Kerala

പ്രോട്ടോക്കോൾ ഓഫീസിലെ തീപ്പിടുത്തം: സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം, നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് ചീഫ് സെക്രട്ടറി

വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ സെക്രട്ടേറിയറ്റിന് ഉള്ളിൽ നിന്നും പുറത്താക്കി. ചീഫ് സെക്രട്ടറി ബിശ്വനാഥ് മേത്തയുടെ നേതൃത്വത്തിലാണ് മാധ്യമങ്ങളെ പുറത്താക്കിയത്.

പ്രോട്ടോക്കോൾ ഓഫീസിലെ തീപ്പിടുത്തം: സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം, നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് ചീഫ് സെക്രട്ടറി
X

തിരുവനന്തപുരം: പ്രോട്ടോക്കോൾ ഓഫീസിലെ തീപ്പിടുത്തത്തെ തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം. കോൺഗ്രസ് എംഎൽഎമാരെ സെക്രട്ടേറിയറ്റിലേക്ക് കടത്താതെ തടഞ്ഞു. പ്രതിഷേധവുമായെത്തി സെക്രട്ടേറിയറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഉൾപ്പടെ അറസ്റ്റ് ചെയ്തു നീക്കി. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ സെക്രട്ടേറിയറ്റിന് ഉള്ളിൽ നിന്നും പുറത്താക്കി. ചീഫ് സെക്രട്ടറി ബിശ്വനാഥ് മേത്തയുടെ നേതൃത്വത്തിലാണ് മാധ്യമങ്ങളെ പുറത്താക്കിയത്.

തീപ്പിടിത്തത്തെക്കുറിച്ച് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രതിഷേധത്തിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ കോൺഗ്രസ് പ്രതിഷേധം തുടരുകയാണ്. സ്ഥലത്തെത്തിയ നേതാക്കളെയും പ്രവർത്തകരെയും പോലിസ് തടഞ്ഞു.

വിഎസ് ശിവകുമാർ അടക്കമുള്ളവർ സ്ഥലത്തെത്തുകയും സംഭവസ്ഥലത്തേയ്ക്ക് കടത്തിവിടണമെന്നും ആവശ്യപ്പെട്ടെങ്കിലും പോലീസ് ഇവരെ തടയുകയായിരുന്നു. തുടർന്ന് ഇവർ സെക്രട്ടേറിയറ്റ് ഗേറ്റിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പിന്നീട് പ്രതിപക്ഷ നേതാവും സ്ഥലത്തെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് സെക്രട്ടേറിയറ്റിൽനിന്ന് ഉന്നത ഉദ്യോഗസ്ഥർ എത്തി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് രമേശ് ചെന്നിത്തല, വിഎസ് ശിവകുമാർ, വിടി ബൽറാം, ശബരീനാഥ് എന്നിവരെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചത്.

നേരത്തെ മാധ്യമങ്ങളും പ്രതിഷേധക്കാരും സെക്രട്ടേറിയറ്റിന് അകത്ത് കയറിയതോടെ ചീഫ് സെക്രട്ടറി നേരിട്ടെത്തി ആളുകളെ നിയന്ത്രിക്കുകയും മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലന്നും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത മാധ്യമങ്ങളോട് പറഞ്ഞു. സ്ഥലം സന്ദർശിക്കാൻ പോലും കഴിഞ്ഞിട്ടില്ല. എന്നാൽ പ്രാഥമികമായി ലഭിക്കുന്ന നിഗമനം വലിയ തീപിടിത്തമല്ലെന്നും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞൂവെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. ഒന്നും മറച്ചുവെക്കാനില്ല, അങ്ങോട്ടേക്ക് പോകാനുള്ള സമയം ലഭിച്ചില്ലെന്നും ചീഫ് സെക്രട്ടറി പ്രതികരിച്ചു.

തീപിടിത്തമുണ്ടായ ഉടനെ തന്നെ ബിജെപി നേതാവ് കെ സുരേന്ദ്രൻ അടക്കമുള്ളവർ സ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത പോലീസ് നടപടി സംഘർഷത്തിന് ഇടയാക്കി. സ്വർണക്കള്ളക്കടത്ത് അടക്കമുള്ളവയുടെ അതി പ്രധാനമായ ഫയലുകൾ സൂക്ഷിക്കുന്ന സ്ഥലമാണ് ഇവിടമെന്നും തീ പിടിച്ചതല്ല തീവച്ചതല്ലെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.



Next Story

RELATED STORIES

Share it