Kerala

മത്സ്യവിപണത്തില്‍ ഇടനിലക്കാരെ ഒഴിവാക്കും: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

ഹാര്‍ബറുകളില്‍ നിന്ന് മത്സ്യം മാര്‍ക്കറ്റിലേക്ക് നേരിട്ട് ഇടനിലക്കാരില്ലാതെ എത്തിക്കുന്ന രീതിയാണ് ലക്ഷ്യമിടുന്നത്.

മത്സ്യവിപണത്തില്‍ ഇടനിലക്കാരെ ഒഴിവാക്കും:  മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
X

തൃശൂര്‍: മത്സ്യ വിപണന രംഗത്ത് ഇടനിലക്കാരെ ഒഴിവാക്കി പുതിയ വിപണനപദ്ധതികള്‍ നടപ്പാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ചാലക്കുടിയിലെ മത്സ്യഫെഡ് ഫിഷ്മാര്‍ട്ടിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഹാര്‍ബറുകളില്‍ നിന്ന് മത്സ്യം മാര്‍ക്കറ്റിലേക്ക് നേരിട്ട് ഇടനിലക്കാരില്ലാതെ എത്തിക്കുന്ന രീതിയാണ് ലക്ഷ്യമിടുന്നത്. കൊള്ളവില ഈടാക്കാതെ ഗുണമേന്മയുള്ള മത്സ്യം എല്ലാവരിലേക്കും എത്തിക്കാന്‍ കഴിയണം. ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി ഈ മാറ്റത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. ലേലം ഒഴിവാക്കി വില നിശ്ചയിക്കുന്ന രീതിക്ക് പ്രാധാന്യം കൊടുക്കണം. ശരിയായ വില നിശ്ചയിച്ചു കഴിഞ്ഞാല്‍ ആ വിലക്ക് തന്നെ എങ്ങനെ മത്സ്യം വിപണിയിലെത്തിക്കാം എന്നത് മല്‍സ്യഫെഡിന്റെ മുന്നിലുള്ള വെല്ലുവിളിയാണ്. ഈ പ്രശ്‌നത്തെ മറികടക്കാനുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തും. ഇതിന്റെ ആദ്യഘട്ടം എന്ന രീതിയില്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന വില ലഭിക്കണം എന്നതുപോലെ ജനങ്ങള്‍ക്ക് ന്യായമായ വിലയ്ക്ക് ഗുണമേന്മയുള്ള മത്സ്യവും ലഭിക്കേണ്ടതുണ്ട്. സഹകരണ വകുപ്പുമായി ചേര്‍ന്നുകൊണ്ടാണ് ഫിഷ് മാര്‍ട്ട് പോലുള്ള സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വിവിധതരം മത്സ്യങ്ങളും മത്സ്യ ഉല്‍പ്പന്നങ്ങളും ഇവിടെ നിന്ന് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ബി ഡി ദേവസ്സി എം എല്‍ എ അധ്യക്ഷത വഹിച്ചു. ചാലക്കുടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍ കുമാര്‍ ആദ്യ വില്പന നടത്തി. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ രാജന്‍ വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ഷീജു, മത്സ്യഫെഡ് ജില്ലാ മാനേജര്‍ എ. കെ. ബാബു, മുന്‍ ജില്ലാ മാനേജര്‍ ഗീത ഉണ്ണികൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍ യു. വി. മാര്‍ട്ടിന്‍, ചാലക്കുടി ടൗണ്‍ മള്‍ട്ടിപര്‍പ്പസ് സഹകരണ സംഘം സെക്രട്ടറി പി എസ് കിഷോര്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it