Kerala

സെക്രട്ടേറിയ‌റ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപ്പിടുത്തം; അട്ടിമറിയെന്ന് പ്രതിപക്ഷം

സ്വര്‍ണകടത്ത് കേസില്‍ എന്‍ഐഎയ്‌ക്കും ഇടിയ്‌ക്കും നല്‍കേണ്ട തെളിവുകള്‍ സൂക്ഷിക്കുന്നയിടത്താണ് അഗ്നിബാധയുണ്ടായിരിക്കുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

സെക്രട്ടേറിയ‌റ്റിലെ    പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപ്പിടുത്തം; അട്ടിമറിയെന്ന് പ്രതിപക്ഷം
X

തിരുവനന്തപുരം: സെക്രട്ടേറിയ‌റ്റിൽ തീപ്പിടുത്തം. പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന അതീവ സുരക്ഷാ മേഖലയായ നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്. ഫയലുകളും ഒരു കംപ്യൂട്ടറും കത്തിനശിച്ചതായാണ് റിപ്പോർട്ട്. വൈകീട്ട് അഞ്ചു മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. സുപ്രധാനമായ നിരവധി ഫയലുകള്‍ കത്തി നശിച്ചതായാണ് വിവരം. അഗ്നിശമന സേനയെത്തി തീയണച്ചു. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

പൊളിറ്റിക്കൽ വിഭാഗത്തിലെ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. രാഷ്ട്രീയമായി വലിയ പ്രാധാന്യമുള്ള മേഖലയാണിത്. പ്രോട്ടോക്കോൾ ഓഫീസറുടെ ഓഫീസും ഇവിടെയാണുള്ളത്. സ്വര്‍ണകടത്ത് കേസില്‍ എന്‍ഐഎയ്‌ക്കും ഇഡിക്കും നല്‍കേണ്ട തെളിവുകള്‍ സൂക്ഷിക്കുന്നതും ഇവിടെയാണ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫയലുകളും എൻഐഎ ആവശ്യപ്പെട്ടിട്ടുള്ളത് പ്രോട്ടോക്കോൾ ഓഫീസറോടാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

സെക്രട്ടേറിയ‌റ്റിലെ അതീവ സുരക്ഷാ മേഖലയിലുണ്ടായ അഗ്നിബാധ അട്ടിമറിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെ തെളിവുകള്‍ നശിപ്പിച്ചു. പ്രോട്ടോക്കോൾ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ ഉണ്ടായ തീപ്പിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതിനു പിന്നിൽ. സംഭവത്തിൽ സമഗ്രവും നിക്ഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ സുപ്രധാന രേഖകളൊന്നും നശിച്ചിട്ടില്ലെന്നും റൂം ബുക്കിങുമായി ബന്ധപ്പെട്ട കുറച്ച്‌ ഫയലുകള്‍ മാത്രമാണ് നശിച്ചതെന്ന് പൊതുഭരണവകുപ്പ് അഡിഷണല്‍ സെക്രട്ടറി പി ഹണി അറിയിച്ചു. പ്രധാനമായും വിവിധ ഗസ്റ്റ് ഹൗസുകളിലെ റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചത്. നാല് മാസത്തിലധികം മുൻപുള്ള ഫയലുകളാണ് കത്തിനശിച്ചത്. പ്രധാനപ്പെട്ട ഒരു ഫയലും കത്തിനശിച്ചിട്ടില്ല. പ്രധാനപ്പെട്ട ഫയലുകളൊന്നും തീപ്പിടിത്തമുണ്ടായ മുറിയിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ പൊതുഭരണ വകുപ്പിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന്റെ ഭാഗമായി മറ്റു ജീവനക്കാർ എല്ലാം ക്വാറന്റീനിലായിരുന്നു. രണ്ട് ജീവനക്കാർ മാത്രമാണ് ഇന്ന് ജോലിക്ക് എത്തിയിരുന്നത്. കംപ്യൂട്ടറിൽനിന്നുള്ള ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത്. ഉടൻ ഫയർഫോഴ്സിനെ അറിയിക്കുകയും തീ പൂർണമായും അണയ്ക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it