Kerala

പ്രളയബാധിതരായ വ്യാപാരികള്‍ക്ക് പ്രത്യേക പാക്കേജ് ഉടന്‍: മന്ത്രി ഇ പി ജയരാജന്‍

വ്യവസായി സൗഹൃദാന്തരീക്ഷം ഉറപ്പാക്കാനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. 10 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായങ്ങള്‍ക്ക് നിലവിലെ നിയമ വ്യവസ്ഥ അനുസരിച്ച് നേരിട്ട് വ്യവസായം ആരംഭിക്കാം. മൂന്നു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് നേടിയാല്‍ മതി. സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാതെ വ്യവസായം ആരംഭിക്കാം. 10 കോടിക്കു മുകളിലുള്ള നിക്ഷേപത്തിന് നേരിട്ട് അനുമതി നല്‍കുന്നതും പരിഗണനയിലാണ്. വാണിജ്യ വ്യവഹാരങ്ങള്‍ വേഗത്തിലാക്കാന്‍ വാണിജ്യകോടതി സ്ഥാപിക്കും.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് വാണിജ്യ കോടതി സ്ഥാപിക്കുക

പ്രളയബാധിതരായ വ്യാപാരികള്‍ക്ക് പ്രത്യേക പാക്കേജ് ഉടന്‍: മന്ത്രി ഇ പി  ജയരാജന്‍
X

കൊച്ചി: പ്രളയക്കെടുതിയില്‍ നഷ്ടം സംഭവിച്ച ചെറുകിട സംരംഭകര്‍ക്കും വ്യാപാരികള്‍ക്കും നഷ്ടം കണക്കാക്കാന്‍ നിയോഗിച്ച സബ് കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിച്ച് സഹായ പാക്കേജ് പ്രഖ്യാപിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടന്ന വ്യവസായി സൗഹൃദ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.റിപോര്‍ട്ട് ഉടന്‍ സര്‍ക്കാരിനു സമര്‍പ്പിക്കും. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സഹായം പരിഗണിക്കുകയെന്നും അദ്ദേഹം പറഞ്ഞു.വ്യാവസായിക രംഗത്ത് സമഗ്ര വികസനം നടപ്പാക്കാനുള്ള കര്‍മ്മപദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. നിക്ഷേപകര്‍ക്ക് വ്യവസായം തുടങ്ങാന്‍ എല്ലാ സൗകര്യങ്ങളുമൊരുക്കുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് കേരള ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ ആന്‍ഡ് പ്രൊമോഷന്‍ ആക്ട് അവതരിപ്പിച്ചത്. പുതിയ സംരംഭങ്ങള്‍ക്ക് ലൈസന്‍സ് അടക്കമുള്ള അനുമതികള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനായി കെ-സ്വിഫ്റ്റ് എന്ന ഓണ്‍ലൈന്‍ ക്ലിയറന്‍സ് സംവിധാനവും അവതരിപ്പിച്ചു. 14 വകുപ്പുകളുടെ 29 സേവനങ്ങളാണ് ഇതുവഴി ലഭ്യമാകുക. കെട്ടിട നിര്‍മ്മാണ അനുമതി, സുരക്ഷാ ക്ലിയറന്‍സ് തുടങ്ങിയവ ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകും. 30 ദിവസത്തിനകം ലൈസന്‍സ് ലഭിച്ചിട്ടില്ലെങ്കില്‍ സ്വമേധയാ ലൈസന്‍സിന് അര്‍ഹതയുണ്ടാകും.

വ്യവസായി സൗഹൃദാന്തരീക്ഷം ഉറപ്പാക്കാനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. 10 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായങ്ങള്‍ക്ക് നിലവിലെ നിയമ വ്യവസ്ഥ അനുസരിച്ച് നേരിട്ട് വ്യവസായം ആരംഭിക്കാം. മൂന്നു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് നേടിയാല്‍ മതി. സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാതെ വ്യവസായം ആരംഭിക്കാം. 10 കോടിക്കു മുകളിലുള്ള നിക്ഷേപത്തിന് നേരിട്ട് അനുമതി നല്‍കുന്നതും പരിഗണനയിലാണ്. ഇന്‍വെസ്റ്റ്‌മെന്റ് കേരള എന്ന വെബ് പോര്‍ട്ടലും ആരംഭിച്ചിട്ടുണ്ട്. വ്യവസായ മേഖലകളുടെ സമഗ്ര വിവരങ്ങള്‍ ഇതില്‍ ലഭിക്കും. കെ - സ്വിഫ്റ്റിന്റെ രണ്ടാം പതിപ്പില്‍ 25 വകുപ്പുകളെ ഉള്‍പ്പെടുത്തും. വ്യവസായ രംഗത്തേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ബഹുനില വ്യവസായ സമുച്ചയങ്ങള്‍ സര്‍ക്കാര്‍ ആരംഭിക്കുകയാണ്. തൃശൂര്‍ വടക്കാഞ്ചേരിയില്‍ സമുച്ചയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

സ്വകാര്യ, പൊതുമേഖല നിക്ഷേപങ്ങള്‍ ഉപയോഗപ്പെടുത്തി സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം അഭിവൃദ്ധിപ്പെടുത്തുകയാണ് ലക്ഷ്യം. വാണിജ്യ വ്യവഹാരങ്ങള്‍ വേഗത്തിലാക്കാന്‍ വാണിജ്യകോടതി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് വാണിജ്യ കോടതി സ്ഥാപിക്കുക. വായ്പയെടുത്ത് കടബാധ്യതയിലായ വ്യാപാരികള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കും. കെ എസ് ഐ ഡി സി യെ ശക്തിപ്പെടുത്തി കൂടുതല്‍ വായ്പകള്‍ അനുവദിക്കും. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ അവരുടെ പ്രൊജകുകള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങളും നടത്തി വരുന്നു. വ്യവസായി സംഘടനകളുടെയും സംരംഭകരുടെയും യോഗം വിളിച്ച് നിര്‍ദേശങ്ങള്‍ പരിഗണിച്ചായിരിക്കും പദ്ധതികള്‍ നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. കര്‍ശന നിയന്ത്രണങ്ങളോടെയുള്ള ലൈസന്‍സിംഗ് സംവിധാനത്തില്‍ നിന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ ലൈസന്‍സിംഗ് സംവിധാനത്തിലേക്ക് പ്രവേശിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്ത വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ ഡോ. കെ. ഇളങ്കോവന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it