Kerala

പ്രമുഖ ഫോക്‌ലോര്‍ ഗവേഷകന്‍ ഡോ. എം വി വിഷ്ണു നമ്പൂതിരി അന്തരിച്ചു

സംസ്‌കാരം ഞായറാഴ്ച രാവിലെ 9ന് കുന്നരുവിലെ വീട്ടുവളപ്പില്‍

പ്രമുഖ ഫോക്‌ലോര്‍ ഗവേഷകന്‍ ഡോ. എം വി വിഷ്ണു നമ്പൂതിരി അന്തരിച്ചു
X

കണ്ണൂര്‍: പ്രമുഖ ഫോക്‌ലോര്‍ ഗവേഷകന്‍ ഡോ. എം വി വിഷ്ണു നമ്പൂതിരി(80) അന്തരിച്ചു. അരനൂറ്റാണ്ടിലേറെക്കാലം ഫോക്‌ലോര്‍ രംഗത്തെ നിറസാന്നിധ്യമായിരുന്ന ഇദ്ദേഹം നാടോടി വിജ്ഞാനീയരംഗത്ത് പഠനം, ശേഖരണം, ഗവേഷണം, പ്രസിദ്ധീകരണം എന്നീ തലങ്ങളില്‍ പ്രതിഭ തെളിയിച്ചിരുന്നു. തെയ്യങ്ങളുടെ പുരാവൃത്തങ്ങളും തോറ്റംപാട്ടുകളും തേടിയുള്ള അദ്ദേഹത്തിന്റെ അന്വേഷണം മാനവികതയുടെ കാലിക പ്രസക്തി തേടിയുള്ള യാത്രകളായിരുന്നു. മലയാളഭാഷയിലും സാഹിത്യത്തിലും എംഎ(ഫസ്റ്റ് ക്ലാസ്), പിഎച്ച്ഡി ബിരുദം. അവാര്‍ഡുകള്‍: കേരളസാഹിത്യ അക്കാദമി(ഐസി ചാക്കോ എന്‍ഡോവ്‌മെന്റ്) അവാര്‍ഡ്-1998(ഫോക്‌ലോര്‍ നിഘണ്ടു), പട്ടത്താനം അവാര്‍ഡ്-1998 (ഫോക്‌ലോര്‍ പഠനരംഗത്ത് കാല്‍നൂറ്റാണ്ടിലേറെക്കാലം ചെയ്ത സേവനങ്ങളെ പരിഗണിച്ച്), കേരള ഫോക്‌ലോര്‍ അക്കാദമിയുടെ പ്രഥമ അവാര്‍ഡ് ഗ്രന്ഥരചനസമഗ്രസംഭാവനയ്ക്ക് 1999, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്-2008(നാടന്‍ കലാ ഗവേഷണം), കേരള സര്‍ക്കാരിന്റെ പി കെ കാളന്‍ പുരസ്‌കാരം2009, പി കെ പരമേശ്വരന്‍ നായര്‍ ട്രസ്റ്റ് എസ് ഗുപ്തന്‍ നായര്‍ സ്മാരക പുരസ്‌കാരം-2011, കടത്തനാട്ട് ഉദയവര്‍മ്മരാജ പുരസ്‌കാരം-2012, കേന്ദ്രസാംസ്‌കാരികവകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ്. കേരളഫോക്‌ലോര്‍ അക്കാദമിയുടെ മുന്‍ ചെയര്‍മാന്‍. ഫോക്‌ലോര്‍ രംഗത്ത് 60ലേറെ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. തോറ്റംപാട്ടുകള്‍ ഒരു പഠനം, നമ്പൂതിരി ഭാഷാശബ്ദകോശം, ഫോക്‌ലോര്‍ നിഘണ്ടു, വടക്കന്‍പാട്ടുകഥകള്‍ഒരു പഠനം, തെയ്യവും തിറയും, നാടോടിവിജ്ഞാനീയം, പൊട്ടനാട്ടം, പൂരക്കളി, തെയ്യം, കേരളത്തിലെ നാടന്‍സംഗീതം, ഫോക്‌ലോര്‍ ചിന്തകള്‍, നാടന്‍കലകള്‍ നാടന്‍പാട്ടുകള്‍, മാന്ത്രിക വിജ്ഞാനം, ഫോക്‌ലോറും ജനസംസ്‌കാരപഠനവും, ഗവേഷണപ്രവേശിക, നാടന്‍പാട്ടുകള്‍ മലയാളത്തില്‍, കോതാമൂരി, പുരാവൃത്തപഠനം, ഫോക്‌ലോറും നാമപഠനവും എന്നിവ അതില്‍ പ്രധാനപ്പെട്ടതാണ്. ഭാര്യ: സുവര്‍ണനി. പയ്യന്നൂരിനു സമീപത്തെ രാമന്തളിയില്‍ 1929 ഒക്‌ടോബര്‍ 25നാണം ജനനം. പിതാവ്: സുബ്രഹ്മണ്യന്‍ നമ്പൂതിരി. മാതാവ്: ദ്രൗപദി അന്തര്‍ജ്ജനം. മക്കള്‍: സുബ്രഹ്മണ്യന്‍, ഡോ. ലളിതാംബിക, മുരളീധരന്‍. സംസ്‌കാരം ഞായറാഴ്ച രാവിലെ 9ന് കുന്നരുവിലെ വീട്ടുവളപ്പില്‍.

വിഷ്ണുനമ്പൂതിരിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരളത്തില്‍ ഫോക്‌ലോര്‍ പഠന ഗവേഷണത്തിന് തുടക്കം കുറിച്ചവരില്‍ പ്രമുഖനായിരുന്നു വിഷ്ണുനമ്പൂതിരിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.



Next Story

RELATED STORIES

Share it