Kerala

വാരാമ്പറ്റ സ്‌കൂളില്‍ വീണ്ടും ഫസ്റ്റ് ബെല്‍ മുഴങ്ങി; കുട്ടികള്‍ ആവേശത്തിമര്‍പ്പില്‍

വാരാമ്പറ്റ സ്‌കൂളില്‍ വീണ്ടും ഫസ്റ്റ് ബെല്‍ മുഴങ്ങി; കുട്ടികള്‍ ആവേശത്തിമര്‍പ്പില്‍
X

കല്‍പറ്റ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് പഠനാനുഭവങ്ങള്‍ പകര്‍ന്നു നല്‍കുന്നതിന് വാരാമ്പറ്റയില്‍ ആരംഭിച്ച സ്‌കൂള്‍@ഹോമിന്റെ ഫസ്റ്റ് ബെല്‍ മുഴങ്ങി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഫസ്റ്റ് ബെല്‍ മുഴക്കി പദ്ധതി ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ പി എ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ കെ വിജയന്‍, പ്രധാനാധ്യാപകന്‍ എം ടി ജെയിസ്, എം കെ കമലാദേവി, കെ ടി ലത്തീഫ്, സി കെ അഷ്‌റഫ്, കെ അനീഷ്‌കുമാര്‍, ദീപു ആന്റണി, സി മനോജ്കുമാര്‍, കെ രേഷ്മ എന്നിവര്‍ സംസാരിച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ വീടുകളില്‍ വിദ്യാലയത്തിന്റെ പകര്‍പ്പൊരുക്കിയാണ് വയനാട് ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിലെ വാരാമ്പറ്റ സ്‌കൂള്‍ സംസ്ഥാനത്താകെ ചര്‍ച്ചയാവുന്നത്. വീടുകളില്‍ വിദ്യാലയത്തിന്റെ പകര്‍പ്പൊരുക്കി സ്‌കൂളിലെ ദൈനം ദിനചര്യകള്‍ എങ്ങനെയാണോ അതുപോലെ കുട്ടികള്‍ക്ക് സാഹചര്യമൊരുക്കുന്ന പദ്ധതിയാണിത്. കൊവിഡ് ദുരന്ത മുഖത്ത് വിദ്യാഭ്യാസ രംഗത്ത് പ്രതീക്ഷ നല്‍കുന്നതാണ് വാരാമ്പറ്റ സ്‌കൂള്‍ അധികൃതരുടെ വേറിട്ടതും മാതൃകാപരവുമായ പുതിയ പരീക്ഷണം. സംസ്ഥാനത്താകെ നടപ്പാക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് മുന്നില്‍ പദ്ധതി ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം ടി ജെയിസ് പറഞ്ഞു.

എല്ലാ വീടുകളിലും കുട്ടികള്‍ക്ക് സ്വന്തമായി സ്റ്റഡി ടേബിള്‍ ഒരുക്കുകയും അതുവഴി കുട്ടികളെ പഠനസന്നദ്ധരാക്കുകയും ചെയ്യുക, സാധാരണ സ്‌കൂള്‍ പ്രവര്‍ത്തന സമയമായ രാവിലെ 10ന് കുട്ടികളെ പഠനത്തിന് തയ്യാറാക്കി സ്റ്റഡി ടേബിളില്‍ എത്തിക്കുക, കുട്ടികളുടെ എല്ലാ പഠനോപകരണങ്ങളും സ്റ്റഡി ടേബിളില്‍ സൂക്ഷിക്കുക, ഓണ്‍ലൈനായി നടക്കുന്ന ക്ലാസുകളും ക്ലാസ് അധ്യാപകരുടെ ക്ലാസുകളും സ്റ്റഡി ടേബിളില്‍ വച്ചു തന്നെ കാണുക, വീടുകളില്‍ വിദ്യാലയത്തിന്റെ ചെറിയൊരു പതിപ്പ് ആവിഷ്‌കരിക്കുന്നതു വഴി കുട്ടികളിലെ സ്വഭാവരൂപീകരണത്തിലും അച്ചടക്കത്തിലും സര്‍വ്വതോന്മുഖമായ വളര്‍ച്ചയിലും ഇടപെടുക എന്നിവയൊക്കെയാണ് 'സ്‌കൂള്‍@ഹോം' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

First bell rang again at Varampetta School


Next Story

RELATED STORIES

Share it