Kerala

ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം: നിരാഹാരസമരക്കാരെ അറസ്റ്റുചെയ്തു നീക്കി

ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് നിരാഹാരം അനുഷ്ഠിച്ചവരെ അറസ്റ്റുചെയ്യാന്‍ പോലിസ് തീരുമാനിച്ചത്. പകരം യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ദിപു പുത്തന്‍പുരയില്‍, എഐവൈഎഫ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം ശ്രിജിത്ത് എന്നിവര്‍ പന്തലില്‍ നിരാഹാരം തുടങ്ങി.

ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം: നിരാഹാരസമരക്കാരെ അറസ്റ്റുചെയ്തു നീക്കി
X

കല്‍പ്പറ്റ: ബന്ദിപ്പൂര്‍ വനമേഖലയില്‍ ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്രമൈതാനിയില്‍ നിരാഹാരസമരം നടത്തുന്ന യുവജനസംഘടനാ പ്രതിനിധികളെ പോലിസ് അറസ്റ്റുചെയ്തു നീക്കി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയലിനെയും വ്യാപാരി വ്യാവസായി എകോപന സമിതി യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് സംഷാദ് ബത്തേരിയെയുമാണ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് നിരാഹാരം അനുഷ്ഠിച്ചവരെ അറസ്റ്റുചെയ്യാന്‍ പോലിസ് തീരുമാനിച്ചത്. പകരം യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ദിപു പുത്തന്‍പുരയില്‍, എഐവൈഎഫ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം ശ്രിജിത്ത് എന്നിവര്‍ പന്തലില്‍ നിരാഹാരം തുടങ്ങി.

സമരം ശക്തമായി തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു. 10ാം ദിവസത്തിലേക്കെത്തിയ സമരത്തിന് പിന്തുണയുമായി വയനാട് എംപി രാഹുല്‍ ഗാന്ധി ഇന്ന് ബത്തേരിയിലെത്തിയിരുന്നു. സമരത്തില്‍ വയനാട്ടുകാര്‍ക്കൊപ്പമുണ്ടാവുമെന്നും അതേസമയം വന്യജീവികളെയും സംരക്ഷിക്കണമെന്നും രാഹുല്‍ പറഞ്ഞു. വയനാടിനെ ഒറ്റപ്പെടുത്തുന്നതായി പരാതികള്‍ ലഭിക്കുന്നതായി രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ ജില്ലയെ അനുഭാവപൂര്‍വം പരിഗണിക്കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വയനാടിന്റെ പ്രശ്‌നത്തോടൊപ്പം വന്യമൃഗങ്ങളെ സംരക്ഷിക്കുകയും വേണം. നിയമപരമായും പ്രയോഗികമായും ജില്ലയുടെ പ്രശനം പരിഹരിക്കാനാവുമെന്നു തനിക്കുറപ്പുണ്ടെന്നും രാഹുല്‍ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മണിക്കൂറുകളോളം കാത്തുനിന്ന ആയിരക്കണക്കിന് വയനാട്ടുകാര്‍ ഹര്‍ഷാരവത്തോടെയാണ് എംപിയെ സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, നേതാക്കളായ ടി സിദ്ദീഖ്, എം കെ രാഘവന്‍, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പം സമരപന്തലിലെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് രാഹുല്‍ഗാന്ധി സമരപ്പന്തലിലെത്തിയത്. കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തിലും രാഹുല്‍ ഗാന്ധി പങ്കെടുത്തു. ദേശീയപാതാ 766ല്‍ നിലവില്‍ ഏര്‍പ്പെടുത്തിയ രാത്രിയിലെ ഗതാഗതനിരോധനം പകലുംകൂടി നീട്ടാനുള്ള ശ്രമത്തെ ചെറുക്കാന്‍ കൂടിയാണ് വിവിധ രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചത്.

Next Story

RELATED STORIES

Share it