഖ്, സി എ റഊഫ്, ട്രഷറര്‍ കെ എച്ച് നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it