Kerala

തദ്ദേശസ്വയംഭരണ പൊതുസര്‍വീസ് രൂപീകരിക്കുന്നു; അഞ്ച് വകുപ്പുകള്‍ സംയോജിപ്പിക്കും

ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷന്‍ സമര്‍പ്പിച്ച കരട് ചട്ടങ്ങളും പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടും പരിഗണിച്ചാണ് ഏകീകരണം.

തദ്ദേശസ്വയംഭരണ പൊതുസര്‍വീസ് രൂപീകരിക്കുന്നു; അഞ്ച് വകുപ്പുകള്‍ സംയോജിപ്പിക്കും
X

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശസ്വയംഭരണ പൊതുസര്‍വീസ് രൂപീകരിക്കാന്‍ തീരുമാനിച്ചു. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എന്‍ജിനീയറിങ്, നഗരഗ്രാമാസൂത്രണം എന്നീ വകുപ്പുകള്‍ ഏകീകരിച്ചാണ് പൊതുസര്‍വീസ് രൂപീകരിക്കുന്നത്. ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷന്‍ സമര്‍പ്പിച്ച കരട് ചട്ടങ്ങളും പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടും പരിഗണിച്ചാണ് ഏകീകരണം.

അഞ്ച് വ്യത്യസ്ത വകുപ്പുകള്‍ പരസ്പരം ബന്ധപ്പെടാതെ നില്‍ക്കുന്നത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് തടസ്സമാകുന്നുണ്ട്. ഇത് പരിഹരിക്കാനാണ് പൊതുസര്‍വീസ്. ഏകീകൃത വകുപ്പിന്റെ പേര് 'തദ്ദേശസ്വയംഭരണ വകുപ്പ്' എന്നും വകുപ്പ് തലവന്റെ പേര് 'പ്രിന്‍സിപ്പല്‍ ഡയറക്ടര്‍' എന്നുമായിരിക്കും. നിലവിലുള്ള ജീവക്കാര്‍ക്ക് ദോഷം വരാതെയായിരിക്കും ഏകീകരണം. വിവിധ തട്ടുകളിലായി കിടക്കുന്ന പ്രാദേശിക ആസൂത്രണ വികസനപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും മികച്ച പ്രാദേശിക ഭരണത്തിനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് മാത്രമായി ഏകീകൃത ഉദ്യോഗസ്ഥസംവിധാനം അനിവാര്യമാണ്.

നിലവിലുള്ള ഗ്രാവികസന കമ്മീഷണറേറ്റ്, പഞ്ചായത്ത് ഡയറക്ടറേറ്റ്, നഗരകാര്യ ഡയറക്ടറേറ്റ് എന്നീ മൂന്നു വകുപ്പുകള്‍ സംയോജിപ്പിച്ച് റൂറല്‍, അര്‍ബന്‍ എന്നീ രണ്ടു വിങ്ങുകള്‍ രൂപീകരിക്കും. ഗ്രാമവികസന വകുപ്പ് കമ്മീഷണര്‍, പഞ്ചായത്ത് ഡയറക്ടര്‍, നഗരകാര്യഡയറക്ടര്‍ എന്നിവര്‍ക്ക് പകരം ഡയറക്ടര്‍, എല്‍എസ്ജിഡി (റൂറല്‍), ഡയറക്ടര്‍ എല്‍എസ്ജിഡി (അര്‍ബന്‍) എന്നീ തസ്തികകള്‍ നിലവില്‍ വരും.

ധനസഹായം

ഓടയില്‍ വീണ് മരണപ്പെട്ട കവടിയാര്‍ ശിവകൃപ പണ്ഡിറ്റ് കോളനിവാസി മണിയന്‍ എന്ന അശോക് കുമാറിന്റെ ഭാര്യ ലക്ഷ്മിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് നാലുലക്ഷം രൂപ കൂടി ധനസഹായം അനുവദിക്കും. നേരത്തെ നല്‍കിയ ഒരുലക്ഷം രൂപയ്ക്കു പുറമെയാണിത്.

മാറ്റം/ അധികചുമതല

ലാന്റ് ബോര്‍ഡ് സെക്രട്ടറി ഡോ.എ കൗശിഗനെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മീഷണറായി മാറ്റിനിയമിക്കും. നിലവിലുള്ള ചുമതലകള്‍ക്കു പുറമെ ലാന്റ് ബോര്‍ഡ് സെക്രട്ടറിയുടെയും നാഷണല്‍ സൈക്ലോണ്‍ റിസ്‌ക് മിറ്റിഗേഷന്‍ പ്രൊജക്ടിന്റെ സ്റ്റേറ്റ് പ്രൊജക്ട് മാനേജരുടെയും അധിക ചുമതലകള്‍ കൂടി ഇദ്ദേഹം വഹിക്കും.

Next Story

RELATED STORIES

Share it