Kerala

കുടുംബസംഗമത്തില്‍ വിളമ്പിയ ഭക്ഷണം കഴിച്ച പെണ്‍കുട്ടി മരിച്ചു; നിരവധി പേര്‍ക്ക് വയറിളക്കം

കണ്ടശ്ശാംകടവ് വടക്കേത്തല തോട്ടുങ്ങല്‍ ജോളി ജോര്‍ജിന്റെ മകള്‍ ആന്‍സിയ(9)യാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്ന് സംശയമുണ്ട്. കണ്ടശ്ശാംകടവ് സെയ്ന്റ് മേരീസ് എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ആന്‍സിയ.

കുടുംബസംഗമത്തില്‍ വിളമ്പിയ ഭക്ഷണം കഴിച്ച പെണ്‍കുട്ടി മരിച്ചു; നിരവധി പേര്‍ക്ക് വയറിളക്കം
X

കാഞ്ഞാണി: കുടുംബസംഗമത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച പെണ്‍കുട്ടി വയറിളക്കവും ഛര്‍ദിയും ബാധിച്ച് മരിച്ചു. കണ്ടശ്ശാംകടവ് വടക്കേത്തല തോട്ടുങ്ങല്‍ ജോളി ജോര്‍ജിന്റെ മകള്‍ ആന്‍സിയ(9)യാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്ന് സംശയമുണ്ട്. കണ്ടശ്ശാംകടവ് സെയ്ന്റ് മേരീസ് എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ആന്‍സിയ.

ഞായറാഴ്ച നടന്ന തറവാട്ട് കുടുംബസംഗമത്തില്‍ ആന്‍സിയയും കുടുംബവും പങ്കെടുത്തിരുന്നു. സ്വകാര്യ കാറ്ററിങ് സ്ഥാപനത്തില്‍നിന്നാണ് ഭക്ഷണം എത്തിച്ചത്. ചോറും മീനും മാംസവും ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ച പലര്‍ക്കും വയറിളക്കവും വയറുവേദനയും ഉണ്ടായെങ്കിലും ആരും ആശുപത്രിയിലില്ല.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആന്‍സിയയ്ക്ക് വയറിളക്കമുണ്ടായത്. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഛര്‍ദിയും തുടങ്ങി. തുടര്‍ന്ന് 11 മണിയോടെ പുത്തന്‍പീടികയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അല്പം കഴിഞ്ഞപ്പോള്‍ മരിച്ചു. ആശുപത്രിയിലെത്തിക്കുമ്പോള്‍ അവശനിലയായിരുന്നുവെന്നാണ് അധികൃതര്‍ പറഞ്ഞത്. ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥതയുണ്ടായെന്ന് ബന്ധുക്കള്‍ അന്തിക്കാട് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പോലിസെത്തി മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് അന്തിക്കാട് എസ്എച്ച്ഒ അനീഷ് കരീം പറഞ്ഞു. ചൊവ്വാഴ്ച ആരോഗ്യവകുപ്പ് തെളിവെടുപ്പ് നടത്തും. ആന്‍സിയയുടെ അമ്മ: സെറിന്‍. സഹോദരി: ആസ്മി. സംസ്‌കാരം ചൊവ്വാഴ്ച കണ്ടശ്ശാംകടവ് സെയ്ന്റ് മേരീസ് ഫൊറോനപ്പള്ളി സെമിത്തേരിയില്‍.

Next Story

RELATED STORIES

Share it