Kerala

ആദിവാസി യുവാവിനെതിരേ കള്ളക്കേസ്; മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി

ആദിവാസി യുവാവിനെതിരേ കള്ളക്കേസ്; മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി
X

കല്‍പ്പറ്റ: ആദിവാസി യുവാവിനെ പോലിസ് കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. ഒരാഴ്ചക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി. മീനങ്ങാടിയി അപ്പാട് അത്തിക്കടവ് പണിയ കോളനിയിലെ ദീപു (22) വിനെയാണ് കാര്‍ മോഷ്ടിച്ചെന്നാരോപിച്ച് പോലിസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. നിലവില്‍ മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ് ദീപു. നവംബര്‍ മൂന്നിന് കല്ലൂരിലെ തിരുവണ്ണൂര്‍ കോളനിയിലുള്ള ഭാര്യവീട്ടില്‍ പോയ ദീപു നവംബര്‍ അഞ്ചിനാണ് തിരിച്ചുവന്നത്.

മീനങ്ങാടിയിലുള്ള വീട്ടിലേക്ക് വരാന്‍ സുല്‍ത്താന്‍ ബത്തേരിയിലെത്തിയപ്പോള്‍ ഒരു കാറില്‍ ചാരിനില്‍ക്കുകയായിരുന്ന ദീപുവിനെ കാറിന്റെ ഉടമയും നാട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ച് പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ദീപു കാറ് മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് കാറിന്റെ ഉടമ പോലിസിനോട് പറഞ്ഞത്.

തുടര്‍ന്ന് കോട്ടയം രജിസ്‌ട്രേഷനിലുള്ള കാറിന്റെ ഉടമ പോലിസില്‍ പരാതി നല്‍കുകയും പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പിന്നീട് ബത്തേരി പോലിസ് എസ്ടി പ്രമോട്ടറായ ഷിജുവിനെ വിളിച്ച് ദീപുവിനെ അറസ്റ്റുചെയ്ത വിവരമറിയിക്കുകയായിരുന്നു. എന്നാല്‍, മദ്യപിച്ച് പ്രശ്‌നമുണ്ടക്കിയതിനാണ് അറസ്റ്റുചെയ്തതെന്നായിരുന്നു എസ്ടി പ്രമോട്ടര്‍ വീട്ടുകാരെ അറിയിച്ചത്.

നവംബര്‍ ആറിന് വീട്ടുകാര്‍ സ്റ്റേഷനിലെത്തി വിവരം അന്വേഷിച്ചപ്പോഴാണ് ബത്തേരിയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തട്ടികൊണ്ടുപോയെന്നും ദീപുവിനെതിരേ കേസെടുത്തിട്ടുണ്ടെന്നും പോലിസ് പറഞ്ഞത്. എന്നാല്‍, ദീപുവിന് ഡ്രൈവിങ് അറിയില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ബൈക്ക് പോലും ഓടിക്കാന്‍ അറിയാത്ത ദീപു കാറ് ഓടിക്കുന്നത് എങ്ങനെയാണെന്ന് വീട്ടുകാര്‍ ചോദിക്കുന്നു. എന്നാല്‍, 200 മീറ്ററോളം ദീപു കാര്‍ ഓടിച്ചെന്നും അത് കണ്ടതുകൊണ്ടാണ് ദീപുവിനെ അറസ്റ്റുചെയ്തത് എന്നുമാണ് പോലിസ് ഭാഷ്യം.




Next Story

RELATED STORIES

Share it