Kerala

മുന്‍ രഞ്ജി താരം ജയമോഹന്‍ തമ്പിയുടെ മരണം മകന്റെ ക്രൂരമര്‍ദനംമൂലമെന്ന് പോലിസ്

മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ഇതിനിടെ പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ അച്ഛനെ മകന്‍ അശ്വിന്‍ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു.

മുന്‍ രഞ്ജി താരം ജയമോഹന്‍ തമ്പിയുടെ മരണം മകന്റെ ക്രൂരമര്‍ദനംമൂലമെന്ന് പോലിസ്
X

തിരുവനന്തപുരം: മുന്‍ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും എസ്ബിഐ ഡപ്യൂട്ടി ജനറല്‍ മാനേജരുമായിരുന്ന കെ ജയമോഹന്‍ തമ്പിയെ മകന്‍ മകന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്നാണെന്ന് പോലിസ്. മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ഇതിനിടെ പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ അച്ഛനെ മകന്‍ അശ്വിന്‍ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു. ആദ്യം മുഖത്തിടിച്ചശേഷം വീണ്ടും ഇടിച്ചിട്ടെന്നാണ് അശ്വിന്റെ മൊഴി. ഇതോടെ തലയടിച്ചുവീണ ജയമോഹന്‍ തമ്പി ബോധരഹിതനായി. ജയമോഹന്റെ മരണവുമായി ബന്ധപ്പെട്ട് മൂത്ത മകന്‍ അശ്വിനെ പോലിസ് ചൊവ്വാഴ്ച അറസ്റ്റുചെയ്തിരുന്നു.

ജയമോഹന്റെ മൂക്കിന് ശക്തിയായി ഇടിച്ചതിന്റെ ആഘാതത്തില്‍ ചുവരില്‍ തലയിടിച്ച് നിലത്തുവീണു. അച്ഛന്‍ ബോധമില്ലാതെ കിടക്കുന്ന വിവരം സഹോദരനെയടക്കം വിളിച്ചുപറഞ്ഞെങ്കിലും ആരും വീട്ടിലേക്ക് വന്നില്ലെന്നും അശ്വിന്‍ മൊഴി നല്‍കിയിട്ടുണ്ട്. അച്ഛന്‍ മരിച്ചുകിടക്കുമ്പോള്‍ ഇയാള്‍ വീണ്ടും രണ്ട് കുപ്പി മദ്യംവാങ്ങി കുടിക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ അയല്‍വാസിയും സുഹൃത്തുമായ സതിയ്ക്ക് മദ്യം വാങ്ങാന്‍ പണം നല്‍കി. ഇയാള്‍ മദ്യം വാങ്ങിക്കൊണ്ടുവന്ന് ഇരുവര്‍ക്കും ഒഴിച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍, ഇവരോടൊപ്പം സതി മദ്യപിച്ചിരുന്നില്ലെന്നാണ് മൊഴി. പിന്നാലെ വീണ്ടും മദ്യം വാങ്ങാന്‍ അശ്വിന്‍ അച്ഛനോട് പണം ആവശ്യപ്പെട്ടെങ്കിലും പണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കുവൈത്തില്‍നിന്ന് തിരിച്ചെത്തിയ അശ്വിനും ജയമോഹന്‍ തമ്പിയും സ്ഥിരമായി മദ്യപിക്കുന്നവരായിരുന്നു. ലോക്ക് ഡൗണ്‍ കാലത്തെ ഇടവേളയ്ക്കുശേഷം മദ്യശാലകള്‍ തുറന്നതോടെയാണ് നിരന്തരമായ മദ്യപാനം വീണ്ടും തുടങ്ങിയത്. ഇവരുടെ മദ്യപാനവും വഴക്കും കാരണമാണ് അശ്വിന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയത്. തമ്പിയുടെ എടിഎം, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതും മകനായിരുന്നു. കൊലപാതകം ആസൂത്രിതമല്ലെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. ജയമോഹന്റെ മരണത്തില്‍ സുഹൃത്തിന് പങ്കുണ്ടോയെന്ന് പോലിസ് പരിശോധിക്കുകയാണ്. സഹായിയെ പോലിസ് ചോദ്യംചെയ്യുകയാണ്. ഇരുവരെയും ഒരുമിച്ചിരുത്തിയും വെവ്വേറെയുമാണ് ചോദ്യം ചെയ്യുന്നത്.

തിരുവനന്തപുരം മണക്കാട് മുക്കോലക്കല്‍ ദേവീക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് ജയമോഹന്‍ തമ്പിയെ മരിച്ചനിലയില്‍ കണ്ടത്. തമ്പിയുടെ വീടിനു മുകളില്‍ താമസിക്കുന്നവര്‍ ദുര്‍ഗന്ധത്തെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നു. 1982-84ല്‍ കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിരുന്നു ജയമോഹന്‍ തമ്പി. എസ്ബിടി ടീമിനെ നയിച്ചിട്ടുണ്ട്. ഇക്കണോമിക്സില്‍ എംഎ നേടിയ ശേഷമാണ് എസ്ബിടി ഉദ്യോഗസ്ഥനായത്. ഡെപ്യൂട്ടി ജനറല്‍ മാനേജരായാണ് ജോലിയില്‍നിന്നു വിരമിച്ചത്.

Next Story

RELATED STORIES

Share it