Kerala

മുന്‍ മിസ് കേരള അടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം: ഹാര്‍ഡ് ഡിസ്‌കിനായി പോലിസ് കായലില്‍ നടത്തിയ തിരിച്ചില്‍ അവസാനിപ്പിച്ചു

മൂന്നു ദിവസമായിട്ടായിന്നു പോലിസിന്റെ നേതൃത്വത്തില്‍ കായലില്‍ തിരിച്ചില്‍ നടത്തിയത്. ആദ്യം ദിവസം ഫയര്‍ഫോഴ്‌സിന്റെ ഡൈവേഴ്‌സിന്റെ സഹായത്തോടെയും രണ്ടാം ദിവസം തീരദേശ സേനയുടെ സഹായത്തോടെയും മൂന്നാം ദിവസം മല്‍സ്യതൊഴിലാളികളുടെ സഹായത്തോടെയുമായിരുന്നു തിരച്ചില്‍ നടത്തിയത്

മുന്‍ മിസ് കേരള അടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം: ഹാര്‍ഡ് ഡിസ്‌കിനായി പോലിസ് കായലില്‍ നടത്തിയ തിരിച്ചില്‍ അവസാനിപ്പിച്ചു
X

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍,റണ്ണര്‍ അപ്പ് ആയ അഞ്ജന ഷാജന്‍,സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തുന്നതിനായി കൊച്ചിയിലെ കായലില്‍ നടത്തിയ പരിശോധന പോലിസ് അവസാനിപ്പിച്ചു.മൂന്നു ദിവസമായിട്ടായിന്നു പോലിസിന്റെ നേതൃത്വത്തില്‍ കായലില്‍ തിരിച്ചില്‍ നടത്തിയത്.

ആദ്യം ദിവസം ഫയര്‍ഫോഴ്‌സിന്റെ ഡൈവേഴ്‌സിന്റെ സഹായത്തോടെയും രണ്ടാം ദിവസം തീരദേശ സേനയുടെ സഹായത്തോടെയും മൂന്നാം ദിവസം മല്‍സ്യതൊഴിലാളികളുടെ സഹായത്തോടെയുമായിരുന്നു തിരച്ചില്‍ നടത്തിയത്.എന്നാല്‍ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ തിരിച്ചില്‍ അവസാനിപ്പിച്ചതായി കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.നിലവില്‍ കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.ഇത് കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ക്ക് മതിയാകും.ഹോട്ടലില്‍ ഉണ്ടായിരുന്ന മറ്റ് ആളുകളെ ചോദ്യം ചെയ്തു വരികയാണ്..ഇവരെ ചോദ്യം ചെയ്തതിനു ശേഷമെ ആരൊക്കെ പ്രതികളാകുമെന്ന് വ്യക്തമാകുകയുള്ളുവെന്നും കമ്മീഷണര്‍ പറഞ്ഞു.

ഫോര്‍ട്ട് കൊച്ചിയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ നിന്നും മടങ്ങവെയാണ് ഈ മാസം ഒന്നിന് അര്‍ധരാത്രിയോടെ അന്‍സി കബീര്‍,അഞ്ജന ഷാജന്‍, മുഹമ്മദ് ആഷിഖ് എന്നിവര്‍ സഞ്ചരിച്ച കാര്‍ എറണാകുളം വൈറ്റില ചക്കരപറമ്പിനു സമീപം അപകടത്തില്‍ പെട്ടത്. ബൈക്കില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.അപടത്തില്‍ അന്‍സി കബീര്‍,അഞ്ജന ഷാജന്‍, എന്നിവര്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു. മുഹമ്മദ് ആഷിഖ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ യാണ് മരിച്ചത്.

കാര്‍ ഓടിച്ചിരുന്ന തൃശ്ശൂര്‍, മാള, കോട്ടമുറി സ്വദേശിയായ അബ്ദുള്‍ റഹ്മാന്‍(25) നെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നു വാഹനമോടിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലിസ് പറഞ്ഞിരുന്നു. റോയിയുടെ ഹോട്ടലില്‍ ഡിജെ പാര്‍ട്ടി നടന്നിരുന്നുവെന്നും ഇവിടെ നിന്നും മടങ്ങവെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടതെന്നുമാണ് പോലിസിന് ലഭിച്ച വിവരം. ഇവരുടെ കാറിനൊപ്പം ഹോട്ടലില്‍ നിന്നും പുറപ്പെട്ട മറ്റൊരു കാര്‍ അന്‍സി കബീര്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്നുവെന്നും കാര്‍ അപകടത്തില്‍പ്പെട്ടതോടെ പിന്തുടര്‍ന്ന് കാറിന്റെ ഡ്രൈവര്‍ ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചിരുന്നതായും പോലിസ് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് പോലിസ് ഹോട്ടലില്‍ പരിശോധന നടത്തി സിസിടിവി കാമറയുടെ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തുവെങ്കിലും ഇതില്‍ പാര്‍ടി ഹാളിലെ ദൃശ്യങ്ങള്‍ ഇല്ലായിരുന്നു. തുടര്‍ന്ന് ഉടമ റോയിയെ പോലീസ് നോട്ടീസ് നല്‍കി വിളിച്ചു വരുത്തി ചോദ്യം ചെയ്തുവെങ്കിലും ഒരു ഡിവിആര്‍ മാത്രമാണ് റോയി ഹാജരാക്കിയത്. മറ്റേ ഡിവിആര്‍ നശിപ്പിച്ചതായി പോലിസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ പോലിസ് റോയിക്കും അഞ്ചു ജീവനക്കാര്‍ക്കുമെതിരെ തെളിവു നശിപ്പിക്കല്‍ കുറ്റം ചുമത്തി ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു.ഇവരെ പിന്നീട് കോടതി ജാമ്യത്തില്‍ വിട്ടിരുന്നു.ഒരു ഡിവിആര്‍ റോയിയുടെ നിര്‍ദ്ദേശ പ്രകാരം ജീവനക്കാര്‍ കായലില്‍ എറിഞ്ഞുകളഞ്ഞുവെന്ന് പോലിസ് കണ്ടെത്തിയതോടെയാണ് ഇത് കണ്ടെത്തുന്നതിനായി പോലിസ് കായലില്‍ തിരിച്ചില്‍ നടത്തിയത്.

അന്‍സി കബീറും സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നു കാറിന്റെഡ്രൈവര്‍ സൈജു അന്വേഷണ സംഘത്തിനു മുമ്പാകെ ഇന്ന് വീണ്ടും ഹാജരായി. രണ്ട് അഭിഭാഷകര്‍ക്കൊപ്പമാണ് സൈജു ഇന്ന് രാവിലെയോടെ കേസ് അന്വേഷിക്കുന്ന സംഘത്തിനു മുമ്പാകെ ഹാജരായിരിക്കുന്നത്.ഇയാളെ പോലിസ് ചോദ്യം ചെയ്തു വരികയാണ്.അപകടത്തിനിരയായ കാര്‍ ഓടിച്ചിരുന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്നെ പ്രതി ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടി സൈജു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും കേസില്‍ സൈജുവിനെ പ്രതിയാക്കിയിട്ടില്ലെന്ന് പോലിസ് കോടതിയെ അറിയിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് സൈജു അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായിരിക്കുന്നത്.

Next Story

RELATED STORIES

Share it